കേന്ദ്ര സർക്കാരിന്റെ 'കടം' കഥകൾ: ലേഖനം ; ആദിത് എസ് കാർത്തിക് & ഡോ. ക്രിസ്റ്റബെൽ പി ജെ

കേന്ദ്ര സർക്കാരിന്റെ 'കടം' കഥകൾ: ലേഖനം ; ആദിത് എസ് കാർത്തിക് & ഡോ. ക്രിസ്റ്റബെൽ പി ജെ
 
ഒളിമ്പിക്സ്ന്റെ ഈറ്റില്ലമായ ഗ്രീസ്, ആധുനിക ശാസ്ത്രം,ജനാധിപത്യം പാശ്ചാത്യ
തത്ത്വചിന്ത, എന്നിവയുടെയും കൂടി ജന്മസ്ഥലമാണ്. ഒരു കാലത്ത്‌ ലോകത്തിൻ്റെ
ഭരണ സിരാകേന്ദ്രമായിരുന്ന ഈ രാജ്യത്തിന്റെ കഴിഞ്ഞ ദശാബ്ദത്തിലെ ആഭ്യന്തര
വരുമാനത്തിന്റെ ശരാശരി വളർച്ചാ നിരക്ക് രണ്ട് ശതമാനം മാത്രമാണ്. ജനസംഖ്യയുടെ
11 ശതമാനവും തൊഴിൽരഹിതർ ആയി തുടരുന്ന ഗ്രീസിന്റെ പൊതുകടം ആഭ്യന്തര
ഉത്പാദനത്തിന്റെ 150 ശതമാനമാണ്.
 
യൂറോപ്പിന്റെ തെക്കുകിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്രീസ്ന്റെ ഈ
പതനത്തിനു പ്രധാന കാരണങ്ങൾ രണ്ടാണ്. 1980 മുതൽ ജനപിന്തുണ നേടാനായി
കൊണ്ടുവന്ന ദീർഘവീക്ഷണം ഇല്ലാത്ത സർക്കാർ പദ്ധതികളും ലിബറൽ
സാമ്പത്തിക നയങ്ങളുമാണ് ഒന്നാമത്തേത് എങ്കിൽ രണ്ടാമത്തേത് ഇവ സൃഷ്‌ടിച്ച
പ്രതിസന്ധി മറികടക്കാൻ അധികൃതർ സ്വീകരിച്ച വഴികളാണ്. കണക്കുകളിൽ
കൃത്രിമം കാട്ടി 2001-ൽ യൂറോസോൺ എന്ന യൂറോ ഉപയോഗിക്കുന്ന
കൂട്ടായ്മയിലേക്കു കടക്കാൻ ആയെങ്കിലും 2008-ലെ സാമ്പത്തിക മാന്ദ്യം ഗ്രീസിനെ
തളർത്തി. രാജ്യാന്തര നാണയ നിധി (IMF) ഉൾപ്പെടെ പല അന്താരാഷ്ട്ര
സംഘടനകളും സാമ്പത്തിക സഹായം രാജ്യത്തിന് നൽകിയത് കർശനവും, കടുത്തതുമായ
സാമ്പത്തിക നിയന്ത്രണങ്ങൾ ഗ്രീസ് നടപ്പാക്കും എന്ന ഉറപ്പിൻ മേലാണ്.
ജനപ്രിയ പ്രഖ്യാപനങ്ങൾക്കും സാമ്പത്തിക അച്ചടക്കത്തിനും ഇടയിൽ ഉള്ള
സന്തുലിത കണ്ടെത്തുന്നിടത്താണ് ഒരു സർക്കാരിന്റെ വിജയം എന്ന പാഠം
ഗ്രീസിലൂടെ പിന്നെയും ഊട്ടി ഉറപ്പിക്കപ്പെട്ടു.
 
ഗ്രീസിൻ്റെ അനുഭവപാഠംമനസ്സിൽ വച്ചുകൊണ്ടു ലോകത്തിലെ ഏറ്റുവും
വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സാമ്പത്തിക അച്ചടക്ക
അധ്യായത്തിലേക്ക് കടക്കാം. എൺപതുകളുടെ അവസാനത്തിൽ ആരംഭിച്ചു
90 കളിൽ മൂർച്ഛിച്ച സാമ്പത്തിക പ്രതിസന്ധിയോടെ ആണ് ഇന്ത്യ
പൊതുകട നിയന്ത്രണത്തിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയത്. ഈ
ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ നാഴികക്കല്ലായിരുന്നു 2003-ൽ കേന്ദ്രമന്ത്രിസഭ
അംഗീകരിച്ചു 2004 ജൂലൈ 5-ന് പ്രാബല്യത്തിൽ വന്ന ഫിസ്‌ക്കൽ
റെസ്‌പോൺസിബിലിറ്റി ആൻഡ് ബഡ്ജറ്റ് മാനേജ്‌മെൻ്റ് (FRBM) ആക്‌ട്
സർക്കാരിന്റെ മൊത്തം വരുമാനവും (വായ്പകൾ ഉൾപ്പെടുത്താതെ) മൊത്തം
ചെലവും തമ്മിലുള്ള വ്യത്യാസമായ ധനക്കമ്മി(Fiscal deficit)
കുറയ്ക്കുന്നതിനോടൊപ്പം റവന്യൂ കമ്മി, ധനക്കമ്മി, നികുതി വരുമാനം,
മൊത്തം കുടിശ്ശിക ബാധ്യതകൾ എന്നിവ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ
(ജിഡിപി) ഒരു ശതമാനമായി ഇടക്കാല ധനനയ പ്രസ്താവനയിൽ
കണക്കാക്കണമെന്നും എഫ്ആർബിഎം നിയമം നിർദ്ദേശിച്ചു. നാളിതുവരെ
പലതവണ ഭേദഗതി ചെയ്ത ഈ നിയമത്തിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ
ഇന്ത്യാ ഗവൺമെൻ്റിന് കഴിഞ്ഞിട്ടില്ല.2047 ഓടെ ഇന്ത്യയെ വികസിത
രാജ്യമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പോലും
സാമ്പത്തിക അച്ചടക്കത്തിന്റെ ചട്ടക്കൂടിനകത്തു നിന്നായിരിക്കും എന്ന്
ആവർത്തിക്കുന്ന സർക്കാരിന്റെ പ്രഖ്യാപനങ്ങൾ നടപ്പു സാമ്പത്തിക
വർഷത്തിലെ (2024 - 25) ബഡ്ജറ്റിന്റെ കൂടി പശ്ചാത്തലത്തിൽ പരിശോധിക്കുക
എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം
 
മുന്നേറ്റം കരുതലിലൂടെ
 
സർക്കാരിന്റെ മൊത്തം വരുമാനവും (വായ്പകൾ ഉൾപ്പെടുത്താതെ) മൊത്തം ചെലവും
തമ്മിലുള്ള വ്യത്യാസമായ ധനക്കമ്മി(Fiscal deficit),സർക്കാരിന് ആവശ്യമായ മൊത്തം
കടമെടുപ്പിന്റെ സൂചന കൂടി ആണ്. റവന്യൂ കമ്മി (revenue deficit)മൂലമോ
മൂലധനച്ചെലവിലെ വലിയ വർദ്ധനവ് മൂലമോ ഉണ്ടാകുന്ന ധനക്കമ്മിയെ, ട്രഷറി
ബില്ലുകളും ബോണ്ടുകളും പോലുള്ള വ്യത്യസ്ത ഉപകരണങ്ങൾ പുറപ്പെടുവിച്ച്
വിപണിയിൽ നിന്ന് പണം സ്വരൂപിച്ച് ആണ് സാധാരണയായി നിയന്ത്രിക്കുന്നത്.
2020 -21 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര ഉത്പാദനത്തിന്റെ 9.2 ശതമാനം
ആയിരുന്ന ധനകമ്മിയെ പോയ വർഷം (2023 -24) 5 .6 ശതമാനത്തിലേക്കു
കൊണ്ടുവരാൻ സർക്കാരിന് സാധിച്ചു. ഈ നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ്
ആണ് നടപ്പ് സാമ്പത്തിക വർഷത്തിൽ (2024 -25) ധനകമ്മിയെ 4 .9
ശതമാനത്തിലേക്കും ശേഷം (2025 -26 സാമ്പത്തികവർഷത്തിൽ) 4.5
ശതമാനത്തിലേക്കും ചുരുക്കാൻ കഴിയും എന്ന് സർക്കാർ കണക്കുകൂട്ടുന്നത്.
 
ധനകമ്മിയെ നിയന്ത്രിക്കണം എന്ന ലക്ഷ്യം ഉന്നം വയ്ക്കുമ്പോഴും മൂലധന
ചെലവുകൾ ഉൾപ്പടെ സർക്കാരിന്റെ യാതൊരു ചെലവുകളിലും കുറവ് വരില്ല എന്ന
പ്രഖ്യാപനം വളരെ പ്രധാനപെട്ടതാണ്. സർക്കാരിന്റെ മൊത്തത്തിൽ ഉള്ള ചെലവ്
കഴിഞ്ഞ വർഷത്തെ 44 ലക്ഷം കോടി രൂപയിൽ നിന്ന് 48 ലക്ഷം കോടി രൂപയിലേക്കു
ഉയർത്തുമെന്നും മൂലധന ചെലവുകൾ ഇടക്കാല ബജറ്റിലെ പ്രഖ്യാപനമായ 11.11
ലക്ഷം കോടിയായി നിലനിർത്തും എന്നും ഉദാഹരണങ്ങളായി ബജറ്റ് രേഖകൾ
ചൂണ്ടികാട്ടുന്നു. കേന്ദ്ര ബാങ്കിൽ നിന്ന് ലഭിച്ച ലാഭവിഹിതമായ 2.11 (ഇതിൽ
72000 കോടി രൂപ ധനകമ്മി കുറയ്ക്കാൻ ഉപയോഗിച്ചു) ലക്ഷം കോടിയുടെ
ലാഭവിഹിതവും കേന്ദ്ര നികുതി വകുപ്പുകളുടെ (പ്രത്യക്ഷ - CBDT, പരോക്ഷ - CBIC
നികുതി വകുപ്പുകൾ) മെച്ചപ്പെട്ട പ്രവർത്തനം കാരണം ഉയരുന്ന നികുതി
വരുമാനവും കേന്ദ്രസർക്കാരിന്റെ ആത്മവിശ്വാസത്തെ കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ
സാമ്പത്തിക വർഷത്തെ (2023-24) അപേക്ഷിച്ചു നികുതി വരുമാനത്തിൽ 2 .5 ലക്ഷം
കോടി (11 ശതമാനം) രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1 .5 ലക്ഷം കോടി (35
ശതമാനം) രൂപയുടെ വർധനവും പ്രതീക്ഷിക്കുന്ന സർക്കാർ മൊത്ത വായ്പകൾ
15.43 ലക്ഷം കോടിയിൽ നിന്ന് 14.01 ലക്ഷം കോടിയിലേക്കു കുറയ്ക്കാമെന്നും അതു
വഴി അറ്റ വായ്പകൾ 11.63 ലക്ഷം കോടിയിലേക്ക് എത്തിക്കാൻ സാധിക്കും എന്നും
കണക്കുകൂട്ടുന്നു
 
കടവും അതുവഴി ധനകമ്മിയും കുറയ്ക്കുന്നതിലൂടെ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ്
ഏജൻസികളുടെ (കടം തിരിച്ചടക്കാനുള്ള കഴിവിന്റെ പശ്ചാത്തലത്തിൽ രാജ്യങ്ങളെ
തരം തിരിച്ച് അവയ്ക്കു സ്കോർ നൽകുന്ന ഏജൻസികളാണ് ക്രെഡിറ്റ് റേറ്റിംഗ്
ഏജൻസികൾ) സ്കോറിങ്ങിൽ മികച്ച മുന്നേറ്റം കൈവരിക്കാൻ ആകുമെന്നും
അവയിലൂടെ വിദേശ സാമ്പത്തിക നിക്ഷേപങ്ങൾ കൈവരിക്കാം എന്നിരിക്കെ
സർക്കാരിന്റെ ഈ ലക്ഷ്യങ്ങൾ പ്രശംസനീയമാണ്.
 
സഖ്യകക്ഷികളെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചില സംസ്‌ഥാനങ്ങളെ
ഉന്നം വച്ചുള്ള പ്രഖ്യാപനങ്ങൾ രാജ്യത്തിൻറെ ഫെഡറലിസ്റ്റ്  തത്വങ്ങൾക്ക്
ഭൂഷണമല്ലെങ്കിലും സംസ്‌ഥാനങ്ങൾക്കു മൂലധന ചിലവുകൾക്കായി 1 .5 ലക്ഷം
കോടി രൂപ പലിശരഹിത വായ്പ്പയായി അനുവദിക്കാൻ ഉള്ള തീരുമാനം
സംസ്ഥാനങ്ങൾക്ക് ഊർജ്ജം പകരും.
 
മറുപുറം
 
ധനകമ്മിയും റവന്യൂ കമ്മിയും ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു പ്രത്യേക
ആനുപാതത്തിലേക്കു കൊണ്ട് വരുന്നത് നല്ലതാണെങ്കിലും കണക്കുകളും
കണക്കുകൂട്ടലുകളും മാറ്റി വച്ച് പരിഗണിക്കേണ്ട വസ്തുത ഈ പ്രഖ്യാപനങ്ങളുടെ
പ്രായോഗ്യതയും താഴെ തട്ടിൽ അവ വരുത്തുന്ന മാറ്റങ്ങളും ആണ്. കോവിഡിനോട്
അനുബന്ധിച്ച സാമ്പത്തിക മാറ്റങ്ങളോട് ജനങ്ങൾ പൊരുത്തപ്പെട്ട് വരുന്ന
സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പേരിൽ ആവശ്യത്തിൽ കവിഞ്ഞ
നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് (ഉദാഹരണത്തിന് പൊതുകടം മൊത്ത ആഭ്യന്തര
ഉത്പാദനത്തിന്റെ (GDP) 3 ശതമാനത്തിലേക്ക് കൊണ്ട് വരാൻ ഉള്ള ശ്രമം)
ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. ചെലവുകൾ കുറയാതെ കമ്മി
കുറയ്ക്കും എന്ന് അവകാശപ്പെടുമ്പോഴും ചെലവുകളുടെ ഗുണനിലവാരത്തെ പറ്റിയും
അവ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റത്തെ പറ്റിയും കൂടി അധികാരികൾ
ചിന്തിക്കേണ്ടതുണ്ട്.
 
അടിസ്ഥാന സൗകര്യം, ഡിജിറ്റലൈസേഷൻ, തുടങ്ങിയ മേഖലകളിൽ നാം
മുന്നേറിയിട്ടുണ്ടെങ്കിലും തൊഴിലില്ലായ്മ, പട്ടിണി, അസമത്വം തുടങ്ങിയ
അടിസ്ഥാന പ്രശ്നങ്ങൾക്ക്‌ ശാശ്വതമായ പരിഹാരം കണ്ടെത്താൻ നമുക്ക്
കഴിഞ്ഞിട്ടില്ല. കൃഷിയേതര മേഖലയിൽ 2030 വരെ വർഷംതോറും 78 ലക്ഷം തൊഴിൽ
സൃഷ്ടിക്കുക, സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക
തുടങ്ങിയ സാമ്പത്തിക സർവ്വേയുടെ നിർദേശങ്ങൾ ധനകമ്മിയുടെ
ചട്ടക്കൂടിനകത്തു നിന്ന് ചെയ്യാൻ കഴിയുമോ എന്ന് കാലം തെളിയിക്കേണ്ടതാണ്.
റവന്യൂ ചെലവുകൾ മോശവും മൂലധന ചെലവുകൾ നല്ലതും ആണ് എന്ന പതിവ്
പല്ലവിയിൽ കഴമ്പില്ലെങ്കിലും സർക്കാരിന്റെ മൊത്ത വരുമാനത്തിന്റെ 24
ശതമാനവും (റവന്യൂ വരുമാനത്തിന്റെ 37 ശതമാനവും ) ഉപയോഗിക്കുന്നത്
മുൻകടങ്ങളുടെ പലിശയ്ക്കായി ആണ് എന്ന സത്യം നാം കാണാതെ പോകരുത്. മൂഡിസ്
(moody’s), ഫിച്ച് (fitch), S&P പോലെ ഉള്ള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ
കുറഞ്ഞ സ്കോറിന് കാരണമായി ചൂണ്ടിക്കാട്ടാറുള്ള പ്രധാന കാരണം ഈ ഉയർന്ന
പലിശ ഭാരമാണ്. മൂഡിസ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ Baa റേറ്റിംഗ് ഉള്ള പല
രാജ്യങ്ങൾക്കും അവരുടെ പലിശയുടെ വിഹിതം വരുമാനത്തിന്റെ എട്ട് ശതമാനം
ആണ് എന്ന വസ്തുത നമ്മൾ പരിഗണിക്കണം.
 
പൊതുകടം കുറയ്ക്കാൻ എന്ന മട്ടിൽ സംസ്‌ഥാന സർക്കാരുകളെ ശ്വാസം
മുട്ടിക്കുമ്പോഴും കേന്ദ്ര സർക്കാരിന്റെ ചെലവുകളെയും കടമെടുപ്പിനെയും
നിരീക്ഷിക്കാൻ ഒരു സംവിധാനം നമുക്കില്ല. 14-ാം ധനകാര്യ കമ്മീഷൻ ഉൾപ്പടെ പല
ഉന്നത സമിതികളും കേന്ദ്ര സർക്കാരിന്റെ ചെലവുകളെ നിരീക്ഷിക്കാൻ ഒരു സമിതി
വേണം എന്ന് നിർദേശിച്ചു എങ്കിലും ആ നിർദേശം ഇന്നും കടലാസിൽ തന്നെയാണ്.
 
ചുരുക്കത്തിൽ മികച്ച വിദേശ നിക്ഷേപവും, അച്ചടക്കവും ഒക്കെ ലക്ഷ്യമാക്കി
മുന്നോട്ടു പോകുമ്പോഴും രാജ്യം കാലുറപ്പിച്ചു നിൽക്കുന്ന മേഖലകളിലെ മണ്ണ്
ഒലിച്ചു പോകുന്നില്ല എന്ന് ഭരണകർത്താക്കൾ ഉറപ്പു വരുത്തണം. സാമ്പത്തിക
അച്ചടക്കം പരിപാലിക്കുന്നത് കൊണ്ടും സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം
സംരക്ഷിക്കുന്നത് കൊണ്ടും ഗ്രീസിന്റെ ദുരവസ്ഥ ഇന്ത്യക്കു വരില്ല എന്ന്
പറയുമ്പോഴും, ഐക്യരാഷ്ട്രസഭയുടെ 2023 ലെ മാനവ വികസന സൂചികയിൽ (Human
Development Index) ഗ്രീസ് മുപ്പത്തിമൂന്നാമതും ഇന്ത്യ നൂറ്റിമുപ്പത്തി നാലാമതും
ആണ്. നീതി ആയോഗിന്റെ കണക്കുപ്രകാരം രാജ്യത്തിൻറെ ജനസംഖ്യയുടെ 11.28
ശതമാനവും ബഹുമുഖ ദാരിദ്ര്യം നേരിടുന്നവരാണ്. രാജ്യത്തിൽ നിലനിൽക്കുന്ന
സാമ്പത്തിക അസമത്വങ്ങളെയും അടിസ്ഥാന പ്രേശ്നങ്ങളെയും തുടച്ചുനീക്കി
 സമ്പദ് വ്യവസ്ഥയുടെ പുരോഗതി ഉറപ്പാക്കാൻ സർക്കാരിന് ഇനിയും ഏറെ
ചെയ്യാനുണ്ട് എന്നതിന്റെ തെളിവുകൾ ആണ് മേല്പറഞ്ഞ വസ്തുതകൾ. ഈ
സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്ക്ത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ
പൊതുചെലവിനു മേലുള്ള നിയന്ത്രണങ്ങൾ ആയി മാറിയാൽ അവയുടെ ആഘാതം
വളരെ വലുതായിരിക്കും.