ഓർമ്മകൾ പിന്നിലേക്കൊഴുകുകയാണ്. ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍. ഒരു ചെറിയ യാത്ര പോയതായിരുന്നു. നിളാ നദിയുടെ മുഖം കാണാൻ
നിള .
അവളുടെ നനഞ്ഞുതണുത്ത പ്രണയാര്‍ദ്രമായ മുഖത്തോടു മുഖം ചേര്‍ക്കുക എന്ന രഹസ്യ മോഹമായിരുന്നു എനിക്ക്.
നിളയുടെ സുന്ദരവദനത്തില്‍ അസ്തമനസൂര്യന്‍ ചുവന്ന വിരലുകളാല്‍ പ്രേമത്തോടെ തലോടുന്ന ആ സന്ധ്യയില്‍ അകലെ നിന്നും ഒഴുകിയെത്തുന്ന ഇളങ്കാറ്റില്‍ ഈ ഗാനവുമുണ്ടായിരുന്നു.
.ബാല്യകാലത്തിന്‍റെ മധുരിക്കും ഓർമ്മകളിലേക്ക് കൈപിടിച്ചുനടത്തിയ ചില്ല് എന്ന സിനിമയിലെ ഈ ഗാനത്തിനു പറയാൻ ഒരു കഥയുണ്ട്:
ഒ.എൻ.വി. 'ചില്ല്' എന്ന സിനിമയ്ക്കു വേണ്ടി എഴുതിയതായിരുന്നില്ല ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം
എന്ന കവിത. സംവിധായകനായ ലെനിൻ രാജേന്ദ്രൻ പഴയൊരു മാഗസിനിൽ നിന്ന് ഇതു കണ്ടെടുക്കുകയായിരുന്നു. എഴുത്തുകാരനായ രവിമേനോന്‍റെ'വെറുതെ മോഹിക്കുവാൻ മോഹം' എന്ന ലേഖനത്തിൽ ഈ കവിത ഗാനമായി മാറിയ രസകരമായ പിന്നാമ്പുറക്കഥയുണ്ട്.
'ചില്ല്'. ശാന്തികൃഷ്ണയും ജലജയും വേണുനാഗവള്ളിയും റോണി വിൻസൻ്റും മുഖ്യവേഷത്തിലെത്തിയ ചിത്രമായിരുന്നു. ചില്ലിന്‍റെ തിരക്കഥയെഴുതിയത് നിർമാതാവിന്‍റെ കരുനാഗപ്പള്ളിയിലെ വീട്ടിൽ വച്ചായിരുന്നു. തിരക്കഥാ രചനയുടെ ഇടവേളയിൽ താനിരിക്കുന്ന മുറിയിൽ പഴയ പഴയ മാഗസിനുകളുടെ ഒരു കെട്ടു കണ്ട ലെനിൻ രാജേന്ദ്രൻ. കൗതുകത്തിനായി അതെല്ലാം വെറുതെ തുറന്നുനോക്കി. 'മാമ്പഴം' എന്ന പഴയ മാഗസിൻ കണ്ണിലുടക്കി. അതില്‍ ഒ.എൻ.വിയുടെ കവിത കണ്ടു. "ഒരുവട്ടം കൂടിയാ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം' എന്നു തുടങ്ങുന്ന കവിത. അങ്ങനെ ചില്ലില്‍ ഈ ഗാനവും ചേര്‍ന്നു.
മനസ്സിൽ ഒരു ചെറുനൊമ്പരം ഇല്ലാതെ ഈ ഗാനം മുഴുവൻ കേൾക്കാൻ ഇപ്പോഴും കഴിയുകയില്ല ...ഒരിക്കല്‍ കൂടി ആ കാലം കിട്ടിരുന്നെങ്കില്‍….മനസ്സറിയാതെ മോഹിച്ചുപോകും.
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത് അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം
ഒരിക്കൽ കൂടി സ്കൂൾ കലാലയ ജീവിതം തിരിച്ചു കിട്ടാനൊരു മോഹം.
ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
പഴയ ക്ലാസ്സ്മുറികളില്‍ ഒന്നുകൂടി ഇരിക്കുവാന്‍ മോഹം,
കൂട്ടുകൂടി നടക്കുവാൻ മോഹം.
അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്‍റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം
പിന്നെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന ചില പ്രിയ മുഖങ്ങളെ വെറുതെ ഓര്‍മ്മിക്കുവാന്‍ മോഹം. വെറുതെ …
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
നമ്മൾ മറന്നുവെന്ന് കരുതിയ ഒരു കാലത്തെ, ഒരു മുറ്റത്തെ, ഒരു സൗഹൃദത്തെ, ഒരു പ്രണയത്തെ, ഒരു നഷ്ടത്തെ പതുക്കെ മനസ്സിലേക്കു തിരിച്ചുകൊണ്ടുവരുന്ന നിമിഷം.