വളരുന്ന അക്ഷരം: കവിത, ഷീല  ജഗധരൻ

വളരുന്ന അക്ഷരം: കവിത, ഷീല  ജഗധരൻ

നിന്റെ നാവിലൂടെ

എന്റെ അക്ഷരം വളർന്നപ്പോൾ

തളിർത്തൂ , ഹൃദയം,

പൂക്കളായി വാക്കുകൾ,

പൂവു നിറയെ മധുവും

മധുവുണ്ടു നിറയുവാൻ

കരിവണ്ടുകളും.

 

മലരിതൾ ചിക്കിയെടുത്ത

വാക്കിലെ പരാഗം

നാളെയുടെ ഫലങ്ങളായി.

 

വാക്കുകൾ കൊരുത്ത്

ഏദൻ തീർത്തപ്പോൾ

ആദവും ഹവ്വയുമായി ;

നീയും ഞാനും .

നമ്മുടെ സമാഗമത്തിൽ

ജീവൻ തുടിപ്പത്

ദൈവമറിഞ്ഞു.

സ്വർഗ നിരാസത്തിനതു

പാതയൊരുക്കി.

 

ഇന്ദ്ര ലോകം നഷ്ടമായ പ്പൊഴും

നീയാം കനിയെ

ചേർത്തുപിടിച്ചു; അന്നു മിന്നും .

എങ്കിലും, സ്നേഹ ശൂന്യൻ !

പഴിയെനിക്കു ബാക്കിയായി..

മറ്റാരുണ്ടു നിന്നെ സ്നേഹിച്ചു 

വാനോളമുയർത്തുവാൻ ?

ആണും പെണ്ണും

ഒന്നാകുമ്പോഴല്ലയൊ

പുഷ്പിണിയാകുന്നു

ധരാതലമാകെയും. ?

 

ഷീല ജഗധരൻ