My Musings: ഓർമകൾ, തൂമഞ്ഞുപോലെ....

My Musings: ഓർമകൾ, തൂമഞ്ഞുപോലെ....

ഓമന ജോൺ

രോ വ്യക്തിയുടെയും ജീവിതത്തിൽ അവന്റെ/അവളുടെ ബാല്യത്തിൽ, അവർ വളർന്നു വരുന്ന ചുറ്റുപാടുകൾക്ക്, അവരുടെ വ്യക്തിത്വവികസനത്തിൽ വളരെ വിലയേറിയ പങ്കുണ്ട്. എന്റെ ജീവിതത്തിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്റെ വല്യപ്പച്ചന്റെയും, വല്യമ്മച്ചിയുടെയും കൂടെ, എന്റെ ബാല്യത്തിൽ, കുറച്ചു കാലം കഴിയാൻ എനിക്കവസരം ലഭിച്ചു എന്നതാണ്.

കൊൽക്കത്തയിൽ നിന്നും ഞാനെത്തിയത് സുന്ദരമായ ആ മലയോര ഗ്രാമത്തിലായിരുന്നു.
പക്ഷെ, ആ ഗ്രാമത്തിലെ ജീവിതവുമായി ഞാൻ പെട്ടെന്ന് ഇണങ്ങിചേർന്നു.

വീട്ടിലെത്തിയതിന്റെ അടുത്ത ദിവസം രാവിലെ തന്നെ എനിക്കൊരു കൂട്ടുകാരി എത്തി. വീട്ടിൽ ജോലിക്കു വരുന്ന ഗൗരിയുടെ മകൾ. എന്റെ പ്രായമായിരുന്നു ഗൗരിയുടെ മകൾക്കും. അവളുടെ പേര് എന്റെ ഓർമ്മയിൽ ഇല്ലാ. പകൽ മുഴുവൻ അവൾ എന്നോടൊപ്പം ഉണ്ടായിരിക്കും. മാതാപിതാക്കളെ പിരിഞ്ഞതിന്റ വിഷമം ഞാൻ അറിയാതിരിക്കാനാണ് ഗൗരിയുടെ മകളെ വല്യപ്പച്ചൻ വരുത്തിയിരുന്നത്.

പറമ്പിൽ ഞങ്ങൾ ഓടി നടന്നു. കൊൽക്കത്തയിലെ ആർമി ക്വാർട്ടേഴ്സിലും, കൊച്ചു വീട്ടിലുമൊക്കെ ജീവിച്ച എനിക്ക് അതൊരു പുതിയ ലോകമായിരുന്നു. വളരെ വിശാലമായ ഒരു ലോകം. ഒരു ചിത്രശലഭമായി ഞാനവിടെ പറന്നുനടന്നു. കൂട്ടിന് ഗൗരിയുടെ മോളും.

വീട്ടിൽ പശുക്കളെയും, ആടുകളെയും, മുയലുകളെയും, കോഴികളെയും, പന്നികളെയുമൊക്കെ വളർത്തിയിരുന്നു. ധാരാളം പാമ്പുകളെയും ഞാൻ അവിടെ കണ്ടു. കയ്യാല പൊത്തുകളിൽ നിന്നും തല വെളിയിലേക്കിട്ട് അവരിൽ ചിലർ എന്നെ നോക്കി കണ്ണിറുക്കി. എന്നിട്ട് തല അകത്തോട്ടു വലിച്ചു. റബ്ബർ മരങ്ങളുടെ ഇടയിൽ, കൊഴിഞ്ഞു വീണു കിടന്ന റബ്ബറിന്റെ ഇലകൾക്കിടയിൽ, പാമ്പുകൾ പൊഴിച്ചിട്ട അവരുടെ തോലുകൾ ഞാൻ കണ്ടു. അയൽവക്കങ്ങളിൽ പോകുമ്പോൾ, പറമ്പിൽ കളിക്കുമ്പോൾ, എന്റെ മുന്നിലൂടെ പല നിറത്തിലും, പല തരത്തിലുമുള്ള ഉഗ്രൻ വിഷപ്പാമ്പുകൾ ഇഴഞ്ഞു പോയി. ഒത്തിരി പാമ്പുകളെ അപ്പച്ചൻ അടിച്ചു കൊല്ലുന്നതു ഞാൻ കണ്ടിട്ടുണ്ട്. അന്നെനിക്ക് ഭയം തോന്നിയില്ല.

പക്ഷെ, ഇന്നെനിക്ക് പാമ്പുകളെ അല്പം ഭയമാണ്. പക്ഷെ, അതിലേറെ ഭയം, മനസ്സു നിറയെ വിഷം നിറഞ്ഞ മനുഷ്യനെയാണ്. പാമ്പിൻ വിഷത്തേക്കാൾ കാഠിന്യമുണ്ട് മനുഷ്യന്റെ വിഷത്തിന്.

കൈസറും ടിപ്പുവും വീട്ടിലെ വളർത്തു നായ്ക്കൾ ആയിരുന്നു. ചില സമയങ്ങളിൽ ഞാനവരുടെ പുറത്തു കയറി മുറ്റത്തൂടെ സവാരി ചെയ്തു. ദേഷ്യം തോന്നാതെ, പ്രശ്നങ്ങൾ ഉണ്ടാക്കാതെ, അവരെന്നെ വഹിച്ചു. അവരുടെ പുറത്തിരിക്കുമ്പോൾ, സവാരി നടത്തുമ്പോൾ, ഒരു കുതിരപ്പുറത്തിരിക്കുന്ന പ്രതീതിയായിരുന്നു എനിക്ക്.

വീടിന്റെ താഴത്തെ ഈടിയിൽ (ആ പ്രദേശത്തൊക്കെ ഭൂമി തട്ടുകളായാണ്. നിരപ്പായ പ്രദേശം അല്ല) നിന്നിരുന്ന ഒരു വലിയ കാപ്പിച്ചെടിയുടെ (ചെടി എന്നു പറയാൻ പറ്റില്ല. ഒരു മരം എന്നു വേണമെങ്കിൽ പറയാം.) അതിന്റെ ബലമുള്ള കൊമ്പിൽ എന്റെ അപ്പച്ചൻ എനിക്കൊരു ഊഞ്ഞാൽ കെട്ടി. എനിക്ക് തോന്നിയപ്പോളൊക്കെ ഞാൻ അതിൽ ആടിത്തിമിർത്തു.

ഊഞ്ഞാലിലിരുന്നു പാട്ടുകൾ പാടി. താഴെയുള്ള റോഡിലൂടെ നടന്നുപോയവരുമായി കുശാലാന്വേഷണങ്ങൾ നടത്തി. ആളുകളുമായി സംസാരിക്കാൻ എനിക്കു വളരെ ഇഷ്ടമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ജീവിതം അടിപൊളി.

റബ്ബറും, കാപ്പിയും, മാവുകളും, പ്ലാവുകളും, കപ്പയും .... അങ്ങനെ ഒട്ടു മിക്ക വൃക്ഷലതാദികളും ഞങ്ങളുടെ പറമ്പിൽ നിറഞ്ഞു നിന്നു. ധാരാളം കശുമാവുകൾ ഞങ്ങളുടെ പറമ്പിൽ ഉണ്ടായിരുന്നു. ചുവപ്പും ഓറഞ്ചും നിറത്തിൽ കശുമാങ്ങകൾ തൂങ്ങി കിടന്നു. ചിലപ്പോൾ ഞാനവയിൽ ചിലതു പറിച്ചു തിന്നും. അതിന്റെ നീര് എനിക്കിഷ്ടമായിരുന്നു. അതിലേറെ ഞാൻ ഇഷ്ടപ്പെട്ടത്, കശുമാവിൻ പൂക്കളുടെ ഗന്ധമായിരുന്നു. അതെന്നെ മത്തുപിടിപ്പിച്ചു. ഇന്നും കശുമാവിന്റെ പൂക്കളുടെ മണം എനിക്കിഷ്ടമാണ്‌. കപ്പയുടെ ഇടയിൽ, അതിന്റെ കമ്പിൽ, പയർവള്ളികൾ പടർന്നു പുളഞ്ഞു കിടന്നു. മറ്റൊരു സ്ഥലത്ത് മുതിരകൾ വളർന്നു നിന്നു. പറമ്പിന്റെ ഏറ്റവും മുകൾ വശത്തായി ഒരു നെല്ലിമരം ഉണ്ടായിരുന്നു.

വീടിന്റെ മുറ്റത്തുള്ള മുല്ലയിൽ ധാരാളം പൂക്കൾ ദിവസവും വിരിഞ്ഞു. എന്നും രാവിലെ താഴെ വീണു കിടക്കുന്ന മുല്ലപ്പൂക്കൾ ശേഖരിച്ചു ഞാൻ രൂപക്കൂട്ടിൽ വെച്ചു. ചുവന്ന റോസും, ചെത്തിയും, നാലുമണി ചെടികളും മുറ്റത്തിന് കൂടുതൽ നിറമേകി.

അടുക്കള ഭാഗത്ത്‌ പല നിറത്തിലും എരിവിലുമുള്ള കാ‍ന്താരി ചെടികളും, പച്ചമുളകുകളും ഉണ്ടായിരുന്നു. അടുക്കളയോടു ചേർന്നു പാചകത്തിനും മറ്റുമായി മറ്റൊരു തുറന്ന ചായ്പ്പും ഉണ്ടായിരുന്നു. അതിനോടു ചേർന്ന് ഒരു ചിലുമ്പി പുളിയും.

വീടിന്റെ രണ്ടു ഈടികൾ താഴെയായി ഞങ്ങളുടെ പറമ്പിലൂടെ ഒരു ചെറിയ റോഡ് പോയിരുന്നു. അതായത്, ആളുകൾക്ക് നടക്കാനും, വണ്ടികൾ പോകാനും. അതിനടുത്തായിരുന്നു കിണർ. നല്ല തണുപ്പുള്ള, സ്ഫടികം പോലുള്ള ജലം കിണറ്റിൽ എന്നും നിറഞ്ഞു കിടന്നു. കിണറിനു അല്പം അകലെയായി ഒരു കൊച്ചു തോട് ഒഴുകിയിരുന്നു. വേനൽക്കാലത്ത് തോട് വരണ്ടു കിടന്നു. മഴക്കാലത്ത് നിറഞ്ഞും. ആ സമയത്ത് നല്ല തെളിനീർ വെള്ളം അതിലൂടെ ആർത്തലച്ചു ഒഴുകി.

ഞാൻ ഹാപ്പിയായിരുന്നു. എന്നും രാത്രി ഭക്ഷണം കഴിഞ്ഞ്, മുറ്റത്തൊരു ചാരുകസേരയിട്ട്, എന്നെ അതിന്റെ പിടിയിൽ ഇരുത്തി, എന്റെ അപ്പച്ചൻ എനിക്ക് കഥകൾ പറഞ്ഞുതന്നു. പാട്ടുകൾ പാടിത്തന്നു.


"നാട്ടിൻപുറം നന്മകളാൽ സമൃദ്ധം, " ആ ചൊല്ല് വളരെ ശരിയാണ്. മനസ്സിൽ ശുദ്ധതയുള്ള മനുഷ്യർ. അയൽക്കാർ എപ്പോഴും വീട്ടിൽ വന്നു. അവരുടെ ജീവിതകഥകൾ, സുഖങ്ങൾ, ദുഃഖങ്ങൾ, എല്ലാം എന്റെ അപ്പച്ചനും വല്യമ്മച്ചിയുമായി പങ്കു വെച്ചു. ആ കഥകളൊക്കെ കേട്ട് അവരുടെ നടുവിൽ ഞാനിരുന്നു. വീട്ടിലെ ജോലിക്കാർ അവരുടെ വീട്ടിലെ കാര്യങ്ങളൊക്കെ വന്നു പറയും. എല്ലാം കേൾക്കാൻ എനിക്ക് വളരെ കൗതുകമായിരുന്നു.

 അപ്പച്ചനോടു എനിക്ക് വളരെ അടുപ്പമായിരുന്നു. കൊച്ചുമക്കളിൽ എന്നോടായിരുന്നു സ്നേഹം കൂടുതൽ. അല്പം ഗൗരവക്കാരൻ. എന്നാൽ, ചില സമയങ്ങളിൽ നന്നായി ഫലിതവും പറയുമായിരുന്നു. ഒന്നിനോടും ഭയമുള്ള വ്യക്തിയായിരുന്നില്ല. നല്ല തന്റേടി.

അപ്പച്ചന്റെയും, വല്യമ്മച്ചിയുടെയും മുറിയിൽ എനിക്കൊരു കൊച്ചു കട്ടിലുണ്ടായിരുന്നു. രണ്ടുപേരും നന്നായി പ്രാർത്ഥിക്കുന്നവർ. വെളുപ്പിനെ അവരുടെ പ്രാർത്ഥനകൾ കേട്ടുകൊണ്ടാണ് ഞാൻ ഉണർന്നിരുന്നത്.

എല്ലാ ഞായറാഴ്ചകളിലും എന്റെ അപ്പച്ചന്റെ കയ്യിൽ പിടിച്ചാണ് ഞാൻ പള്ളിയിൽ പോയത്. അവിടെ നടക്കുന്ന പ്രാർത്ഥനകളിൽ അല്ലായിരുന്നു എന്റെ ശ്രദ്ധ. അൾത്താരയിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന പൂക്കളിൽ, അവിടെയുള്ള രൂപങ്ങളിൽ ഞാൻ നോക്കിയിരുന്നു.

ബന്ധുവീടുകളിൽ പോകുമ്പോൾ അപ്പച്ചനും വല്യമ്മച്ചിയും എന്നെയും കൂടെ കൊണ്ടുപോയി. അപ്പച്ചൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഒരു പൊതിക്കെട്ട് കയ്യിൽ കാണും. അതിൽ എനിക്കുള്ള പലഹാരങ്ങൾ ആയിരുന്നു.

എന്നെ നിലത്തെഴുത്തു പഠിപ്പിക്കാൻ ഒരു ആശാനെ അപ്പച്ചൻ ഏർപ്പാടാക്കി (ആ കാലത്ത് നഴ്സറി സ്കൂൾ ഇല്ലല്ലോ). വീടിന്റെ അക്കരെയുള്ള "ഇയ്യോ" ആശാൻ. സത്യത്തിൽ, ആ ആശാന്റെ മുഖം ഞാൻ ഓർക്കുന്നില്ല. നേരം പരപരാ വെളുക്കുന്നതിനു മുൻപ്‌ അങ്ങേർ എത്തും. ഞാനപ്പോൾ നല്ല ഉറക്കമായിരിക്കും. അതുകൊണ്ട്, 'ഇയ്യോ ആശാനെ' അപ്പച്ചൻ ദിവസങ്ങൾക്കുള്ളിൽ ഡിസ്മിസ് ചെയ്തു. എങ്കിലും, എന്നെ ആദ്യമായി അക്ഷരങ്ങൾ പഠിപ്പിക്കാനെത്തിയ ഗുരുവെന്ന നിലയിൽ "ഇയ്യോ" ആശാന്റെ പേരും എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിക്കുന്നു.

പിന്നീടാണ് കുഞ്ഞൂട്ടനാശാൻ എന്റെ ഗുരുവായി നിയമിതനാകുന്നത്. വെളുത്തു, മെലിഞ്ഞ, ഒരു കൊച്ചു മനുഷ്യൻ. വെറ്റില മുറുക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ഇന്ന് ഞാൻ മലയാളത്തിൽ എന്തെങ്കിലുമൊക്കെ എഴുതുന്നുണ്ടെങ്കിൽ...അതിന് കാരണക്കാരൻ, കുഞ്ഞൂട്ടനാശാനാണ്.

കുടുംബബന്ധങ്ങൾ എനിക്ക് വലുതാണ്. എന്നും എല്ലാവരും, കൂടെ കാണില്ല. സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കണം. കരുതേണ്ട സമയത്ത് കരുതണം. സന്തോഷിക്കേണ്ട സമയത്ത് സന്തോഷിക്കണം. ഒത്തൊരുമ വേണം. പരസ്പരം താങ്ങാവണം. കണ്ണുനീർ തൂകാൻ അവസരം ഉണ്ടാക്കരുത്.

ഇന്നത്തെ പുതിയ തലമുറയിൽ എത്ര പേർക്ക് അവരുടെ മുത്തച്ഛന്റെ/മുത്തശ്ശിയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്? എത്ര പേർ വാർദ്ധക്യത്തിൽ എത്തിയ ആ മാതാപിതാക്കളോട് ബഹുമാനവും, സ്നേഹവും, നന്ദിയും കാണിക്കുന്നുണ്ട്?

കുറച്ചു വർഷങ്ങൾക്കു മുൻപ്‌ ഞാൻ നാട്ടിൽ ഉള്ളപ്പോൾ, അയൽവക്കത്തെ പ്രായമായ ഒരു അങ്കിൾ വീട്ടിൽ വന്നു. അങ്കിളിന്റെ മക്കളൊക്കെ വിദേശത്താണ്. ഒറ്റക്കാണ് താമസം. വൈകുന്നേരം നടക്കാൻ ഇറങ്ങുമ്പോൾ, ഞങ്ങളുടെ വീടിന്റെ മുന്നിൽ എത്തുമ്പോൾ, ചിലപ്പോൾ വീട്ടിൽ കയറും. എന്റെ അപ്പനുമായി കുറച്ചു നേരം സംസാരിക്കും. ആ പതിവനുസരിച്ചു വന്നതാണ്. ഞങ്ങൾ അങ്കിളുമായി സംസാരിച്ചിരിക്കുമ്പോൾ, അങ്കിളിനെ തിരക്കി സായിപ്പിന്റെ നാട്ടിൽ ജീവിക്കുന്ന, അവധിക്കാലം നാട്ടിൽ ചിലവഴിക്കാനെത്തിയ കൊച്ചുമകൻ ഞങ്ങളുടെ വീട്ടിലെത്തി. " ദാറ്റ്‌ ഓൾഡ് മാൻ ഹിയർ? വാതിൽ തുറന്ന എന്നോട് അവനൊരു ചോദ്യം. ഞാൻ ഞെട്ടിപ്പോയി. എനിക്കവനോടല്ല ദേഷ്യം തോന്നിയത്. "വളർത്തു ദോഷം" ഞാൻ മനസ്സിൽ പറഞ്ഞു.

ബാല്യത്തിൽ മക്കൾക്ക്‌ നല്ലതു പറഞ്ഞു കൊടുത്തു വളർത്തണം. മുതിർന്നവരെ (ബന്ധുക്കളായാലും, അന്യരായാലും, ജോലിക്കാരായാലും) ബഹുമാനിക്കാൻ അവരെ ശീലിപ്പിക്കണം. ഇല്ലെങ്കിൽ, ഭാവിയിൽ മാതാപിതാക്കൾ ദുഃഖിക്കേണ്ടി വരും.


annalamannil.com