സ്വർണക്കൊള്ള കേസ് : പത്മകുമാറിന് ജാമ്യമില്ല

Jan 7, 2026 - 09:21
 0  7
സ്വർണക്കൊള്ള കേസ് :  പത്മകുമാറിന്  ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപത്തിൽ പതിപ്പിച്ചിരുന്ന സ്വർണ്ണപ്പാളികൾ മോഷ്ടിച്ചുവെന്ന കേസിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഇതേ കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ദ്വാരപാലക ശിൽപം, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും നൽകിയ ജാമ്യാപേക്ഷ കോടതി ഈ മാസം 14-ന് പരിഗണിക്കും.

തന്റെ പേരിൽ നടന്ന അന്വേഷണം പൂർത്തിയായെന്നും മാസങ്ങളായി ജയിലിൽ തുടരുകയാണെന്നും കാട്ടിയാണ് പത്മകുമാർ അടിയന്തര ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ, ഈ സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന് കൃത്യമായ പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്ത് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.