കീം 2026: രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിലെ എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM) 2026-ന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ cee.Kerala.gov.in വഴി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 31, വൈകുന്നേരം 5 മണിവരെയാണ്. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ജനുവരി 31. മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 7 ആണ്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് നടക്കുക. കേരളത്തിലെ എല്ലാ ജില്ലകളിലും കൂടാതെ ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലും ദുബായിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
അപേക്ഷാ ഫോമിൽ നൽകുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും വിദ്യാർത്ഥിയുടേതോ രക്ഷിതാവിന്റേതോ ആണെന്ന് ഉറപ്പുവരുത്തണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ, ഒപ്പ് തുടങ്ങിയവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇത്തവണ അപേക്ഷാ ഫീസിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും cee.kerala.gov.in സന്ദർശിക്കുക.