ഓർമ്മകൾക്കെന്തു സുഗന്ധം: കഥ, ഹേമ വിശ്വനാഥ്

ഓർമ്മകൾക്കെന്തു സുഗന്ധം: കഥ,  ഹേമ വിശ്വനാഥ്

ന്ധ്യാംബരം  അസ്തമന സൂര്യന്റെ ചുംബനമേറ്റു ചുവന്നു തുടുത്തു.അതുകണ്ടു ഭൂമിയുടെ മുഖം ഇരുണ്ടു. പകൽ മുഴുവൻ തന്നെ വറചട്ടിയിൽ പൊരിച്ചു ഒരു പരുവമാക്കിയിട്ട് അമ്പരത്തിനു ചുംബനവും. എന്തു ന്യായം സൂര്യാ.. 

ഭൂമിയുടെ വിഷമം അറിയാതെ കാവേരി സന്ധ്യയെ വരവേക്കുവനായി പൂജാമുറിയിൽ ദീപം കൊളുത്തി.അതിൽ നിന്നും ഒരു തിരി ചെരാതിൽ കൊളുത്തി മുറ്റത്തെ തുളസിത്തറയിൽ വെച്ചു തുളസിക്കു വലംവച്ചു പ്രാർത്ഥിച്ചു.

പകൽ അടുത്തുള്ള പെൺകുട്ടികൾ ദാവണി ചുറ്റി പൂക്കളമിടാൻ പൂ പറിക്കാൻ വന്നത് കാവേരി അന്നേരം ഓർത്തുപോയി... അപ്പോൾ അവളുടെയുള്ളിൽ പഴയ ഓണക്കാലം ഓടിയെത്തി. ദാവണി ചുറ്റിയ പെൺകുട്ടി ഒരു ഇളം തെന്നലായ് അവളുടെ ഓർമയിലേക്ക് ഒഴുകി വന്നു.അവളുടെ കണ്ണു നിറഞ്ഞു. മനസ് ആർദ്രമായി.. പഴയ കാലചിന്തകൾ  മനസ്സിൽ മേഞ്ഞു നടന്നു. 

വെളുത്തു തുടുത്ത മുഖവുമായി അധികം വണ്ണമില്ലാത്ത പെൺകുട്ടി. നീളമേറിയ തലമുടി മുട്ടുകാൽ വരെ... കുളിച്ചു മുടി തുമ്പുകെട്ടി തുളസിക്കതിർ ചൂടി... വെളുത്ത കൈതണ്ടയിൽ നിറയെ കുപ്പിവള... മഷി എഴുതാത്ത കണ്ണുകൾ...കുറുനിര ഉമ്മവയ്ക്കുന്ന നെറ്റിയിൽ ചുവന്ന പൊട്ട്. നീട്ടി വളർത്തിയ നഖങ്ങളിലും കൈ വെള്ളയിലും പാദസരം അണിഞ്ഞകാലിലും മൈലാഞ്ചി... വിശേഷദിവസങ്ങളിൽ പൂമ്പാറ്റയെ പോലെ പാറീനടന്നവൾ... ഇന്നോ എല്ലാം പോയി...ജരാനര ബാധിച്ച  കണ്ണുകൾ കണ്ണാടി മറച്ചു. 

കാവും കുളവും മുറ്റത്തു കിണറുമുള്ള തന്റെ തറവാട്ടിലേക്കു മനസു കടന്നു ചെന്നു. രാവിലെ കുളത്തിലെ തണുത്ത വെള്ളത്തിൽ കുളി.ഹോ കാവേരി ഒരു നിമിഷം കോരിത്തരിച്ചുപോയി. ഇപ്പോൾ ബാത്തുറൂമിലെ കുളി. 

"അമ്മേ...." 

മകന്റെ വിളി അവളെ ഭൂതത്തിൽ നിന്നും വർത്തമാനത്തിലേക്ക് കൊണ്ടുവന്നു. 

"അമ്മ കുറേ നേരം ആയല്ലോ തുളസിത്തറയുടെ മുന്നിൽ നില്കുന്നു നേരം ഇരുട്ടി. കയറി വാ..." മകൻ അടുത്തു ചെന്നു. 

"ഓർമകളിൽ എല്ലാം മറക്കും മോനെ..."

അവൾ മുറിയിലേക്ക് കയറി. ഈ ശരീരം, മനസ്, രണ്ടും വാർദ്ധക്യത്തിനു വിട്ടു കൊടുക്കില്ല. തനിക്കു പഴയ കാവേരി ആകണം. അവൾ അലമാര തുറന്നു അതിൽ സുക്ഷിച്ചു വച്ചിരുന്ന പാവാടയും ദാവണിയും ധരിച്ചു കണ്ണാടിയുടെ മുന്നിൽ നിന്നു.

കാലിൽ പഴയ  പാദസരവും അണിഞ്ഞു. നഖം വിരലിൽ ഇപ്പോഴും നീട്ടി വളർത്തിയിട്ടുണ്ട്. പോയകാലത്ത് അവശേഷിപ്പായി. പഴയ കാവേരി അവളിൽ ഉണർന്നു. ഇരുട്ടിൽ മുറ്റത്ത് അരികിൽ നിൽക്കുന്ന മൈലാഞ്ചി ചെടിയുടെ അരികിലേക്ക് അവൾ പാദസരം കിലുക്കി നടന്നു....