പുലരി: കവിത, നന്ദകുമാര്‍  ചൂരക്കാട്

പുലരി: കവിത, നന്ദകുമാര്‍  ചൂരക്കാട്

ന്‍ ഹൃദയത്തിലെ ദുഃഖങ്ങളൊക്കെയും

നീക്കുവാനെത്തുമോ പുലരി

എന്‍ മനോമുകുരത്തില്‍ നിറയുന്ന വിഹ്വലത

നിന്‍ ഹൃത്തില്‍   പേറുമോ കരുണം

നിന്നുടെ സുന്ദര കിരണാവലികള്‍ ഭൂമിയില്‍ 

വെളിച്ചം പരത്തിടുമ്പോള്‍

ഇന്നലെ ഞാന്‍ നെയ്തുകൂട്ടിയൊരെന്‍ ദിവ്യ

സ്വപ്ന ങ്ങള്‍ക്ക് ചിറകുവിടര്‍ന്നിടുമോ

ഏതോ നിശാസുരഭില പുഷ്പകവാടിയില്‍ എന്‍

സ്വപ്നം  വിടരുവാന്‍ വെമ്പിടുമ്പോള്‍

ചേതോഹരങ്ങളാം നിന്നുടെ രശ്മിയാല്‍

ചേതസില്‍ മുകുളങ്ങള്‍ വിരിയിക്കുമോ

എത്രദിനങ്ങള്‍ നീവന്നണയുവാനാശിച്ചു

പുത്തന്‍ പുലരിക്കായ് കാത്തിരുന്നു

നിന്‍ പ്രഭാകിരണംകൊണ്ടെന്‍െറ  ജീവനിലും

                 വരദാനം പകരുമെന്നാശിച്ചിരുന്നു

പ്രകൃതിയും കാലവും കൈകോര്‍ത്തു നല്കുന്ന

പ്രാസാദമല്ലയോ പുലരൊളികള്‍

ഹൃദ്യമാമാ പ്രകാശ വര്‍ഷത്തിലല്ലയോ ജീവിതം 

                  അലരിട്ടു പൊന്തുന്നതും

പ്രതിദിനം നിന്നെ പ്രതീക്ഷിച്ചു കോടാനു കോടി

        മര്‍ത്യരുണ്ടൂഴിയിലുണര്‍ന്നിടുന്നു

പാരില്‍ നിന്‍ രശ്മി നുകര്‍ന്നു പക്ഷികള്‍

       പുഴകളും കാടുമുണര്‍ന്നിടുന്നു

നിന്നുടെസുന്ദരസ്പര്‍ശമീ ഭൂമിയില്‍ 

മാന്ത്രിക സ്പര്‍ശമായ് മാറിടുന്നു

ആമന്ത്രസ്പര്‍ശാത്താല്‍ സര്‍വ്വ ചാരാചരവും

രസനനടനങ്ങള്‍ നടത്തിടുന്നു

ഏകുമോ എന്നുടെ ഹൃത്തിലും പുലരിനീ

പുത്തനൊരുഷസിന്‍ ജീവസ്പര്‍ശം

ആ പുതുസ്പര്‍ശത്താല്‍ അലരിട്ടു പൊന്തട്ടെ

എന്നുടെ ജീവനിലും നവ്യകാന്തി

 

നന്ദകുമാര്‍  ചൂരക്കാട്