ഹൃദയങ്ങൾ സ്വന്തമാക്കിയ ജന നായകൻ

ഹൃദയങ്ങൾ സ്വന്തമാക്കിയ ജന നായകൻ

രു രാഷ്ട്രീയ തന്ത്രജ്ഞന്റെ ചാതുരിയും സാമർഥ്യവും ചേരുന്ന പ്രവർത്തന ശൈലി തുടരുമ്പോഴും ഹൃദയങ്ങളേറെ സ്വന്തമാക്കിയ ജന നായകനായിരുന്നു ഉമ്മൻ ചാണ്ടി-പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് . ഉമ്മൻ ചാണ്ടിയുടെ വേർപാടോടെ മൂല്യബോധമുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഒരു പേര് കൂടി നഷ്ടമാവുകയാണ്. 

ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. 'ജനങ്ങളാണ് എന്റെ പുസ്തകം, അവരിലൂടെയാണ് ഞാന്‍ ലോകത്തെ അറിയുന്നതെന്ന് ' അദ്ദേഹം  പറഞ്ഞു . ജനക്കൂട്ടത്തില്‍ ശ്വാസംമുട്ടുന്ന രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തെ ജനകീയനാക്കിയത് .  രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏത് നേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. 

അധികാരത്തിന്റെ ഇടനാഴികളിലല്ല ജന മനസുകളിലാണ് ഇടം പിടിക്കേണ്ടതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ അദ്ദേഹത്തെ യാത്രയാക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടം.  

മനുഷ്യരുടെ ദുഖങ്ങളിൽ  താങ്ങാവുക എന്ന  ലളിതമായ  പ്രത്യയശാസ്ത്രമായിരുന്നു ഉമ്മന്‍ചാണ്ടി ജീവിതത്തിലുടനീളം പുലർത്തിയത് . അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും മറ്റുള്ളവരോടുള്ള  കരുതല്‍ ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ മുഖമുദ്ര.

രാഷ്ട്രീയ വിവാദങ്ങളുടെയും വ്യാജ ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ പിടിച്ചു  നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.  സഹായം തേടിയെത്തുന്നവരെ ആര്‍ദ്രമായി തലോടിയും സ്നേഹപൂര്‍വം ചേര്‍ത്തുപിടിച്ചും ജനങ്ങള്‍ക്കിടയിൽ ഒരാളായി   നടത്തിയ   സമ്പര്‍ക്കയാത്രകൾ  എത്രയോ വിജയമായിരുന്നു എന്നതിന്റെ തെളിവാണ് വിയോഗ വാര്‍ത്തയറിഞ്ഞ്  ഒരുപിടി പൂക്കളും ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല എന്ന്  നെഞ്ച് പൊട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങളുമായി രാത്രി പകലാക്കി 
 കടലുപോലെ റോഡ് നിറഞ്ഞെത്തുന്ന ജനക്കൂട്ടം. അവസാനയാത്രയിലും ജനക്കൂട്ടം അദ്ദേഹത്തെ സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു. തിരുവനന്തപുരം മുതൽ കോട്ടയം തിരുനക്കര വരെ വിലാപയാത്ര  എത്താൻ 28 മണിക്കൂർ വേണ്ടി വന്നു എന്നത് മാത്രം മതി ആ നേതാവിനെ ജനം ഏത്ര  മാത്രം സ്നേഹിച്ചു  എന്ന് വ്യക്തമാകാൻ . റോഡിലെങ്ങും ആൾ കടൽ തീർത്ത് ജനം തങ്ങളുടെ പ്രിയനേതാവിന് വിടയേകി .

 അനാവശ്യ വലിച്ചുനീട്ടലുകളും ഉദ്യോഗസ്ഥ ചുവപ്പ് നാടകളും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന കരുതൽ  ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു. ഏറ്റവും ദുര്‍ബലനായ മനുഷ്യന് ഉപകരിക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യം എന്ന വാക്കിന് വിലയുണ്ടാകുന്നതെന്ന്  അദ്ദേഹം വിശ്വസിച്ചു.   

2004ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷമാണ്  ജനസമ്പർക്കം എന്ന  പരാതി പരിഹരണ മാർഗ്ഗം ഉമ്മൻ ചാണ്ടി തുടങ്ങിവച്ചത്  .ഓരോ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി രാഷ്ട്രീയ ഭേദമെന്യെ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാർഗ്ഗം ഉണ്ടാക്കുവാൻ   പരിശ്രമിച്ചു. മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി  വിജയകരമായി നടപ്പിലാക്കി.  

കോട്ടയത്തെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ തുടർച്ചയായ പതിനൊന്നു വിജയങ്ങൾ നേടിയ ഉമ്മൻചാണ്ടി നിയമസഭാ പ്രവർത്തനത്തിൽ അരനൂറ്റാണ്ടിലേറെ പൂർത്തിയാക്കിയ നേതാവാണ്. 27- ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി, 1970-ൽ. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന കോട്ടയം നഗരത്തോട് ചേർന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെ  പരാജയപ്പെടുത്തി . പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ അജയ്യനായി തുടർന്നു. 

എന്നും നായകസ്ഥാനത്തായിരുന്ന ഉമ്മൻചാണ്ടി പക്ഷെ സോളാർ വിവാദത്തിൽ ഉലഞ്ഞു . ഒരു മന്ത്രിസഭ ഒന്നടങ്കം പ്രതിരോധത്തിലായ അന്ന് സോളാർ കമ്മീഷന് മുന്നിൽ 14 മണിക്കൂർ മൊഴി നൽകുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും കേരളം കണ്ടു.  എന്നാലും  വ്യക്ത്യധിക്ഷേപങ്ങൾ പോലും സൗമ്യമായി നേരിട്ട അദ്ദേഹത്തിന്റെ ശൈലി ഏറെ ആദരണീയമെന്നേ പറയേണ്ടൂ.
ആരോപണങ്ങൾക്കെതിരെ പോലും അസഹിഷ്ണുതയല്ല അദ്ദേഹം പ്രകടിപ്പിച്ചത് , എല്ലാറ്റിനെയും നിറപുഞ്ചിരിയോടെ സമ  ചിത്തതയോടെ അദ്ദേഹം നേരിട്ടു . ഇന്ന് പല  നേതാക്കളും പിന്തുടരുന്ന ശൈലിയിൽ  നിന്ന് വേറിട്ട രീതി , അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യവും. 

വ്യക്തിപരമായ വിമര്‍ശന്ങ്ങൾ ഉയർത്തുന്ന  രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും തന്റെ സഹായം അഭ്യര്‍ത്ഥിച്ചെത്തുമ്പോള്‍ അവരുടെ കാര്യങ്ങൾ സാധിച്ചു കൊടുക്കാൻ  അദ്ദേഹം ഒരു മടിയും കാണിച്ചില്ല.

ജന നന്മയിലൂന്നിയ രാഷ്ട്രീയ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റെ രീതി. 

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. മുത്തച്ഛൻ വി.ജെ.ഉമ്മൻ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. 

 മാന്യമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അനുകരണീയ മാതൃക ശേഷിപ്പിച്ചാണ് ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ അതികായൻ വിടവാങ്ങുന്നത്. ജനങ്ങളായിരുന്നു അദ്ദേഹത്തിന് എല്ലാം. അതുകൊണ്ടു തന്നെ എക്കാലവും പ്രിയനേതാവ് ജനമനസുകളിൽ ജീവിക്കും.