ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേറ്റുകൂടാ

ജനം ഏറ്റവുമധികം വിശ്വസിക്കുന്ന സംവിധാനമാണു ജുഡീഷ്യറി. അഴിമതിക്ക് തടയിടാനും സാധാരണക്കാർക്ക് നീതി ലഭ്യമാക്കാനും പ്രതിജ്ഞാബദ്ധമായ സ്ഥാപനം. ജനാധിപത്യം നിലനിൽക്കുന്നത് ജുഡീഷ്യറിയുടെ കരുത്തിലാണ് .അതിന് അപചയം സംഭവിച്ചാൽ ജനാധിപത്യത്തിന്റെ കരുത്ത് നഷ്ടപ്പെടും. എന്നാൽ ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് വന്‍തോതില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം ജുഡീഷ്യറിക്ക് കടുത്ത മാനഹാനിയുണ്ടാക്കിയ വാര്‍ത്തയാണ്.
നവംബര്‍ 14ന് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടിലുണ്ടായ തീപിടിത്തം കെടുത്താനെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാർ വീട്ടിലെ ഒരു മുറിയില്‍ നിന്ന് 15 കോടിയോളം വരുന്ന നോട്ടുകെട്ടുകള്‍ കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത് ഏവരെയും അമ്പരപ്പിച്ചു . കോടതിയുള്ളതുകൊണ്ടാണ് തങ്ങൾക്കു നീതി ലഭിക്കുന്നത് എന്നു വിശ്വസിക്കുന്ന ജനകോടികളെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചുകളഞ്ഞു ഡൽഹിയിൽ നിന്നു വന്ന റിപ്പോർട്ടുകൾ. തങ്ങളിൽ അർപ്പിതമായിരിക്കുന്ന ജോലി നൂറു ശതമാനവും സത്യസന്ധമായി നടപ്പാക്കുന്നവരാണ് നീതിന്യായ സംവിധാനത്തിലുള്ളതെന്നു തന്നെ ജനങ്ങൾ വിശ്വസിക്കുന്നു. ഒരു ജഡ്ജിക്കെതിരേ ആരോപണമുയർന്നതുകൊണ്ട് മാത്രം ഇന്ത്യൻ നീതിന്യായ സംവിധാനം കളങ്കിതമാവുന്നില്ല. എന്നിരുന്നാലും ഇങ്ങനെ സംഭവിച്ചുകൂടായിരുന്നു. ചെറിയൊരു കളങ്കം പോലും നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ചിന്തിക്കാനാവുന്നില്ല.
ജുഡീഷ്യറി എന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്താണ്. ജസ്റ്റിസ് യശ്വന്ത് വർമയുടെ കാര്യത്തിൽ എന്താണു സംഭവിച്ചതെന്നറിയാൻ ജനം കാത്തിരിക്കുന്നു. സംശയത്തിന് ഇടനൽകാതെ കാര്യങ്ങൾ തെളിയണം. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോർറൂമിൽ പണം സൂക്ഷിക്കില്ലെന്നുമുള്ള ജസ്റ്റിസ് വർമയുടെ ന്യായീകരണം വിശ്വസനീയമല്ല.
ഭരണഘടനയുടെ കാവല്‍ക്കാരനും നീതിയുടെ സംരക്ഷകനുമായ ജുഡീഷ്യറി നീതി തേടുന്ന സാധാരണക്കാരുടെ അവസാനത്തെ ആശ്രയമാണ് . എന്നാൽ ജുഡീഷ്യറിയിൽ ഉള്ളവർ തന്നെ അഴിമതിചെയ്താല്‍ ജനം എന്ത് ചെയ്യും, എവിടെ ആശ്രയിക്കും. ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായ സംവിധാനമില്ലാത്തതാണ് ജുഡീഷ്യറിയില്‍ അഴിമതി വ്യാപിക്കാന്‍ ഇടയാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംശയ നിഴലിലായതോടെ ജസ്റ്റിസ് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കിയത് നല്ലത് തന്നെ . ജഡ്ജിയുടെ വസതിയിൽ പണം എങ്ങനെ വന്നുവെന്ന് എത്രയും വേഗം തെളിയട്ടെ . എങ്കിലേ ജുഡീഷ്യറി കരുത്തോടെയും വിശ്വാസ്യതയോടെയും തുടർന്നും നിലനിൽക്കൂ.