തിരുവനന്തപുരം നഗരസഭയിലെ രാജി നാടകം ഒത്തുതീർപ്പിലേക്ക്; വാട്സ്ആപ്പ് സന്ദേശം പിൻവലിച്ച് ആർ. ശ്രീലേഖ
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കിയ മുൻ ഡിജിപിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി നീക്കം ഒത്തുതീർപ്പിലേക്ക്. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശം അവർ പിന്നീട് പിൻവലിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ ഇടപെടലിലും സമവായ ചർച്ചകളിലുമാണ് താൽക്കാലിക പരിഹാരമായത്. കോർപ്പറേഷൻ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജിക്കത്ത് കൈമാറുന്നത് തടയാൻ പാർട്ടി നേതൃത്വത്തിന് സാധിച്ചതോടെയാണ് ഭരണ പ്രതിസന്ധി ഒഴിവായത്.
അതേസമയം, ശ്രീലേഖ കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവെച്ചിട്ടില്ലെന്നും അവർ പദവിയിൽ തന്നെ തുടരുമെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി. നഗരസഭയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ അടങ്ങിയ കത്താണ് അവർ നൽകിയതെന്നും, അവർക്ക് ചില ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 30-ന് സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുകയാണെന്ന് അറിയിച്ച് മേയർക്ക് കത്ത് നൽകിയതായും ഇതിന്റെ പകർപ്പ് കളക്ടർക്ക് കൈമാറുമെന്നും വ്യക്തമാക്കി ശ്രീലേഖ വാർഡ് ഗ്രൂപ്പിൽ സന്ദേശമയച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ആർ. ശ്രീലേഖ, പോലീസിൽ നിന്ന് ഡിജിപിയായി വിരമിച്ച ശേഷമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ അവർ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയെങ്കിലും പിന്നീട് വി.വി. രാജേഷിനെ മേയറാക്കിയതിൽ അവർക്ക് അമർഷമുണ്ടായിരുന്നു. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിച്ച് പരാജയപ്പെട്ടതും പാർട്ടിയിലെ ചില അവഗണനകളുമാണ് രാജി നീക്കത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.