മോദിക്കെതിരായ പരാമര്‍ശം : മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ക്ക് സസ്‌പെൻഷൻ

മോദിക്കെതിരായ പരാമര്‍ശം : മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ക്ക് സസ്‌പെൻഷൻ
മാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് വൻ വിവാദമായതിനെ പിന്നാലെ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്തു. മറിയം ഷിവുന, മല്‍ഷ, ഹസൻ സിഹാൻ എന്നീ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തതായി മാലിദ്വീപ് സര്‍ക്കാര്‍ വക്താവ് ഇബ്രാഹിം ഖലീലിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടെ ഉയര്‍ന്നുവന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍. മോദി കോമാളിയും ഇസ്രാഈലിന്‍റെ പാവയും എന്നായിരുന്നു യുവജന ശാക്തീകരണ ഉപമന്ത്രി മറിയം ഷിവുനയുടെ എക്സിലെ പോസ്റ്റ്.

ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച്‌ ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂമും എക്‌സില്‍ കുറിച്ചിരുന്നു. മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ നയതന്ത്രബന്ധത്തെ ബാധിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങിയപ്പോഴാണ് മാലദ്വീപ് സര്‍ക്കാരിന്റെ നടപടിയുണ്ടായിരിക്കുന്നത്. മറിയം ഷിവുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കുകയും ചെയ്തു.
മറിയം ഷിവുനയുടെ പ്രസ്താവനയ്ക്കെതിരെ നടന്‍ അക്ഷയ്കുമാറിനെ പോലെ ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികളും സാധാരണക്കാരും അതൃപ്തി പ്രകടിപ്പിച്ച്‌ രംഗത്തുവന്നിരുന്നു.  മാലദ്വീപ് ബഹിഷ്കരണ ആഹ്വാനം (#BycottMaldives) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ട്രെൻഡുമായി.

മാലദ്വീപിലേക്കുള്ള യാത്ര നിരവധി ഇന്ത്യന്‍ സഞ്ചാരികള്‍ റദ്ദാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളുമിട്ടു. മറുവശത്ത്, മാലിദ്വീപിലെ ഒരു വിഭാഗം ആളുകളും മന്ത്രി മറിയത്തെയും പ്രസ്താവനകള്‍ നടത്തിയ മറ്റ് നേതാക്കളെയും വിമര്‍ശിച്ചു. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് പ്രസ്താവനയില്‍ തന്റെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ ശുദ്ധീകരിക്കാൻ ഉപദേശിക്കുകയും ചെയ്തരുന്നു.