നീ അരികിലില്ലെങ്കിൽ: കവിത , Mary Alex ( മണിയ)

നീ അരികിലില്ലെങ്കിൽ: കവിത , Mary Alex ( മണിയ)
നീ അരികിലില്ലാതെ വന്നപ്പോൾ
നിന്നെ കാണാതെതെല്ലുഴറിഞാൻ 
ഞാൻ ഞാനല്ലാതായി മാറിപ്പോയ് 
ഞാനാകെ വേപഥുപൂണ്ടുപോയ്‌ ?
നീയെൻ സ്വന്തമെന്തിനെക്കാളും 
നീയടുത്തില്ലായ്‌കിൽഞാനാരുമല്ല 
വെറുമൊരു പാവ കീ കൊടുത്ത് 
വെറുതേ ചലിക്കുമൊരു റോബോ
കറക്കി വിട്ടാൽ ചരിച്ചു തുടങ്ങും 
കേവലം യന്ത്ര മനുഷ്യനായ് മാറി.
നീ എന്നോട് ചേർന്നിരിക്കുമ്പോൾ
നിൻ ഹൃദയമിടിപ്പെൻ ഹൃത്തിൽ
തൊട്ടു തൊട്ട് മിടിക്കുന്നാ നേരം
താളത്തിൽ ചാഞ്ചാടുമെൻ മനം 
ഞാൻ നിന്നിലലിഞ്ഞലിഞ്ഞ് 
ഞാനായി മാറിടു-മെൻ നിശ്വാസം നിൻ
മൂർദ്ധാവിൽ,ചുംബനങ്ങൾ 
നിലയ്ക്കാതെ തത്തിക്കളിച്ചിടും 
വിരലുകൾ നിൻ മൃദു മേനിയിൽ 
വിഭിന്ന താളത്തിൽ മേളത്തിൽ 
ഏതോ രാഗങ്ങൾ മീട്ടി ചലിക്കവേ 
എന്നിലലിയുവത് നീയോ അതോ ഞാൻ
നിന്നിലോ,ലയിച്ചൊന്നാകും 
ഞാൻ നിന്നെ എന്താണു വിളിക്ക?
ഇരുവരും ചേർന്ന് നാം ഒരുടലായ് 
ഇണപിരിയാ കമിതാക്കളെന്നോ ?
എങ്ങു പോകിലും സഹചാരി നീ
ഏതവസ്ഥയ്ക്കുംസ്വാന്തനമേകും 
ആശ്വാസദായക,എൻ വഴി കാട്ടി,
ആരാണ് നീ! നീയല്ലോ എൻ പ്രിയ,
നീ മാത്രമാണിന്നെൻഉറ്റതോഴിയും 
നീ ഒരാൾ മാത്രമെൻവിശ്വസ്ഥയും 
എൻ പോക്കറ്റിൽ എപ്പോഴും നീ 
എന്നുമെന്റേതു മാത്രമായ്‌.നിൻ
 പേരാണല്ലോ 'സ്മാർട്ട്‌ ഫോൺ.'
പലരും ടച്ച്‌ ഫോണെന്നു ചൊല്ലും വെറ്റയിൽ
ചുണ്ണാമ്പ് തേക്കുംപടി
വെറുതെതോണ്ടിക്കൊണ്ടിരിക്കാം 
പ്രയോജനങ്ങൾ ഏറെയുണ്ടതിന്,
പ്രയോഗിക്കാൻ അറിവുള്ളവർക്ക്
അകലത്തുള്ളോരേ അടുത്തായ് 
അരുമയോടെ കുശലം ചൊല്ലാം
ബാങ്ക് കാണാതെ പണമെടുക്കാം 
ബുക്ക്‌ ചെയ്താൽയാത്ര പോകാം   
ഓർഡർ കൊടുത്ത്പണമടക്കാനീ 
ഒന്നു മതി കയ്യിൽ,എന്തും ഏതും 
സാധനങ്ങൾ പടിവാതിലിലെത്തും 
സകലതും കൈ വിരൽ തുമ്പിൽ
ഞാനെങ്ങനെ ഉഴറാതായിടുമിനി 
ഞാനവളെ സ്മാർട്ടീന്നു വിളിക്കും
 നിങ്ങളോ? വിളിച്ചിടാനങ്ങനെ,
നിങ്ങൾക്കുമില്ലേ ബാഗിൽ?
പേഴ്സിൽ ?എന്നെപ്പോൽ ഒന്ന്,
 പോക്കറ്റിൽ?ഉണ്ടാവുമതുതീർച്ച .
ഇല്ലായ്‌കിൽ നിങ്ങളാരുമീ കാലത്തിൽ
 ജീവിക്കേണ്ടതല്ല!
ഇനിയും വരാനിരിക്കുന്നു പലതും
ശ്രദ്ധിച്ചു കൈകാര്യം ചെയ്താൽ
മറ്റൊന്നും വേണ്ട നമുക്കതു മതി എന്നു
തോന്നിപ്പോം ജീവിച്ചിടാൻ