ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെ കസ്റ്റഡിയിൽ വിട്ടു
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ട് റാന്നി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. നാല് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി സംഘം റാന്നി കോടതിയിൽ സമർപ്പിച്ചത്. തെളിവെടുപ്പ്, ചോദ്യം ചെയ്യൽ ഉൾപ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കനത്ത സുരക്ഷയിലാണ് പ്രതിയെ പൊലീസ് ഇന്ന് കോടതിയിൽ എത്തിച്ചത്. പ്രതിഭാഗം ജാമ്യാപേക്ഷ നൽകിയില്ല.
കേസിലെ ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്വർണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു. സ്വർണപ്പാളികൾ ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയത് മനഃപൂർവമായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുരാരി ബാബുവിൻ്റെ പ്രവൃത്തി ശബരിമലയുടെ പ്രശസ്തിക്ക് കോട്ടം തട്ടാൻ കാരണമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.