ഭാരതാംബയേ..കേഴുക നീ.. (ലേഖനം): എം.തങ്കച്ചൻ ജോസഫ്

ഭാരതാംബയേ..കേഴുക നീ..  (ലേഖനം): എം.തങ്കച്ചൻ ജോസഫ്
ന്താണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്!!
ആധൂനിക ലോകത്ത് ഒരിടത്തും,ഒരിക്കലും നടക്കാൻ പാടില്ലാത്ത അതിക്രൂരമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ പ്രചരിച്ചത്. മണിപ്പൂരിലെ വർഗീയ കലാപങ്ങളുടെ ഭാഗമായി രണ്ടു യുവതികളായ സ്ത്രീകളെ പൂർണമായും നഗ്‌നയായി നടത്തിക്കുകയും പിന്നീട് അവരെ ഒരു പാടത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവം ഭാരതത്തിന് ആകമാനം അപമാനമായി.
 
സ്ത്രീകൾക്ക് എത്രത്തോളം മാന്യത കല്പിച്ച് അവരെ ആദരിക്കുന്നുവോ അതാണ് ഒരു രാജ്യത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെ മാനദണ്ഡം എന്ന് അടിസ്ഥാനപരമായി കരുതിപ്പോരുന്നിരുന്ന നമ്മുടെ ഭാരതത്തിലാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത് എന്നാകുമ്പോൾ നമ്മുടെ രാജ്യത്തിന് എവിടെയോ എന്തോ തകരാർ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്നത് സ്പഷ്ടമാണ്.
 
വളരെ സാധുക്കളായവരും ജാതീയുമായി വളരെ താണ്നിൽക്കുന്നവരുമായ  സാധാരണക്കാർ അനുഭവിക്കേണ്ടി വന്നിട്ടുള്ള അതികഠിനമായ ക്രൂരതകളുടെ കഥകൾ എന്റെ തലമുറയിൽപെട്ടവർ ചരിത്രത്താളുകളിൽ മാത്രം വായിച്ചിട്ടുള്ള കാര്യങ്ങളാണ്.
അതിരാവിലെ മുതൽ സന്ധ്യവരെ സവർണ്ണരായ ജന്മിമാരുടെ കൃഷിയിടങ്ങളിലും പാടങ്ങളിലും കഠിനാധ്വാനം ചെയ്തിട്ടും കുടുംബത്തിന്റെ പട്ടിണി മാറാഞ്ഞപ്പോൾ, ഒരുപിടി നേല്ലോ,ഒരണയോ (നാണയം) കൂലിയായി കൂടുതൽ ചോദിച്ച അടിയാനെ അവർ പണിയെടുക്കുന്ന പാടത്തെ ചേറിൽ തന്നെ ജന്മിമാർ ചവിട്ടിത്താഴ്ത്തിയതും, അടിയാന്മാരുടെ സ്ത്രീകളുടെ മാനത്തിന് പുല്ലുവില പോലും കല്പിക്കാതെ അവഇഷ്ടംപോലെ ചവിട്ടിമെതിച്ച ജന്മിമാരുടെ കഥകളും മറ്റും ചരിത്രങ്ങളിൽ മാത്രമേ കേട്ടിട്ടുള്ളൂ.എന്നാൽ അതേ ചരിത്രങ്ങൾ തന്നെ, നമ്മൾ സ്വാതന്ത്രരായി എന്നഭിമാനിക്കുന്ന നമ്മുടെ ഭാരതത്തിലും വീണ്ടും വീണ്ടും അരങ്ങേറുമ്പോൾ നമ്മുടെ രാജ്യം നേരിടുന്ന വലിയൊരു സാമൂഹിക അപച്ചയങ്ങളെയാണ് അത് തുറന്ന് കാണിക്കുന്നത്.
 
രാജ്യത്തിനകത്ത് ദളിതരും ആദിവാസികളും ഉൾപ്പെടെയുള്ള അടിസ്ഥാന വർഗ്ഗങ്ങളും അവരുടെ സ്‌ത്രീകളും നേരിടുന്ന കൊടിയ പീഡനങ്ങളുടെ തുടർപ്പരമ്പരകളും  കൂടാതെ, വന്ന് വന്ന് ദളിതന്റെ വായിലേക്കായി സവര്ണ്ണന്റെ മൂത്രമൊഴിക്കൽ വരെ. 
 
ചത്തുപോയ മൃഗങ്ങളെ നീക്കം ചെയ്യുന്ന തൊഴിൽ സ്വീകരിച്ച ഏഴ് അഹിന്ദുക്കളായ യുവാക്കളെ കൈകൾ പുറകോട്ട് കെട്ടി അവരെ ഒരു വാഹനത്തോട് ബന്ധിപ്പിച്ച്  അവരുടെ പുറം അടിച്ചുപൊളിക്കുകയും ചോര തെറിക്കുന്നതുമായ കാഴ്ച്ചകൾ നമ്മുടെ ഭാരതത്തിൽ സമീപകാലത്ത് നടന്നതാണ്.  ഇതുപോലെ എത്രയെത്ര സംഭവങ്ങൾ!!   ഇതൊക്കെയും പൂർവ്വ ചരിത്രങ്ങൾ വീണ്ടും പുനർജ്ജീവിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്,വംശവെറിയുടെയും മതഅസഹിഷ്ണുതയുടെയും ഭീകരമുഖങ്ങളെയാണ് നമുക്ക് കാണിച്ചു തരുന്നത്.
 
ഇവയുടെയൊക്കെ ഒരു വലിയ പതിപ്പായി രണ്ടു മാസങ്ങളോളം മണിപ്പൂരിലും വംശഹത്യകൾ അരങ്ങേറുകയും അതിന്റെ ഭാഗമായി തെരുവുകളിൽ നമ്മുടെ സഹോദരീ സഹോദരൻമാർ ഇറച്ചിക്കോഴികളെപ്പോലെ  കശാപ്പ് ചെയ്യപ്പെട്ടിട്ടും,അവരുടെ വീടുകളും ആരാധനാലായങ്ങളും തീ വെച്ചു ചാരമാക്കിയിട്ടും നമ്മുടെ പ്രധാനമന്ത്രിയും,ഭരണകക്ഷിയും മൗനം പാലിക്കുന്നത് കലാപങ്ങളുടെ കാഠിന്യംകൂട്ടുക തന്നെ ചെയ്യുന്നു. മാത്രമല്ല ഈ മൗനം, ഇത്തരം കലാപങ്ങളും വംശഹത്യകളും എവിടെ നിന്നും വരുന്നു എന്നതിന്റെ ഉത്തരം കൂടിയാണ്. ഒടുവിലിതാ ഇത്രയും നാൾ മറച്ചുവെയ്ക്കപ്പെട്ട,സ്ത്രീഹത്യയും അതി  ക്രൂരമായ ബലാത്സംഗങ്ങളുടെയും ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ കോടതിക്ക് സ്വമേധയാ കേസെടുക്കേണ്ടിവന്നത് ഭരിക്കുന്നവരുടെ കരുത്തില്ലായ്മയാണ് വെളിപ്പെടുത്തുന്നത്.
 
ഇനി ഇവയൊക്കെ സൂചിപ്പിക്കുന്നത് വേറെന്നുമല്ല, നമ്മുടെ രാജ്യം നീങ്ങുന്നത് വലിയൊരു അഗാധ ഗർത്തത്തിലേക്ക് തന്നെയെന്നാണ്. സാധാരണ മനുഷ്യരുടെയും കർഷകരുടെയും മനസ്സിലേക്ക് മതവികാരമെന്ന വിഷലഹരി കുത്തിവെച്ചും, മതവിദ്വേഷം ആളിക്കത്തിച്ചും,പി ആർ വർക്കുകൾ ചെയ്തും ഭരണത്തിലേറുകയും പിന്നീട് ഭരണഘടന മറന്ന് മതവും മത പുരാണങ്ങളും അടിസ്‌ഥാനപ്പെടുത്തി രാജ്യം ഭരിക്കുന്നവരിൽ നിന്നും ഇതൊക്കെയല്ലാതെ വേറെന്താണ് നമുക്ക് പ്രതീക്ഷിക്കുവാൻ കഴിയുന്നത്? 
വംശീയതയുടെ പേരിൽ മനുഷ്യരെ കൂട്ടക്കുരുതികൾ ചെയ്യുമ്പോൾ,,സ്ത്രീത്വങ്ങൾ അപമാനിക്കപെടുമ്പോൾ,ഒരു മതേതര ജനാധിപത്യരാജ്യത്ത് ഏതെങ്കിലും ഒരു വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ രാജ്യത്തെ സർക്കാരും അതിനെ നിയന്ത്രിക്കുന്നഭരണത്തലവനും വെറും നോക്കുകുത്തിയായി നിൽക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ കഴിയണം. ഭാരത സ്ത്രീത്വം തെരുവിൽ ഈ വിധം അപമാനിക്കപെടുമ്പോൾ ഭാരതംബയെ തന്നെയാണ് ഈ കിരാതന്മാർ നഗ്നയാക്കിയത്.  ഇത്തരം സാഹചര്യങ്ങളിലാണ് ഒരു ഭരണാധികാരികാരിയുടെ കരുത്തറിയിക്കേണ്ടത്. എന്നാൽ പലരും പറഞ്ഞു പരത്തിയ ആ കരുത്ത് ഇവിടെ കാണുന്നമില്ലന്നതാണ് വളരെ യാഥാർത്ഥ്യം.
 
ഊതിവീർപ്പിക്കപ്പെടുന്ന ഭരണധികാരികളല്ലാത്ത, അടിസ്‌ഥാന വർഗ്ഗങ്ങളും സ്ത്രീകളും പൊതു സമൂഹവും ഒരുപോലെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധമായ വായു ശ്വസിക്കുന്ന ഒരു നവഭാരതത്തെ എന്നാണ് നമുക്ക് തിരികെ ലഭിക്കുക.
മാറ്റങ്ങളുടെ മാറ്റൊലികൾ മുഴങ്ങട്ടെ...