നിശ്ശബ്ദയാകരുത് : കവിത, മിനി സുരേഷ്
നിശ്ശബ്ദതയുടെ ചങ്ങലയ്ക്കുള്ളിൽ
നിങ്ങളെയവർ തളയ്ക്കാനൊരുങ്ങും
ശബ്ദം കാറ്റിനൊപ്പം വളരുമ്പോൾ
പുഴുവിൻ്റെ ചിരിയായത് പരിഹാസമാക്കും
ചോദ്യമുയർന്നാൽ ഭ്രാന്തെന്ന് വിളിക്കും
ധൈര്യമായാൽ ദ്രോഹമെന്ന് മുദ്രകുത്തും
സത്യത്തിൻ്റെ പ്രതിധ്വനികളെ ഭയമാണവർക്ക്
ശബ്ദമുയർന്നാലത് പാപമാക്കും
മിണ്ടാതിരിക്കാൻ പഠിപ്പിച്ചവർ
നിശ്ശബ്ദതയാണ് പാപം
അന്യായത്തിൻ്റെ പരവതാനിയിലുള്ള
കൈയ്യും കെട്ടി നിൽപ്പാണ്
നിശ്ശബ്ദതയെ അവഗണിക്കരുത്
വിപ്ലവത്തിൻ്റെ വാക്കുവിത്താണ്
മുറവിളികളുടെഗർജ്ജനമാണത്
കാലങ്ങളടിച്ചമർത്തിയ ശബ്ദം
ഉച്ചത്തിലുള്ള നിലവിളികളുടെ
മേഘവിസ്ഫോടനത്തിൽ
നീതിമഴയായി പെയ്തിറങ്ങട്ടെ
ഭൂമി മുഴുവനും നനയട്ടെ