കു(കൊ)ലയാളി: കവിത , ടോബി തലയല്‍

കു(കൊ)ലയാളി: കവിത , ടോബി തലയല്‍

ന്നെന്റെ അരികില്‍ വന്നപ്പോള്‍
സംതൃപ്‌തി കുലച്ച മുഖമായിരുന്നു നിനക്ക്‌
നോട്ടങ്ങള്‍ മുഴുപ്പുള്ള പടലകളായി
വിരിഞ്ഞിരുന്നു
നിന്റെ അരയില്‍ ഞാന്ന്‌ കിടന്ന
മൂര്‍ച്ചയുള്ള ഒരു ചിരി
ഞാന്‍ കാണാതിരുന്നില്ല.
ഊന്നുവടി എടുത്തുമാറ്റി എന്റെ
മെല്ലിച്ച കൈകള്‍ നീ തലോടി,
ഒരറവുകാരന്‍ ആട്ടിന്‍കുട്ടിയെ
സ്‌നേഹിക്കുന്നതിന്റെ സുഖം
ആദ്യമായി ഞാന്‍ അറിഞ്ഞു!
ജീവിതം ചുമ്മി വളഞ്ഞ
എന്റെ കഴുത്തില്‍
നിന്റെ അദ്ധ്വാന മാണ്‌ വിളഞ്ഞതെന്ന്‌
ഊറ്റം കൊണ്ടതില്‍ പരിഭവമില്ല,
വറുതിയിലും നീ ഊട്ടിയ അന്നവും
വേനലില്‍ പകര്‍ന്ന

ജലവുമെന്റെ ഞരമ്പുകളിലുണ്ടല്ലോ.
നിന്റെ ഓങ്ങിയുള്ള വെട്ടിന്റെ
ആളല്‍ കണ്ട്‌
ഉത്‌കണ്‌ഠപ്പെട്ട്‌ കരഞ്ഞത്‌
പണ്ടെന്റെ തോളത്തിരുന്ന്‌ വിരുന്നുവിളിച്ച
ഏതാനും ചില കാക്കകള്‍ മാത്രം!
നിശ്ശബ്ദത നിവര്‍ത്തിവിരിച്ച ഇലത്തുമ്പില്‍
മുറിഞ്ഞ ചിന്തകളുമായി
കുറച്ചു സമയം...
പിന്നെ, കറപടര്‍ന്നടഞ്ഞ കണ്ണുകളുമായി
ആരുടെയോ ചുമലിലേറി
അവസാന യാത്ര!

ടോബി, തലയല്‍