നീ പോലുമറിയാതെ:  കവിത, ബിനേഷ് ചേമഞ്ചേരി

നീ പോലുമറിയാതെ:  കവിത, ബിനേഷ് ചേമഞ്ചേരി

നീ തെറ്റിദ്ധാരണയുടെ

കുതിരപ്പുറത്തേറി വരുമ്പോൾ

ഞാൻ നിലാവിൽ ആറ്റിറമ്പിൽ

ആമ്പലിറുക്കുകയാവും.

 

നീ മുളന്തണ്ട് വലിച്ചെറിയുമ്പോൾ

ഞാനതിലെ സുഷിരങ്ങളിലൂടെ

നക്ഷത്രങ്ങളെ

പെറുക്കിയെടുക്കുകയാവും.

 

നീ വാക്കുകളുടെ

കുന്നിൻപുറത്ത്

വിയർത്തൊലിക്കുമ്പോൾ

ഞാൻ താഴ്‌വാരത്തിരുന്ന്

ചിത്രശലഭങ്ങളുടെ

പാട്ടുകേൾക്കുകയാവും.

 

നീ യാഥാർത്ഥ്യങ്ങളുടെ

ചങ്ങലപ്പൂട്ടിൽ ഇടംവലം

തിരിയാതിരിക്കുമ്പോൾ

ഞാൻ സ്വപ്നങ്ങളുടെ

വെള്ളിത്തേരിൽ ഉലകം

ചുറ്റുകയാവും.

 

നീ ഇന്നിന്റെ നെഞ്ചിൽ

പുരാണങ്ങളെഴുതി വെക്കുമ്പോൾ

ഞാൻ നീർച്ചോലകളിലിരുന്ന്

കവിത കുറിക്കുകയാവും.

 

നീ പ്രണയം പൂത്തുലഞ്ഞ്

സ്വാർത്ഥതയുടെ കപ്പലിലേക്ക്

നീന്തിക്കയറുമ്പോൾ

ഞാൻ കപ്പൽച്ചാലുകൾ തീർത്തൊരു

ശാന്തസമുദ്രമായ് മാറും.

 

നീ പകുതി തുറന്നിട്ട

വാതിലിനിടയിലൂടെ എന്നെ

നോക്കുമ്പോൾ

ഞാൻ ചുവരുകളും വാതിലുകളുമെല്ലാം

പിഴുതുമാറ്റി നിന്നകത്തിരിക്കുകയാവും.

 

      ബിനേഷ് ചേമഞ്ചേരി