രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി
ആലപ്പുഴ; ബലാത്സംഗക്കേസില്‍ കോടിതി ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി. അറസ്റ്റിലായി പതിനെട്ട് ദിവസങ്ങള്‍ക്കുശേഷമാണ് രാഹുല്‍ മോചിതനാകുന്നത്. മാവേലിക്കര സബ് ജയിലില്‍നിന്നാണ് മോചിതനായത്.മൂന്നാം ബലാത്സംഗക്കേസില്‍ രാഹുലിന് പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ബലാത്സംഗ കേസില്‍ പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷന്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.
ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയില്‍ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ കോടതി രാഹുലിനെ റിമാന്‍ഡില്‍ വിടുകയും ശേഷം പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.
ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. അതേ സമയം ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുല്‍ മൊഴി നല്‍കിയത്.