നവംബറിലെ ഒരു തീരാനഷ്ടം

നവംബറിലെ ഒരു തീരാനഷ്ടം

ചാച്ചാജിയുടെ ദീപ്തമായ സ്മരണകൾക്കുമുന്നിൽ ആദരം 

 

  സൂസൻ പാലാത്ര

 

                 നവംബർ മാസം എനിയ്ക്ക് ഒരുപാട് പ്രത്യേകതകളുള്ള മാസമാണ്. 

          ഇംഗ്ലീഷ് മാസങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളത് ക്രിസ്മസ് മാസമായ ഡിസംബർ. ക്രിസ്മസ് കാല രാവുകൾ വർണ്ണാഭമാണ്.  ഡിസംബറിലെ മഞ്ഞും കുളിരും സായാഹ്ന  ശോഭയും എടുത്തുപറയത്തക്കതാണ്. ആകാശം നക്ഷത്രങ്ങളാൽ പ്രശോഭിതമാണ്. കുട്ടിക്കാലം മുതല്ക്കേ ഡിസംബറിലെ താരനിബിഡമായ ആകാശം എന്നിൽ കവിതകൾ വിരിയിച്ചിരുന്നു. 

        ഡിസംബർ സങ്കടത്തിന്റെയും മാസമാണ് എനിക്ക്,  എന്റെ പ്രിയപ്പെട്ട അമ്മച്ചിയുടെ  ദേഹവിയോഗം. അമ്മ ക്രിസ്തുവിനോടൊപ്പം സ്വർഗ്ഗത്തിലുണ്ടെന്ന് ആശ്വസിച്ചു ജീവിയ്ക്കുന്നു, പ്രാർത്ഥനകൾ... ആത്മാവ് നിത്യതയിൽ വിശ്രമിയ്ക്കട്ടെ. 

           പിന്നെ ഏപ്രിലിലാണ് ഞാനീ ഭൂമുഖത്തേയ്ക്ക് ആഗതയായത്. അതും ഒരു മഹാഭാഗ്യം തന്നെ, ചില അഭിശപ്ത നിമിഷങ്ങളിൽ ജീവിതക്‌ളേശങ്ങളാൽ തോന്നിപ്പോയിട്ടുണ്ട് എന്തിന് ഞാനീ മണ്ണിൽ വന്നുപിറന്നെന്ന്. എന്നാൽ മനുഷ്യജന്മം അതൊരു മഹാഭാഗ്യം തന്നെയാണ്. നന്മ ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാത്തവർക്ക് അത് മഹാപുണ്യമാണ്. ദൈവത്തോടും എനിക്ക് ജന്മംതന്ന മാതാപിതാക്കളോടും നന്ദിയുണ്ട്.

        ഏപ്രിലിലാണ് ഞാൻ ആദ്യമായി ഒരു സർക്കാർ ഉദ്യോഗസ്ഥയായത്. ഒരു പത്തുവർഷക്കാലം നോമ്പുനോറ്റ്, ഉപവാസങ്ങൾ അനുഷ്ഠിച്ച്, പള്ളികളായ പള്ളികളിലെല്ലാം പോയി പ്രാർത്ഥിച്ച്, അതിരാവിലെയും വൈകുന്നേരവും പ്രാർത്ഥിച്ച്, കാസർ ഗോഡ് വരെ പോയി പി.എസ്. സി. ടെസ്റ്റുകൾ എഴുതി,  ഒത്തിരി കഷ്ടപ്പെട്ട് കിട്ടിയ ജോലി. ദൈവത്തിന് കോടാനുകോടി നന്ദി. ഇന്നും ആ ഒളിമങ്ങാത്ത പ്രഭയിലാണ് ജീവിതയാത്ര. 

           എനിയ്ക്ക് ദൈവം തന്ന സമയത്തിന്റെ ഭൂരിഭാഗവും കുടുംബത്തിനുവേണ്ടി അടരാടി. 

ഒരു ദിവസം 24 മണിക്കൂർ തന്ന ദൈവത്തെ സ്തുതിയ്ക്കാനായി സമയത്തിന്റെ  ദശാംശം കണക്കാക്കി രണ്ടര മണിക്കൂർ എടുക്കേണ്ടതാണ്. പക്ഷേ, എടുക്കുന്നില്ല.  കർത്താവേ ക്ഷമിയ്ക്കേണമെ.

            ഏറെ പ്രത്യേകതകളുള്ള നവംബർ മാസം എന്റെ ജീവിതത്തിലെ നാലു പറയത്തക്ക സന്തോഷങ്ങളും, എന്നും എന്നെ  വേദനിപ്പിയ്ക്കുന്ന ദുഃഖത്തിന്റെ ഓർമ്മകളും സമ്മാനിച്ചിട്ടുണ്ട്.    

         എന്റെ പ്രിയഭർത്താവ് എബി പാലാത്ര, മൂത്ത മകൾ സ്നേഹ എബി സൂസൻ, ഇളയ മകൾ അനു എബി സൂസൻ എന്നിവരുടെ ജനനം യഥാക്രമം നവംബർ 2, നവംബർ 12, നവംബർ 10 എന്നീ തീയതികളിലാണ്. സ്നേഹവാനായ ഭർത്താവിനെയും സ്നേഹനിധികളായ മക്കളെയും എനിയ്ക്ക് സമ്മാനമായി നല്കി എന്നെ അനുഗ്രഹിച്ച ദൈവത്തിന് സ്തുതി.  

  നവംബറിലെ നാലാമത്തെ സന്തോഷം ഞാൻ പി.എസ്.സി. മുഖേന ഒരു കോടതി സ്റ്റാഫായി അനുഗ്രഹിയ്ക്കപ്പെട്ടത് നവംബർ പതിനഞ്ചിനാണ്.  

          നവംബറിലെ അസഹനീയമായദുഃഖം എന്റെ പൊന്നുമോന്റെ വേർപാടാണ്. 1994  നവംബർ 14 - ന്, ഒരു ശിശുദിനത്തിൽ എന്റെ പൊന്നിന്റെ മൃതശരീരം സിസേറിയൻ ചെയ്ത് പുറത്തെടുത്ത് മണർകാട് പള്ളി സഹവികാരിയും കുടുംബ ബന്ധുവുമായ ബഹു. ആൻഡ്രൂസ് ചിരവത്തറ അച്ചനെക്കൊണ്ട് പ്രാർത്ഥിപ്പിച്ച് ഞാനറിയാതെ, മണർകാടു പള്ളിയുടെ ശ്മശാനത്തിൽ അടക്കം ചെയ്തു. 

         അവൻ വയറ്റിൽ ഉണ്ട് എന്നറിഞ്ഞ നിമിഷം ഞാനവന് പേരിട്ടു. എൽദോ. എൽദോ എന്ന വാക്കിന് യേശുവിന്റെ ജനനം എന്നർത്ഥം. ഡ്യൂ ഡേറ്റ് ഡിസംബർ 24. ആയിരുന്നു, ഞാനന്ന് തൊടുപുഴ സബ് കോടതിയിൽ ജോലി ചെയ്യുകയാണ്.   നവംബർ 11 - ന് തൊടുപുഴയിൽ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒരു വാഹന ബന്ദിന്റെ ഇരയായി എന്റെ പൊന്നുമോൻ, എന്റെ കുഞ്ഞ് ഇന്നുണ്ടായിരുന്നെങ്കിൽ 29 വയസ്സ് തികഞ്ഞേനെ.  എന്നാലും എന്റെ ദൈവത്തെ എന്റെ ജീവനെക്കാളേറെ ഞാൻ സ്നേഹിയ്ക്കുന്നു. മക്കളെക്കാൾ ഏറെ എന്റെ ദൈവത്തെ ഞാൻ സ്നേഹിയ്ക്കുന്നു. 

             ഞാൻ മരിച്ച് സ്വർഗ്ഗത്തിൽ,  കർത്തൃസന്നിധിയിൽ ചെല്ലുമ്പോൾ പൊന്നുമോനെ ഒന്നു കാണിച്ചു തന്നാൽ മതി അപ്പാ. 

          പൊന്നുമോന്റെ സ്വർഗ്ഗത്തിലെ 29ാം പിറന്നാളിന് പ്രാർത്ഥനകൾ