ഓർമ്മകളിലെ ഉമ്മൻചാണ്ടി : സൂസൻ പാലാത്ര

ഓർമ്മകളിലെ ഉമ്മൻചാണ്ടി :  സൂസൻ പാലാത്ര



സാധാരണക്കാരിൽ സാധാരണനായി ജീവിച്ച് സാധാരണക്കാരനെപ്പോലെ സംസ്കാരം ആഗ്രഹിച്ച് സംസ്ഥാന ബഹുമതികളോടെയുള്ള കബറടക്കം വേണ്ടെന്ന് തീരുമാനിച്ച ഉമ്മൻചാണ്ടി സാറിനെക്കുറിച്ച് സാധാരണക്കാരിയായ എനിക്കും ഓർമ്മിയ്ക്കാൻ ഏറെയുണ്ട്.


ഉമ്മൻചാണ്ടി ആദ്യം ഇലക്ഷനു നിന്നപ്പോൾ ഞാനും സഹോദരങ്ങളും കുട്ടികളായിരുന്നു. മൂത്ത സഹോദരൻ ഉമ്മൻചാണ്ടിയെക്കുറിച്ച് വായ് തോരാതെ സംസാരിച്ചു. വോട്ടു പിടിച്ചു.
എന്റെ കുഞ്ഞു സോദരൻ തീരെ കുട്ടിയാണ്. അവൻ ഒരു പഴന്തുണി കമ്പിൽ ചുറ്റിയിട്ട് 'ജാഥ' കളിക്കുകയാണ്. മുദ്രാവാക്യം ഇങ്ങനെ പോകുന്നു , " ഉമ്മൻചാണ്ടീ നേതാവേ ഞങ്ങടെ ഓമന നേതാവേ, നിന്നെപ്പിന്നെക്കണ്ടോളാം " . ആ നർമ്മം അന്ന് യുവായിരുന്ന ഉമ്മൻ ചാണ്ടിയ്ക്കും നന്നേ ബോധിച്ചതായി കേട്ടറിഞ്ഞു.


തിരഞ്ഞെടുപ്പിൽ ജയിച്ച ഉമ്മൻ ചാണ്ടി ഒരു ലോറിയിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നടുവിൽ കൈവീശിക്കാണിച്ചു കൊണ്ട് സ്വീകരണങ്ങൾ ഏറ്റുവാങ്ങിപ്പോകുന്നത് കല്ലേച്ചിത്രം പോലെ മനോമുകരത്തിലുണ്ട്. കെ.കെ. റോഡ് സൈഡിലുള്ളഞങ്ങളുടെ വീട്ടുപടിയ്ക്കൽ ലോറി ഒരു സെക്കന്റ് നിർത്തിയിട്ടു ഞങ്ങളെ മാറിമാറി കൈവീശിക്കാണിച്ച് പുഞ്ചിരിച്ച് സന്തോഷം പങ്കിട്ട്, എന്റെ അപ്പനും അമ്മയ്ക്കും ഞങ്ങൾ കുട്ടികൾക്കും അങ്ങനെ ആനന്ദക്കാഴ്ച നല്കി.
മേലോട്ടുനോക്കിയാൽ സ്വർഗ്ഗവും താഴോട്ടു നോക്കിയാൽ നരകവുമായി കഴിഞ്ഞിരുന്ന എനിക്ക് ആദ്യമായി കിട്ടിയ തൊഴിലില്ലായ്മവേതനം അതെത്ര ഉപകാരപ്രദമായെന്നോ, അന്നത്തെ തൊഴിൽമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നല്കിയ ആ അനുഗ്രഹം.
പിന്നെ കുറെക്കാലം കഴിഞ്ഞപ്പോൾ എന്റെ ഒരു കസിൻ പാമ്പാടി വട്ടയ്ക്കാവയലിലെ തമ്പിക്കുഞ്ഞ് ഉമ്മൻചാണ്ടിസാറിന്റെ ഒരു കസിൻ ഉഷയെ കല്യാണം കഴിച്ചു. ഉഷയാന്റി ഉമ്മൻചാണ്ടിയുടെ അച്ഛന്റെ സഹോദരീ പുത്രിയാണ്. ഉഷയാന്റി പ്രസവിച്ചുകിടക്കുമ്പോൾ എന്റെ അമ്മ എന്നെയും കൂട്ടി പുതുപ്പള്ളി പള്ളിയിൽ പോയിട്ട്, അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകന്റെ ഭാര്യയായ ഉഷയെയും കുഞ്ഞിനെയും കാണാൻ കൊണ്ടുപോയി. വർത്തമാനത്തിനിടയിൽ ഉഷയാന്റിയുടെ അമ്മ എന്റെ പഠന കാര്യങ്ങളെക്കുറിച്ച് ചോദിച്ചു.


അന്ന് ഗാന്ധിജി യൂണിവേഴ്സിറ്റി കോട്ടയത്ത് സ്ഥാപിതമായ സമയമാണ്, പിന്നീടാണ് മഹാത്മഗാന്ധി യൂണിവേഴ്സിറ്റി എന്ന് പേരായത്. ഗാന്ധിജിയൂണിവേഴ്സിറ്റിയിലേയ്ക്ക് ടൈപ്പിസ്റ്റ് - ക്ലാർക്ക് നിയമനം നടക്കുന്നു. കേരളം ഒട്ടാകെ നിരവധി പേർ പങ്കെടുത്ത പ്രാക്ടിക്കൽ പരീക്ഷയിൽ കോട്ടയത്തുനിന്ന് നാലുപേരാണ് ജയിച്ച് ലിസ്റ്റിൽ വന്നിട്ടുള്ളത്. ഞാനന്ന് പാമ്പാടി മാസ്റ്റർ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പലായി ജോലി ചെയ്യുന്നു. ജോബ് വർക്ക്സ് (അങ്ങനെയാ പറയുന്നത്) ചെയ്ത് ചെയ്ത് ടൈപ്പിംഗിൽ നല്ല ഹൈ സ്പീഡാണ്, എനിക്ക്. ടെസ്റ്റ് ഞാനും ജയിച്ചു, ഷോർട്ട് ലിസ്റ്റിലുമുണ്ട്. പക്ഷേ ഇന്റർവ്യൂ കൂടിയുണ്ട്.


പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയ്ക്കൊക്കെ ഒരു സ്കൂൾ ഉണ്ട്. ആ സ്കൂളിലെ പ്രധാന അധ്യാപികയാണ് ഉഷ ആന്റിയുടെ അമ്മ എന്നാണ് എന്റെ ഓർമ്മ. എന്തായാലും അധ്യാപികയാണ്.
അമ്മയിൽനിന്ന് എന്റെ ഇന്റർവ്യൂ കാര്യം അറിഞ്ഞപ്പോൾ , ഉഷ ആന്റിയുടെ അമ്മ ഉമ്മൻ ചാണ്ടിയുടെ വീട്ടിലേയ്ക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, ഉമ്മൻചാണ്ടിയുടെ അമ്മയെ പരിചയപ്പെടുത്തി. ഞായറാഴ്ചകളിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളി വീട്ടിൽ പതിവായി എത്തുന്നതാണ്. നിർഭാഗ്യവശാൽ അന്നു താമസിച്ചുപോയി, അല്പം കൂടി ക്ഷമിച്ചാൽ കാണാം എന്നാകിലും ഒരു പേപ്പറും പേനയും ഉമ്മൻചാണ്ടിയുടെ വീട്ടിൽനിന്നു തന്നെ സംഘടിപ്പിച്ച് എന്റെ പേരുവിവരങ്ങൾ എഴുതി സാറിന്റെ അമ്മയെ ഏല്പിച്ചിട്ട് ഞങ്ങൾ മടങ്ങിപ്പോന്നു.
ഉമ്മൻചാണ്ടിയെ എന്തത്യാവശ്യത്തിനും എല്ലാവരും ആശ്രയിക്കുന്നതിനാൽ അദ്ദേഹം ഏഴുപേർക്കുവേണ്ടി ശുപാർശ ചെയ്തു. ആ ഏഴു പേരിൽ ആദ്യത്തെ ആൾ ഞാനായിരുന്നു എന്നും പിന്നീട് അറിഞ്ഞു. ഭാഗ്യത്തിന്റെ ലാഞ്ചനപോലും ഇല്ലാതിരുന്ന ഞാൻ റാങ്കിൽ പിന്നിലായിപ്പോയി, ആ ജോലി കിട്ടിയില്ല.
എനിക്ക് കിട്ടിയിട്ടുള്ള നന്മകൾ ഒക്കെയും എന്റെ ദൈവംതമ്പുരാൻ നേരിട്ട് എനിക്ക് 'നൂലിൽകെട്ടിയിറക്കി ' തന്നിട്ടുള്ളതാണ്. അതിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ ദൈവത്തിനാണ്. അതിനാൽ കിട്ടുന്ന സമയം മുഴുവനും ഞാൻ ദൈവത്തെ സ്തുതിക്കുന്നു.


ഇന്റർവ്യൂ ഒന്നും ഇല്ലാത്ത ഒരു പി. എസ്. സി .പരീക്ഷ നന്നായി എഴുതി പിന്നീട് ഞാൻ സർക്കാർ ജോലിയിൽ കയറി. 32 അപേക്ഷ അയച്ചു. പതിനാറോളം ടെസ്റ്റുകൾ എഴുതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു വന്നപ്പോൾ പലതിലും മുൻ റാങ്കുകൾ ലഭിച്ചു എങ്കിലും ഏകദേശം പത്തുവർഷത്തിലധികം ജോലിയ്ക്കുവേണ്ടി കാത്തിരിക്കേണ്ടി വന്നു.
ജോലി കിട്ടിക്കഴിഞ്ഞാണ് കൂടുതൽ രസം - കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമായപ്പോഴാണ് എന്റെ ജോലി സ്വപ്നം പൂവണിയുന്നത്.
കുഞ്ഞിന് ശ്വാസംമുട്ടൽ, നോക്കാൻ ആളില്ലായ്ക. ഒരുപാട് കുടുംബഭാരങ്ങളുള്ള എന്റെ പാവം അമ്മയാണ് മോളെ നോക്കുന്നത്. ഒരു ട്രാൻസ്ഫർ അത്യാവശ്യമാണ്. പലരും പറഞ്ഞു, ഉമ്മൻചാണ്ടിയെക്കൊണ്ടു നടക്കുമെന്ന് . അങ്ങനെ എന്റെ ഭർത്താവ് ഒരു കോൺഗ്രസ്സ് പ്രവർത്തകനായ സുഹൃത്ത് മുഖേന അദ്ദേഹത്തിന് ഒരു അപേക്ഷ കൊടുത്തു, ട്രാൻസ്ഫർ അപേക്ഷയുടെ പകർപ്പും ഒപ്പമുണ്ട്. ഒരുമാസത്തിനുള്ളിൽ തൊടുപുഴ സിവിൽക്കോടതിയിലേക്ക് ഒരു കാർഡിൽ മറുപടി വന്നു. മുഖ്യമന്ത്രിയ്ക്ക് അപേക്ഷ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് , മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടണമെന്ന്. അന്ന് കെ. കരുണാകരനാണ് മുഖ്യമന്ത്രി . ഞാൻ പിന്നീട് ആ വഴി പോയില്ല. മാണിസാർ നിയമമന്ത്രി ആയിരുന്നതിനാൽ ആ വഴിയും നോക്കിയതാണ്, അപ്പോഴും ഒരു കാർഡ് കിട്ടി. മുഖ്യമന്ത്രിയ്ക്ക് അയച്ചിട്ടുണ്ട് , മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ . കാരണം ഞാൻ ജോലി ചെയ്യുന്നത് ജ്യൂഡിഷ്യൽ ഡിപ്പാർട്ടുമെന്റിലാണ്. അതിനാൽ ഉമ്മൻചാണ്ടി സാറിനോ മാണിസാറിനോ ഒന്നും ഒന്നും ചെയ്യാൻ കഴിയില്ല ,
പിന്നീട് ആറേഴുവർഷം കഴിഞ്ഞ് അന്നത്തെ എന്റെ മേലധികാരിയായിരുന്ന ലക്ഷ്മിക്കുട്ടി ജഡ്ജിന്റെ കാരുണ്യത്താൽ കോട്ടയത്തേക്ക് ട്രാൻസ്ഫർ ലഭിച്ചു. ലക്ഷ്മിക്കുട്ടി ജഡ്ജി പില്ക്കാലത്ത് ഹൈക്കോടതി ജസ്റ്റീസായി ,


പിന്നീട് കോട്ടയം വന്നു കഴിഞ്ഞ് കോട്ടയത്തുനിന്ന് കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ തുടങ്ങിയിടങ്ങളിലായിരുന്നു ഞാൻ കൂടുതലും ജോലി ചെയ്തത്. തിരുവഞ്ചൂർ നിന്ന് കോട്ടയം പോയി ജോലി ചെയ്താൽ എന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ള കാര്യങ്ങൾ, എന്റെ ആരോഗ്യം, സാമ്പത്തികം എല്ലാം മെച്ചപ്പെടും. വണ്ടിക്കൂലിക്കാശുകൊണ്ട് വീട്ടാവശ്യങ്ങൾ കുറെ നടത്താം. എന്റെ അനുജന്മാരായ രണ്ടുപേർ വിചാരിച്ചാൽ ഉമ്മൻ ചാണ്ടിയെക്കൊണ്ട് കോട്ടയത്തേക്കുള്ള എന്റെ ട്രാൻസ്ഫർ നടക്കും, അത്തരത്തിൽ ഒരു ശ്രമം നടത്തി. അമ്പേ പരാജയം, കാരണം ഉമ്മൻചാണ്ടി, ജഡ്ജസ് അല്ലെങ്കിൽ സി. ജെ. എം. നോട് നേരിട്ട് പറയില്ല, അവർ നടത്തി കൊടുത്തില്ലെങ്കിൽ അത് അദ്ദേഹത്തിന് സങ്കടകരമാണ്. അദ്ദേഹവുമായി അടുപ്പമുള്ള ചില വക്കീലന്മാരെക്കൊണ്ട് ശ്രമിപ്പിയ്ക്കാമത്രെ.
ഞാൻ നേരത്തെ പറഞ്ഞുവല്ലോ എനിക്ക് എന്തെങ്കിലും നന്മകൾ നല്കിയത് സാക്ഷാൽ ഉടയതമ്പുരാണെന്ന് .
എന്നാലും ഉമ്മൻചാണ്ടി സാറിന്റെ നന്മകൾ ഞാൻ വാഴ്ത്തിപ്പാടും. നിഷ്കളങ്കനായ ആ മാന്യദേഹത്തിന് ഏല്പിയ്ക്കപ്പെട്ട മാനഹാനിയിൽ ഞാനേറെ മനംനൊന്ത് കരഞ്ഞിട്ടുണ്ട്. എനിക്ക് നേരിട്ടറിയാവുന്ന എത്രയധികം സാധുക്കളെ കടബാദ്ധ്യതയിൽനിന്നും, ദാരിദ്ര്യത്തിൽനിന്നും, ചികിത്സാ സഹായങ്ങൾ നല്കി മരണവക്‌ത്രത്തിൽനിന്നും രക്ഷിച്ചിട്ടുണ്ട്.

കോട്ടയത്ത് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ സാധുജനത്തെ സഹായിയ്ക്കാൻ അദ്ദഹം ഭക്ഷണംപോലും കഴിയ്ക്കാതെ തളർന്നു വലഞ്ഞ്, അവസാനത്തെ ആളിന്റെ പരാതിയിൽപോലും തീർപ്പു കല്പിച്ചതായി അക്കാലത്ത് കോട്ടയത്ത് ജോലി ചെയ്തിരുന്ന ഞാൻ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്.

" ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തത് എനിക്കാണ് ചെയ്തത് എന്ന് കർത്താവായ യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. ഉമ്മൻചാണ്ടിസർ ഒരു ക്രിസ്തു ഭക്തനായിരുന്നു. കഷ്ടത നിറഞ്ഞ ഈ ഹ്രസ്വകാല ജീവിതത്തിൽ ഒരു പാട് പുണ്യ പ്രവർത്തികൾ അദ്ദേഹം ചെയ്തു കൂട്ടിയിട്ടുണ്ട്. സാധുക്കളെ മുഖാമുഖം കണ്ട് അവരുടെ സങ്കടങ്ങൾ കേട്ട് അവയെല്ലാം പരിഹരിച്ചു കൊടുക്കാൻ ഒരു മഹാത്മാവിനെ കഴിയൂ. ഉമ്മൻ ചാണ്ടിസാറും ഒരു മഹാത്മാവു തന്നെ. ഗാന്ധിജി കഴിഞ്ഞാൽ ഭാരതം കണ്ടിട്ടുള്ള ഒരു മഹാത്മാവായി ഞാൻ അദ്ദേഹത്തെ കരുതുന്നു. ഇനി അദ്ദേഹം കർത്താവായ യേശുക്രിസ്തുവിനെ മുഖാമുഖം കണ്ട് സ്വർഗ്ഗത്തിൽ സന്തോഷിയ്ക്കട്ടെ, ഭൂമിയിൽ കിട്ടാഞ്ഞ വിശ്രമം സ്വർഗ്ഗത്തിൽ അദ്ദേഹത്തിന് ലഭിയ്ക്കട്ടെ. അനുഭവയോഗം ഇല്ലാത്തതിനാൽ അദ്ദേഹത്തിൽ നിന്ന് എനിക്ക് സ്പെഷ്യൽ ഗുണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും, മുഖദാവിൽക്കണ്ട് സംസാരിച്ചിട്ടില്ലെന്നും മാത്രം.
എങ്കിലും ഞാൻ പറയും ഈ യുഗത്തിലെ മഹാബലിയും അദ്ദേഹം തന്നെ. മഹാബലിയോട് ദേവന്മാർക്കുപോലും അസൂയയായിരുന്നല്ലോ.

വാൽക്കഷണം

വി , ബൈബിൾ മത്തായി 25: 31- 46 ഇവിടെ സ്മർത്തവ്യമാണ്.
മനുഷ്യപുത്രന്‍ എല്ലാദൂതന്മാരോടും കൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്‍റെ മുന്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കൊലാടുകളില്‍ നിന്ന് വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്‍റെ വലതു വശത്തും കൊലാടുകളെ തന്‍റെ ഇടതുവശത്തും നിർത്തും. അനന്തരം രാജാവ് തന്‍റെ വലതു ഭാഗത്തുള്ളവരോട് അരുളിച്ചയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്ക പെട്ടവരെ വരുവിന്‍, ലോക സ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍ എനിക്ക് വിശന്നു, നിങ്ങള്‍ എനിക്ക് ഭക്ഷിക്കാന്‍ തന്നു. എനിക്ക് ദാഹിച്ചു, നിങ്ങള്‍ എനിക്ക് കുടിക്കാന്‍ തന്നു. ഞാന്‍ പരദേശി ആയിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗി ആയിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹതിലായിരുന്നു, നിങ്ങള്‍ എന്‍റെ അടുത്തുവന്നു. അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായി കണ്ടു ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായി കണ്ടു കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശി ആയികണ്ട് സ്വീകരിച്ചതും നഗ്നനായി കണ്ടു ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍? രാജാവ് മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തു കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തു തന്നത്.
അനന്തരം, അവന്‍ തന്‍റെ ഇടതു ഭാഗത്തുള്ളവരോട് പറയും: ശപിക്കപ്പെട്ടവരെ നിങ്ങള്‍ എന്നില്‍ നിന്നകന്നു, പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിന്‍. എനിക്ക് വിശന്നു, നിങ്ങള്‍ ആഹാരം തന്നില്ല. എനിക്ക് ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല. ഞാന്‍ പരദേശി ആയിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല.അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ രോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്ക് ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍? അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഈ ഏറ്റം എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇത് ചയ്യാതിരുന്നപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്യാതിരുന്നത്. ഇവര്‍ നിത്യ ശിക്ഷയിലേക്കും നീതിമാന്മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും.

സൂസൻ പാലാത്ര