'പോറ്റിയേ കേറ്റിയേ': പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍; കേസില്ല

Dec 19, 2025 - 10:53
 0  3
'പോറ്റിയേ കേറ്റിയേ': പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍; കേസില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശബരിമല സ്വര്‍ണക്കൊള്ള പശ്ചാത്തലമാക്കി പുറത്തിറക്കിയ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ കേസെടുക്കാനുള്ള നിലപാടില്‍ യു ടേണ്‍ അടിച്ച് സംസ്ഥാന സര്‍ക്കാര്‍. പാരഡി ഗാനത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസുമായി മുന്നോട്ടു പോകേണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. പാട്ടുമായി ബന്ധപ്പെട്ട് തുടർനടപടികൾ വേണ്ടെന്നാണ് പുതിയ തീരുമാനം.

പാരഡി ഗാനത്തിൻ്റെ പേരിൽ ഇനി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സർക്കാർ നിർദ്ദേശം നൽകി. ഇക്കാര്യം വ്യക്തമാക്കി എഡിജിപി എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം കൈമാറിയിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ കൂടുതല്‍ അന്വേഷണം വേണ്ടെന്ന സമീപനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

കേസ് കോടതിയില്‍ എത്തിയാല്‍ സര്‍ക്കാരിന് നിയമപരമായ തിരിച്ചടി കൂടി നേരിടുമെന്ന് വിദഗ്‌ധാഭിപ്രായം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തിരുമാനം. കൂടാതെ, ആവിഷ്കാര സ്വാതന്ത്ര്യം സംബന്ധിച്ച് ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നീക്കം നടന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഈ ഗാനം നീക്കം ചെയ്യാനുള്ള നീക്കവും സർക്കാർ ഉപേക്ഷിച്ചു. പാട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ, മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) തുടങ്ങിയ കമ്പനികൾക്ക് കത്തയക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.