സഹപ്രവർത്തകനെതിരേ വ്യാജ മൊഴി: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ നടപടിക്ക് ശുപാർശ

Apr 14, 2025 - 15:25
 0  5
സഹപ്രവർത്തകനെതിരേ വ്യാജ മൊഴി: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: എഡിജിപി പി. വിജയനെതിരേ വ്യാജ മൊഴി ഒപ്പിട്ടു നൽകിയെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ കേസെടുക്കാമെന്ന് ഡിജിപി ഷേക്ക് ദർവേഷ് സാഹിബ്. വിഷയത്തിൽ സർക്കാർ വിശദീകരണം തേടിയതിനെത്തുടർന്നാണ്, നടപടിയെടുക്കാമെന്നു കാണിച്ച് ഡിജിപി മറുപടി നൽകിയിരിക്കുന്നത്.

പി. വിജയന് സ്വർണം കള്ളക്കടത്തുമായി ബന്ധമുണ്ടെന്നായിരുന്നു അജിത് കുമാറിന്‍റെ മൊഴി. എസ്‌പി സുജിത് ദാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഡിജിപി ഇത്തരത്തിൽ മൊഴി നൽകിയതെന്നാണ് സൂചന. എന്നാൽ, സുജിത് ദാസ് പിന്നീട് ഇക്കാര്യം നിഷേധിച്ചതോടെ ഫലത്തിൽ അജിത് കുമാറിന്‍റേത് വ്യാജ മൊഴിയായി മാറി.

ഇതെത്തുടർന്ന് അജിത് കുമാറിനെതിരേ നിയമ നടപടി ആവശ്യപ്പെട്ട് പി. വിജയൻ സംസ്ഥാന സർക്കാരിനു കത്ത് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപിയോട് സർക്കാർ വിശദീകരണം തേടിയും, ഡിജിപി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നതും.