അര നാഴികനേരം: കവിത, ചെറിയാൻ ടി കീക്കാട്

അര നാഴികനേരം: കവിത, ചെറിയാൻ ടി കീക്കാട്

അന്താരാഷ്ട്ര വയോജനദിനം

      
"നെഞ്ചോടു ചേ‍ർത്ത് പിടിക്കാം, 
നമുക്കു മുൻപേ ഗമിച്ചവരെ ......!
ഊന്നുവടിയാകാം, ശോഷിച്ച കരങ്ങൾക്ക്.
കൊച്ചു കൊച്ചു ആഗ്രഹങ്ങളും , അഭിലാഷങ്ങളും പൂർത്തീകരിക്കാം. 
ഇനി അര നാഴികനേരം മാത്രം.
ഓർമ്മകൾ ശാപമാകുന്ന മാത്രയിൽ
മറവി ഒരു അനുഗ്രഹമാവാം.
തീർത്ഥങ്ങൾ ഇറ്റിച്ചു വീഴ്ത്താം നാവിൽ ,
അസ്തമയത്തിനു മുമ്പേ അല്പസമയം അവരോടൊപ്പം ചിലവഴിക്കാം.
നോവായി മാറുന്ന നേരം
സ്നേഹത്തിൻ സ്വാന്തന സ്പർശങ്ങളാകാം. 
വൃദ്ധമാനസ വ്യഥകളിലൊരു കുളിരാകാം
മരണത്തിൻ നനുത്ത കരങ്ങൾ തലോടുമ്പോൾ
കാഴ്ചകൾ മങ്ങുന്നു ശബ്ദം മറയുന്നു
ജീവന്റെ തുടിപ്പ് ശരീരത്തിൽ നിന്നും 
മെല്ലെ പടിയിറങ്ങുന്നു.
നേട്ടങ്ങളെല്ലാം തേരട്ടകളായി 
ഊറ്റിക്കുടിച്ച ബാന്ധവർ ചുറ്റും
ഒടുവിൽ അസ്ഥിപഞ്ജരത്തിനുള്ളിൽ
കുറുകുന്നു പ്രാണൻ കുറുപ്രാവുകൾ പോലെ
കരങ്ങളിലൊന്നമർത്തി പിടിക്കാം
കണ്ണുകളിലെ നീർത്തുള്ളികൾ തുടക്കാം
കൂടു വിട്ടു പറക്കുന്ന പക്ഷിക്കു യാത്രാ
മൊഴി നൽകാം.
ശാന്തിയുടെ തീരം തേടി സ്വച്ഛമായി വിരഹിക്കട്ടെ ......."
ഇന്ന് ലോക വയോജന ദിനം.
വാർധക്യം ഒരു ബാധ്യതയല്ല 
കടമകളുടെ ഉൾക്കടലാകണം. കാരുണ്യത്തിന്റെയും ക്ഷമയുടെയും സ്നേഹമസൃണമായ ഭാഷയിലൂടെ കരങ്ങൾ കൂട്ടിപ്പിടിക്കാനും പരിചരിക്കാനും നമുക്ക് സാധിക്കണം. 
വാർധക്യം നാമോരോരുത്തർക്കും നടന്നുപോവേണ്ട നടപ്പാതയാണെന്ന തിരിച്ചറിവ് എപ്പോഴുമുണ്ടാവണം. 
അവഗണനയല്ല. ആത്മവിശ്വാസം പകരണം
വാർദ്ധക്യത്തെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോഴാണ് സാമൂഹിക ഉത്തരവാദിത്തം 
നിറവേറ്റുന്നത്.
വയോജ ദിന ആശംസകൾ...!

ചെറിയാൻ കീക്കാട് , ദുബായ്