കോർക്കാൻ കഴിയാത്ത മുത്തുകൾ :  കഥ, ശുഭ ബിജുകുമാർ

കോർക്കാൻ കഴിയാത്ത മുത്തുകൾ :  കഥ,  ശുഭ ബിജുകുമാർ
 ഫ്ലാറ്റിന്റെ മുകൾ നിലയിൽ  നിന്നും ദേവു താഴെയുള്ള ശിവാനിയുടെ ഫ്ലാറ്റിന്റെ മുറ്റത്തേയ്ക്ക് നോക്കി. 
മഞ്ഞ ജമന്തി നിറയെ വിരിഞ്ഞു നിൽക്കുന്നു.
കുറച്ചു മാറി  രാധാകൃഷ്ണന്മാരുടെ പടമുള്ള നീളൻ വെള്ള ചട്ടിയിൽ അവൾ തുളസിച്ചെടിയുടെ കല്യാണം നടത്തി. 
ഓരോ ഇലകളിലും സിന്ദൂരം ചാർത്തി വെച്ചിട്ടുണ്ട്.  
തലേന്ന് അവൾ ദേവൂനോട്‌ പറഞ്ഞു. 
"ദീദി  ആജ് തുളസി കി ശാദി ഹെ"

ഹിന്ദിക്കാരുടെ ആചാരങ്ങളിൽ ഒന്നായിരുന്നു തുളസിച്ചെടിയുടെ കല്യാണം.  തുളസി  നിൽക്കുന്ന സ്ഥലത്ത്‌ അവൾ  രംഗോലിയും ഇട്ടിട്ടുണ്ട്. കണ്ടു മുട്ടിയ നിമിഷം മുതൽ അവൾക്കു ദേവൂനോട്‌ വല്ലാത്ത അടുപ്പം ഉണ്ടായിരുന്നു.  
കാണാൻ സുന്ദരി ആയിരുന്ന ശിവാനി  കേരളത്തിലെ സ്ത്രീകളുടെ കണ്ണുകളെയും  മൂക്കിനെയും പറ്റി  എപ്പോഴും വർണ്ണിച്ചു പറയുമായിരുന്നു.
ദേവൂന്റെ  മുഖഭംഗിയെക്കുറിച്ച് ശിവാനി ചിരിയോടെ പറയുമായിരുന്നു.
ചെറിയ കാര്യങ്ങൾക്കു പോലും പതറി പോകുന്ന ശിവാനി ഇടയ്ക്കിടെ പുറത്തു വരാതെ സ്വന്തം ലോകത്ത് ഒതുങ്ങി പോകുന്നത്  ദേവൂന്റെ ശ്രദ്ധയിൽപ്പെടാറുണ്ടായിരുന്നു.
അവർ രണ്ടു പേരും ഒരേ ഫ്ലാറ്റിലെ താമസക്കാർ ആയിരുന്നു.
ഭർത്താവിനെയും കുഞ്ഞുങ്ങളെയും ജീവനു തുല്യം സ്നേഹിച്ചിരുന്ന ശിവാനി അവരുടെ ഓരോ ചെറിയ കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു.
കണ്ണാടി പോലെ തിളങ്ങുന്ന അവളുടെ ഫ്ലാറ്റിന്റെ ചുവരിലോ തറയിലോ ഒരു തരി പൊടി പോലും ഉണ്ടായിരുന്നില്ല.
ഉപവാസങ്ങളാലും വ്രതങ്ങളാലും അവൾ എപ്പോഴും ക്ഷീണിതയായി കാണപ്പെട്ടു...
തനിക്കു ചുറ്റുമുള്ള പലതിനെയും അവൾ ഭയപ്പെടുന്നതു പോലെ ദേവുവിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ബുദ്ധനെയും ഏഴു കുതിരകളെയും ഒക്കെ അവൾ മനോഹരമായി വരച്ചു സ്വന്തം മുറികളിൽ സൂക്ഷിച്ചിരുന്നു.
ഇടയ്ക്ക് ഒരുമിച്ചിരുന്നു ചായ കുടിക്കാൻ അവൾ  ദേവുവിനെ വീട്ടിലേക്കു വിളിച്ചു.
അങ്ങനെ ചായ കുടിച്ചു കൊണ്ടിരിക്കവേ ദേവു അവളോട് ചോദിച്ചു. "എന്തിനാ നീ ഇത്ര ഉപവാസം എടുക്കുന്നത്? നിന്റെ കവിളുകളുടെ തുടിപ്പ് നഷ്ടപ്പെടുന്നല്ലോ. നീ എന്തേ നാട്ടിലേക്കു പോകാത്തത്?" 
അവൾ  പേടിയോടെ പറഞ്ഞു.
 എന്റെ ഭർത്താവിന്റെ അച്ഛൻ ഒരു കേണൽ ആണ് അദ്ദേഹം ഒരുപാട്  ചിട്ടയുള്ള ആളാണ്. അമ്മ ഞാൻ ഇടുന്ന വസ്ത്രം നോക്കി ഉച്ചത്തിൽ ഭയപ്പെടുത്തും.
 "ശിവാനി, നീ ഈ ഡ്രസ്സ്‌ ഇടാൻ പാടില്ല. അവിടെ നീ എന്തിനു വെള്ളം ഒഴിച്ചു?  നീ എന്തിനാണ് അങ്ങോട്ട് പോയത്?..
...അങ്ങനെ കുറെ നിയമങ്ങളുണ്ട് അവിടെ...
.....അവരെയൊക്കെ എനിക്ക് ഭയമാണ്. ഈ ഉപവാസമൊക്കെ അവരിൽ നിന്നും രക്ഷപ്പെടാൻ ആണ് എടുക്കുന്നത്.....
ശിവാനി പറഞ്ഞു നിർത്തി.
ഓരോ പുത്രവധുക്കളെയും സ്വന്തം മകളായി കരുതിയാൽ, അവരുടെ സ്വപ്നങ്ങളുടെ ചിറകുകൾ അരിയാതിരുന്നാൽ ... അവരിങ്ങനെ ഒളിച്ചോടുമായിരുന്നോ ? 
ദേവു മനസിലോർത്തു .... ഉള്ളിലൂറിവന്ന ഒരു നൊമ്പരത്തോടെ .
പാവം ശിവാനി.
സ്വന്തം നാട് വിട്ട്, ഉറ്റവരെ വിട്ട് നിൽക്കുന്നത് അതുകൊണ്ടല്ലേ.
ഒരു ദിവസം അവൾ  മുറ്റത്തെ ഓരോ കുഞ്ഞു പുല്ലും  പിഴുതെറിഞ്ഞു. കുറെ പുതിയ ഇനം പൂക്കൾ പല ചട്ടികളിൽ നിരത്തി വച്ചു.
ചുവന്ന പരവതാനി വിരിച്ചിട്ട് അവളെന്നെ ഉറക്കെ വിളിച്ചു. 
"ദീദി നീച്ചേ ആവോ.." 
അന്നവൾ പതിവിലും സന്തോഷവതിയായിരുന്നു.
അവളുടെ സന്തോഷത്തിന്റെ കാരണം അറിയാൻ  ദേവു ഓടി ചെന്നു. അവൾ സന്തോഷത്തോടെ പറഞ്ഞു. അവളുടെ അച്ഛനും അമ്മയും അവളെ കാണാൻ എത്തുന്നുണ്ട്. മൂന്നു വർഷങ്ങൾക്കു ശേഷം.
പിന്നീട് അവൾ മൂളിപ്പാട്ടുകൾ പാടി. മെഹന്ദി ഇട്ടു ചിരിച്ചും കളിച്ചും നടന്നു. അമ്മയ്ക്കും അച്ഛനും വാങ്ങിയ സ്വെറ്ററും കമ്പിളിയും ഒക്കെ അവളെനിക്ക് കാണിച്ചു തന്നു.
ദീപാവലിക്ക് പടക്കം പൊട്ടിച്ചു മറ്റൊരു കുട്ടിയായി ആർത്തു ചിരിക്കുന്ന അവളെ കണ്ണെടുക്കാതെ നോക്കി ദേവു നിന്നു.
ശിവാനി സുന്ദരനായ ഭർത്താവിനോട് ചേർന്നാണ് നിന്നത്.
ദിവസങ്ങളും മാസങ്ങളും എത്ര വേഗമാണ് ഒഴുകിപ്പോകുന്നത്.  
അവരെത്താൻ കുറച്ചു ദിവസങ്ങൾ മാത്രം.
അതിനിടക്ക് ശിവാനിയുടെ മകന്റെ പിറന്നാൾ. 
ആ ദിവസം അവൾ  ബലൂണുകൾ തൂക്കി വീട് നന്നായി അലങ്കരിച്ചു. ദേവുവിനെയും പിറന്നാളിന് ക്ഷണിച്ചിട്ടുണ്ടായിരുന്നു. 
അന്തരീക്ഷത്തിൽ  നേർത്ത മൂടൽ മഞ്ഞ് വ്യാപിച്ചിരുന്നു.
മഞ്ഞിന്റെ മൂടുപടത്തിലൂടെ  ഒരു വെളുത്ത കാർ വരുന്നത് ദേവു കണ്ടു.
ശിവാനിയുടെ ഭർത്താവ് ഭാരം നിറഞ്ഞ പെട്ടി കാറിലേക്ക് വച്ചു. ശിവാനി എവിടെ ഒക്കെയോ നോക്കുന്നു. അവർ എവിടെയോ പോകുന്നു ...
ദേവു പതിവ് ജോലികളിൽ ഏർപ്പെട്ടു. സന്ധ്യ ആയിട്ടും ശിവാനിയെ  കണ്ടില്ല. അപ്പോൾ മറ്റൊരു ഫ്ലാറ്റിലെ സ്ത്രീ എത്തി  ദേവുവിനോട്‌ പറഞ്ഞു. "അറിഞ്ഞില്ലേ,  ശിവാനിയുടെ അമ്മ മരിച്ചു." ഹൃദയം മരവിച്ചു ദേവു നിന്നു പോയി. മനുഷ്യൻ എത്ര  നിസ്സാരൻ ആണ്. അവർക്കു തമ്മിൽ കാണാൻ  ഒരവസരം ഈശ്വരന് കൊടുക്കാമായിരുന്നു..
ആ മകളെ കാണാൻ ഓടി വരാൻ ഇരുന്ന അമ്മ അവളെ കാണാതെ മടങ്ങി.
മനുഷ്യൻ ഒന്ന് ചിന്തിക്കുന്നു, ഈശ്വരന്റെ തീരുമാനം മറ്റൊന്നുമാണ്.
അവൾ വരുമ്പോൾ ഇനി എല്ലാത്തിനും മറുപടി കൊടുക്കേണ്ടത് ദേവു ആണെന്ന്  അവൾക്കറിയാം. അവളുടെ സങ്കടമത്രയും ഏറ്റു വാങ്ങിയത് ദേവു ആണ്.
ആശ്വാസവാക്കുകൾ ഇനി പറയാൻ ആകുമോ?
നിയമങ്ങളും നിബന്ധനകളും നിറഞ്ഞ മനുഷ്യർക്കിടയിൽ  സ്വപ്നങ്ങൾ പൊലിഞ്ഞു പോകുന്ന പാവം മനുഷ്യരുണ്ട്.
വെള്ളമുത്തുകൾ  കൊരുത്ത ഒരു മാല പോലെ ആയിരുന്നു ശിവാനി. 
ആ മുത്തുകൾ അടർന്നു വീണു. ഇനിയത് പഴയതു പോലെ കോർക്കാൻ കഴിയുമോ ദേവുവിന്?
 ശുഭ ബിജുകുമാർ