നക്ഷത്രം : കവിത, കാവ്യഭാസ്ക്കർ

നക്ഷത്രം : കവിത, കാവ്യഭാസ്ക്കർ

ഴിയോരത്തെ വീടുകളെല്ലാം

സ്‌റ്റാറുകൾ തൂക്കി രസിക്കുന്നു

കുട്ടിക്കാണേൽ 

അടിമുടി സങ്കട-

മെന്റെ വീട്ടിൽ സ്റ്റാറില്ല

 

പളപള മിന്നും സ്റ്റാറുകളെല്ലാം

കുട്ടിയെ നോക്കി പുച്ഛിച്ചു

കുട്ടിക്കാണേൽ അടിമുടി

സങ്കടമെന്റെ വീട്ടിൽ സ്റ്റാറില്ല

 

കുടുക്കയെല്ലാം കുടഞ്ഞ് നോക്കി

കീശയുമടിമുടി കീറിപ്പോയി

ചെറ്റക്കുടിലും മോഹിക്കാമോ

പള പള മിന്നും നക്ഷത്രം.

 

കണ്ണീർ തൂകിയുറങ്ങിപ്പോയൊരു

കണ്ണിൻ മണിയെ കണ്ടിട്ട്

വയറുമുറുക്കി കെട്ടിയൊരച്ഛൻ

ഈറ്റവെട്ടാൻ പോയല്ലോ

 

പല നീളത്തിൽ ചീകി മിനുക്കി

കാട്ടുവള്ളികൾ തട്ടിക്കൂട്ടി

കെട്ടീ വലിയൊരു നക്ഷത്രം. 

ഹയ്യട വമ്പൻ നക്ഷത്രം.

 

കണ്ണും തിരുമിയെഴുന്നേറ്റുണ്ണി

വീടിൻ തിണ്ണേൽ വന്നപ്പോൾ

മുറ്റത്താണ്ടേ വാനം മുട്ടേ

നിൽക്കുന്നയ്യാ നക്ഷത്രം.

 

ചാടിത്തുള്ളി പൊന്നുണ്ണി

വിളിച്ചു കൂവി പൊന്നുണ്ണി

വഴിയോരത്തെ വീടിൻ

സ്റ്റാറുകളെല്ലാം

മെല്ലെ നാണിച്ചേ

 

കാവ്യഭാസ്ക്കർ, ബ്രഹ്മമംഗലം