വാഹന മോഡിഫിക്കേഷനിൽ പൊതുജനാഭിപ്രായം തേടി എംവിഡി

Jul 28, 2026 - 19:26
Jul 28, 2026 - 19:30
 0  2
വാഹന മോഡിഫിക്കേഷനിൽ പൊതുജനാഭിപ്രായം തേടി എംവിഡി

വാഹന മോഡിഫിക്കേഷനിൽ പൊതുജനാഭിപ്രായം തേടി മോട്ടോ‌ർ വാഹന വകുപ്പ്. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിർദ്ദേശങ്ങളും ആശങ്കകളും എംവിഡിയെ അറിയിക്കാം.

ഇതിനായി കേരള മോട്ടോർ വാഹന വകുപ്പ്  പ്രത്യേക സർവേയ്ക്ക് തുടക്കം കുറിച്ചു. 

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുകയും അവയുടെ നിയമസാധുതകൾ വിശദമായി പരിശോധിക്കുകയുമാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. യുഡിഎഫ് സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സുരക്ഷിതമായ വാഹന മോഡിഫിക്കേഷനുള്ള അനുമതി യാഥാർഥ്യമാക്കുന്നതിന്‍റെ ആദ്യപടിയാണിത്. ഗൂഗിൾ ഫോം വഴിയുള്ള സർവേ ലിങ്ക് വഴിയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ പൊതുജനങ്ങൾക്ക് ഇതിൽ പങ്കാളികളാകാം.

വ്യക്തിവിവരങ്ങൾ നൽകിയ ശേഷം വാഹനത്തിന്‍റെ ബോഡിയിലെ മാറ്റങ്ങൾ, എൻജിൻ മോഡിഫിക്കേഷൻ, ബ്രേക്ക് സിസ്റ്റത്തിലെ മാറ്റങ്ങൾ, അധിക ലൈറ്റുകൾ, ഓഡിയോ സംവിധാനങ്ങൾ തുടങ്ങി ഒൻപത് വിഭാഗങ്ങളിലായി തങ്ങൾക്ക് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താം. പട്ടികയിലില്ലാത്ത മറ്റ് നിർദേശങ്ങളും പങ്കുവയ്ക്കാൻ അവസരമുണ്ട്.

Photo: (MVD Kerala/Facebook)