കുബ്ബൂസ് ; കവിത, യഹിയാ മുഹമ്മദ്

കുബ്ബൂസ് ; കവിത,  യഹിയാ മുഹമ്മദ്

ല്ലാവരും പറയുംപോലെ
കുബ്ബൂസ്
ഒരു ഭക്ഷണമേ അല്ല
അതൊരു രാജ്യമാണ്...!

അരികുകൾ
അരിച്ചു തുടങ്ങിയവനെ
ഊരുവിലക്ക് കൽപ്പിച്ച്
നാടുകടത്തിയത്.

ചൂളയിൽ വെന്തു തുടങ്ങുമ്പോൾ
വെയിൽ ഊറ്റിക്കുടിച്ച്
മരുഭൂമി പണിതത്
കൂനുകൾ പെരുപ്പിച്ച
ഒട്ടകങ്ങൾക്ക്
സഞ്ചാരസ്വാതന്ത്ര്യം 
അടയാളപ്പെടുത്തിയത്

കരിഞ്ഞു തുടങ്ങുമ്പോൾ
മുളച്ചുപൊന്തിയ കള്ളിമുൾച്ചെടിക്ക്

ചോട്ടിൽ സ്വപ്നങ്ങൾക്ക്
വിത്തുപാകിയത്...

നോവുകൾ ഭക്ഷിക്കുന്ന
വരുടെ രാജ്യത്ത്
ഏകാന്തത പുതച്ചുറങ്ങുന്ന
ഒരുപാട് ദ്വീപുകളുണ്ട്

ദിശതെറ്റിയ ഒരു കപ്പൽ
സഞ്ചാരപഥം തേടി
കാറ്റിൽ ആടിയുലഞ്ഞ്
തീരം തേടുന്നുണ്ട്

ദു:സ്വപ്നങ്ങളാൽ
പാതി മുറിഞ്ഞു പോവുന്ന ഉറക്കത്തിൽ
കുട്ടികൾ പട്ടം പറത്തിത്തുടങ്ങും
കുബ്ബൂസ് കടിച്ച് പറിക്കാൻ പാകത്തിൽ ഒരു മുട്ടനാട്
തക്കം പാർത്ത് നിൽക്കും

 

യഹിയാ മുഹമ്മദ്