അന്ത്രയോസ്‌ പാപ്പന്‍: കഥ, നാരായൺ രാമൻ

അന്ത്രയോസ്‌ പാപ്പന്‍:  കഥ, നാരായൺ രാമൻ


 

ന്ത്രയോസ്‌പാപ്പന്‍ ഇവിടെ പള്ളിത്താഴത്തും വരാറുണ്ട്‌. പള്ളിത്താഴമെന്ന്‌ പറഞ്ഞാല്‍ റോഡിന്‌ വടക്ക്‌ വശത്ത്‌ തങ്കച്ചന്റെ ചായക്കടയും രണ്ടു പലചരക്കു കടകളും ചന്ത കൂടുന്ന ബുധനും ശനിയും മാത്രം തുറക്കുന്ന മലഞ്ചരക്ക്‌ കടയും. തെക്ക്‌ ഭാഗത്ത്‌ റേഷന്‍ കടയും നമ്പ്യാരുടെ വൈദ്യശാലയും പുരവത്ത്‌ ചേട്ടന്റെ തുണിക്കടയും അതിന്‌ മുന്നിലിരുന്ന്‌ തയ്‌ക്കുന്ന ഭാസ്‌കരനും അവനരികില്‍ മുറങ്ങള്‍ മടിയിലേറ്റിയലേറ്റിയ ബീഡി തെറുപ്പുകാരും . ഇത്‌ കൂടാതെമണിയന്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പും ഒരു കുഞ്ഞിപ്പോസ്റ്റോഫീസുമായാല്‍ പള്ളിത്താഴമായി.

അന്ത്രയോസ്‌ പാപ്പന്‍ എല്ലാ വെള്ളിയാഴ്‌ചയും ഒമ്പതേമുക്കാലിന്റെ സെന്റ്‌ മേരീസില്‌ കെഴക്കൂന്ന്‌ വന്നെറങ്ങും. ബസ്സേന്നെറങ്ങികൈരണ്ടും പിണച്ച്‌ മുകളിലേക്കുയര്‍ത്തി നടുവൊന്ന്‌ വളച്ച്‌, ചെവിനീരിറങ്ങാതെ തലേല്‍ വട്ടക്കെട്ട്‌ കെട്ടിയ തോര്‍ത്തൊന്ന്‌ കുടഞ്ഞ്‌ തോളിലിട്ട്‌ ചുറ്റുമൊന്ന്‌ നോക്കും. പിന്നെ കുന്നില്‍ മുകളിലെ പള്ളിക്കുരിശൊന്നു നോക്കി നെഞ്ചത്ത്‌ വലത്‌ കൈ വച്ച്‌ ഒരു നില്‍പ്പുണ്ട്‌. ഇന്നത്തെ ഇരയ്‌ക്കായുള്ള മൗന പ്രാര്‍ത്ഥനയാണത്‌. പിന്നെ, ഉപായത്തിലൊന്ന്‌ കുരിശ്‌ വരച്ച്‌, റോഡ്‌ മുറിച്ച്‌ കടന്ന്‌തങ്കച്ചന്റെ ചായക്കടേലേക്ക്‌ കയറി ബെഞ്ചേലിരിക്കും.കടുപ്പത്തിലൊരുചായ , നടുക്കഷ്‌ണം പുട്ട്‌, വെള്ളരിക്കേം ചെറുപയറും പച്ചമുളകു കീറിയതും കര്യാപ്പിലയുമിട്ടതില്‍ ഒഴക്ക്‌ വെളിച്ചെണ്ണ തൂളിച്ച കറി. ഇത്രയും മുമ്പിലെത്താന്‍ വിനാഴിക നേരം മതി. പാപ്പന്‍ പള്ളിത്താഴത്ത്‌ വരാന്‍ തുടങ്ങിയ കാലത്ത്‌ പ്രൊപ്രൈറ്റര്‍ തങ്കച്ചന്‍ നിക്കറിലാണ്‌. മൂന്ന്‌ പതിറ്റാണ്ടിന്റെ ബന്ധമാണ്‌.പുട്ടും പയറും ചായേം ചടപടാന്നകത്താക്കിക്കഴിഞ്ഞാല്‍ മേശക്കടിയില്‍ നിന്ന്‌ മരസ്റ്റൂള്‍ വലിച്ചെടുത്ത്‌നേര്‍ച്ചക്കുറ്റീടെകിഴക്ക്‌ വശത്തിട്ട്‌ പളനി പാപ്പന്റെ കോഴിലേലം ശ്രദ്ധിച്ച്‌ അങ്ങനെയിരിക്കും.

ഭൈരവാദി മൂര്‍ത്തികള്‍ക്ക്‌ കോഴിബലി കൊടുത്തു ബാധയൊഴിപ്പിക്കല്‍ മുതല്‍ എട്ടുമുള്ള്‌ തറച്ച്‌ ഒടി ദോഷം മാറ്റുകയും ആള്‍മറവിന്‌ മുഷ്ടി കര്‍മ്മം നടത്തുകയും വരെ നിസ്സാരമായി ചെയ്യുന്ന പാപ്പനെ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പേടിയായിരുന്നു. ഒമ്പതരേടെ ബസേലിയസിനോ , പത്തേകാലിന്റെ ആന വണ്ടിക്കോ ആരെങ്കിലുമൊക്കെ പാപ്പനെ തേടി വരും. അന്നു നറുക്ക്‌ വീണത്‌കോതോങ്കലം മാതിരപ്പള്ളിക്കാരി ഒരല്‌ പോലെ ഒരു ഏലിപ്പെണ്ണും , തോനെ എണ്ണ പെരട്ടി എലിവാല്‌ പോലെ മുടി പിന്നിയിട്ട ഒരു പെങ്കൊച്ചിനുമാണ്‌.

മറ്റാരും കണ്ടില്ലേലും വണ്ട്യേന്നെറങ്ങി ലേശം കെതച്ച്‌ വട്ടം നോക്കണ ഏലിപ്പെണ്ണിന്റെ ഇടിച്ചക്കകള്‍ക്കിടയിലെ ചങ്കിനകത്ത്‌ പെരളി കൊള്ളണ പിശാചിനെപാപ്പനേ കാണാന്‍ പറ്റൂ. പാപ്പനെ കണ്ട്‌ ഞെരിപിരി കൊള്ളണ പിശാചിന്റെ അമറല്‍ പാപ്പനേ കേള്‍ക്കാനും പറ്റൂ. കയ്യാട്ടി വിളിച്ചതേയുള്ളൂ. ആട്ടിന്‍ കുഞ്ഞിനെയെന്ന പോലെഏലിപ്പെണ്ണിനെ പിശാച്‌പാപ്പന്റെ മുന്നിലേക്ക്‌ തെളിച്ച്‌ കൊണ്ടുവന്നു. അവളെ ആകെയൊന്ന്‌ നോക്കി , പരിചയമൊട്ടും ഭാവിക്കാതെ പള്ളിമുകളിലെ കുരിശില്‍ ദൃഷ്ടിയുറപ്പിച്ച്‌ പാപ്പന്‍ പറഞ്ഞു.

'കൂടിയ എനമാണല്ലോ`
ഏലിപ്പെണ്ണ്‌ പാപ്പനെയൊന്ന്‌ നോക്കി. അവളുടെ കണ്ണൊന്ന്‌ മിന്നിത്തെളിഞ്ഞു. ഇനി സഹിക്കാന്‍ മേലല്ലോയെന്ന്‌ അവള്‍ പറയാതെ പറഞ്ഞത്‌ പാപ്പനേ കേള്‍ക്കാന്‍ കഴിഞ്ഞൊള്ളൂ.

'ബാ വഴിയൊണ്ടാക്കാം`

പാപ്പന്‍ മുന്നിലും ഏലിപ്പെണ്ണും പെങ്കൊച്ചും പിന്നിലുമായി തങ്കച്ചന്റെ ചായിപ്പിലോട്ട്‌ കേറി .അവരോട്‌ ബെഞ്ചേലിരുന്നോളാന്‍ പറഞ്ഞ്‌, മുഷിഞ്ഞ കുഷ്യനിട്ട മരക്കസേരയിലിരുന്ന്‌ പാപ്പന്‍ നീട്ടിയൊന്ന്‌ വിളിച്ചു.

'എടാ ചീക്കൂ, യെവനിതെവടെ പോയി?'

വിളിക്ക്‌ കാത്തു നിന്ന ചീക്കു ഓടിയെത്തിയത്‌ കണ്ട്‌ പാപ്പന്റെ കല്‍പ്പന പോയി.

'അര ചാരായോം, കോഴീം മേടിച്ചോണ്ട്‌ വാ ,കാശ്‌ കടേന്ന്‌ തരും'

അനന്തരം ഏലിക്കുട്ടിയുടെ കണ്ണില്‍ കണ്ണുനട്ട്‌ പാപ്പന്‍ വിസ്‌തരിച്ചു തുടങ്ങി.

'എന്റെ കണ്ണിലോട്ട്‌ നോക്കിയിരുന്നോണം!.''

പാപ്പന്റെ ചുകന്ന വട്ടക്കണ്ണുകളില്‍ ദൃഷ്ടിയുറപ്പിച്ചഏലിക്കുട്ടി ചെറുതായൊന്ന്‌ വിറ കൊണ്ടു. ശേഷംകണ്ണുകളടച്ച്‌അബോധത്തിലെന്നപോലെ കൂടെക്കൂടിയ ബാധയുടെ വിക്രിയകള്‍ ഓരോന്നായി പറഞ്ഞു തുടങ്ങി.

മൂത്രമൊഴിക്കാന്‍ നിലാവത്ത്‌ കുന്തിച്ചിരുന്ന ഏലിയെ രാവിലെ തൊഴുത്തീന്ന്‌ എടുത്തോണ്ട്‌ വന്നത്‌,
അന്തിമയങ്ങിയപ്പോള്‍ഒരു കറമ്പന്‍ കണ്ടനായി വന്ന്‌ കുറുക്കനെപ്പോലെ പല്ലിളിച്ച്‌ ഓരിയിട്ടത്‌!

ഉറക്കത്തിനിടയില്‍ ഏങ്ങപ്പിശാചായ വല്യമ്മായ്യെ കട്ടിലേന്ന്‌ വലിച്ച്‌ താഴെയിട്ടത്‌!

ഏഴുവയസ്സുള്ള പെങ്കൊച്ച്‌ചത്തുപോയ വല്യമ്മച്ചീടെ ഒച്ചയില്‍ വഴക്ക്‌ പറഞ്ഞത്‌!,

അങ്ങനെ കുറേക്കാലമായി കുടുമ്മത്തിന്റെ മൊത്തം ഉറക്കവും മനസ്സമാതാനവും കെടുത്തിയ സംഭവങ്ങള്‍

ചീക്കു സാധനങ്ങളുമായി വന്നയുടന്‍ കോഴിയേയും കൊണ്ട്‌ തങ്കച്ചന്റെ കടേലോട്ട്‌ പോയി. മൊളകും മസാലയും ചേര്‍ത്ത്‌ കോഴിയെശരിയാക്കാന്‍ തങ്കച്ചനോളം മിടുക്ക്‌ ഈ കരയിലാര്‍ക്കുമില്ല. മൂലക്കുരുവിന്റെ ഉപദ്രവമുള്ള പാപ്പന്‌ കോഴിയത്ര പഥ്യമല്ല. എരിവ്‌ കൂടിയാല്‍ പിറ്റേന്ന്‌ വിവരമറിയും. ഇതറിയാവുന്ന തങ്കച്ചന്‍ ചില മരുന്നുകളും കൂട്ടിയാണ്‌ കോഴിയെ ശരിപ്പെടുത്തുക.
ചാരായവുംകോഴിക്കറിയും പാതിയെത്തിയപ്പോഴേക്കും പാപ്പന്‍ പന്തങ്ങളും തിരിയുമെടുത്തു. അത്തിക്കമ്പ്‌ പിളര്‍ത്തി ഇടക്ക്‌ വെള്ളാരം കല്ലുകള്‍ വച്ച്‌ തുണിചുറ്റിക്കെട്ടി എണ്ണയില്‍ മുക്കിയ പന്തങ്ങള്‍. കൊച്ചുപിച്ചാത്തി കൊണ്ട്‌ ചതുരം വരച്ച്‌ മഞ്ഞള്‍പ്പൊടി കൊണ്ട്‌ കളങ്ങളാക്കിത്തിരിച്ച്‌ ഓരോന്നിലും വാഴപ്പിണ്ടിയില്‍ കുത്തി നിര്‍ത്തിയ പന്തം തെളിയിച്ച്‌ പാപ്പന്‍ദൃഷ്ടി മുകളിലേക്കാക്കി ഇരുന്നയിരുപ്പിലൊന്ന്‌ വെറച്ചാടിഉറക്കെ മന്ത്രം ചൊല്ലാന്‍ തൊടങ്ങി.മുത്തപ്പന്‍ പാപ്പന്റെ ദേഹത്ത്‌ കൂടി കഴിഞ്ഞു.

പന്തങ്ങള്‍ കത്തിക്കത്തി താഴേക്ക്‌ വരുമ്പൊ ചൂടില്‍ പഴുത്ത്വെള്ളാരങ്കല്ല്‌ പൊട്ടി പൊട്ടാസ്‌ പൊട്ടണ പോലെ ഒച്ച കേക്കാന്‍ തൊടങ്ങിയപ്പോ പാപ്പന്‍ പറഞ്ഞു.

കണ്ടോ, കണ്ടോ, പൊട്ടിപ്പൊട്ടി ബാധയെറങ്ങി പൊറത്തു ചാടണത്‌ കണ്ടോ?

ഏലിപ്പെണ്ണും കൊച്ചും ചങ്കില്‍ കൈ വച്ച്‌ നിന്നു. അനന്തരം ഏലിപ്പെണ്ണിന്റെ കണ്ണ്‌ മറിഞ്ഞ്‌ പാപ്പന്റെ കണ്ണില്‍ തറച്ചു നിന്നു. അവളുടെ ഉള്ളിന്ന്‌ ഒരാന്തലുയര്‍ന്ന്‌ തൊണ്ടയില്‍ കുരുങ്ങി. അവളുടെ നെഞ്ചില്‍ ഒരലിടിക്കണ ഒച്ച കേക്കാന്‍ തൊടങ്ങിയപ്പോപാപ്പന്‍ പറഞ്ഞു.

'നെഞ്ചത്ത്‌ കൈ വച്ച്‌ നോക്ക്യേ, അവനെറങ്ങി വന്ന ശബ്ദം കേക്കാം.'

പിന്നെ, ബാക്കി ചാരായോം എലേലെ കോഴിക്കറിയും കളത്തിനകത്തേക്ക്‌ നീക്കി വച്ച്‌ അരൂപിയായ ബാധയോട്‌ ആജ്ഞാപിച്ചു.

'ദേ , ഇതും കുടിച്ച്‌ എറച്ചീം തിന്നേച്ച്‌ പൊക്കോണം, പാപ്പനോട്‌ കളി വേണ്ടാ ... മുത്തപ്പനാണെ സത്യം ഈ ദേഹത്തൂന്ന്‌ ഒഴിഞ്ഞു പൊക്കോണം.'

അന്നേരം പാപ്പന്റെ മൊകത്തേക്ക്‌ നോക്കാന്‍ പേടിയാവും. എല്ലാം കഴിഞ്ഞ്‌ 'ലക്ഷണ' ഈ കളത്തില്‌ വച്ചേച്ച്‌ ഭണ്ഡാരക്കുറ്റില്‌ നേര്‍ച്ചയിട്ട്‌ പൊക്കോ എന്നാണ്‌ പാപ്പന്‍ പറയാറ്‌. ബാധയിറങ്ങി ഭാരം നഷ്ടപ്പെട്ടദേഹങ്ങള്‍ പാപ്പന്റെ കൈ മുത്തി ദക്ഷിണക്കാശ്‌ പീഠത്തില്‍ വച്ച്‌തങ്കച്ചന്റെ ചോറുമുണ്ട്‌ ഒന്നരേടെ തൊടുപുഴ പാസ്റ്റിലോ പെരുമ്പാവൂര്‍ക്കുള്ള മനു ബസ്സിലോ കയറിപ്പോകും.

കളത്തില്‍ത്തന്നെ കണ്ണും നട്ടു നിന്ന ചീക്കു കണ്ടത്‌ ഏലിക്കുട്ടീടെ തലയില്‍ വലതു കൈവച്ച്‌ നില്‍ക്കുന്ന പാപ്പനെയാണ്‌. ഇടത്‌ കൈ കൊച്ചിന്‌ ചുറ്റും വലയം തീര്‍ത്തിരുന്നു. ഏലിക്കുട്ടിയെ ശരിയായി വിറക്കുന്നുണ്ട്‌. അന്തിച്ചു നിന്ന ചീക്കുവിന്റെ കയ്യില്‍ നൂറിന്റെ അഞ്ചാറ്‌ നോട്ട്‌ കൊടുത്ത്‌ പാപ്പന്‍ പറഞ്ഞു.

'തങ്കച്ചന്റെ പറ്റ്‌ തീര്‍ത്തേരെ . ബാക്കി നീ വച്ചോ'

ഒന്നരേടെ തൊടുപുഴ പാസ്റ്റില്‍ കേറി സൈഡ്‌ സീറ്റ്‌ പിടിച്ച്‌ സ്‌ത്രീകളിരിക്കുന്ന ഭാഗത്തേക്ക്‌ തിരിഞ്ഞൊന്ന്‌ നോക്കി പാപ്പന്‍ ടിക്കറ്റെടുത്തു.

'വാഴക്കൊളം , രണ്ടു ഫുള്ളും ഒരു ഹാപ്പും'.

തങ്കച്ചന്റെ ചായിപ്പിന്‌ പിന്‍വശം ഉച്ചവരെ സപ്പോര്‍ട്ട്‌ കളിക്കാരും വൈകീട്ട്‌ നിപ്പനടിക്കാന്‍ വരുന്ന ചെറുപ്പക്കാരും പങ്കുവച്ചെടുത്തിരിക്കുകയാണ്‌. ചീക്കു പിന്നെ വന്ന മന്ത്രവാദികളുടെ കൈക്കാരനായി ഇപ്പോഴുമിവിടെയുണ്ട്‌. പക്ഷെ അന്ന്‌ തൊടുപുഴ ഫാസ്റ്റില്‍ കയറി പോയ ഞങ്ങടെ അന്ത്രയോസ്‌ പാപ്പനെ വെള്ളിയാഴ്‌ചകളില്‍ ഞങ്ങളിന്നും കാത്തിരിക്കുന്നു.