കാലത്തിനൊപ്പം കണ്ണൻ: കഥ, ഗംഗാദേവി

കാലത്തിനൊപ്പം കണ്ണൻ: കഥ, ഗംഗാദേവി

കൃഷ്ണേട്ടനെ കണ്ടതും കണ്ണൻ അത്ഭുതത്തോടെ നോക്കി. കൃഷ്ണേട്ടന് ആകെ ഒരു മാറ്റം.

 "എന്താണാവോ വിശേഷം ". കണ്ണൻ ഒന്നു മനസ്സിൽ പരതി. "ജന്മദിനം, വിവാഹദിനം, ഏയ് അതിനൊന്നും കൃഷ്ണേട്ടൻ ഒരുങ്ങാറില്ല. ഒന്നുരണ്ടു മാസമായിട്ട് വൃത്തിയുള്ള മുണ്ടുടുക്കാൻ കൂടെ ശ്രദ്ധിക്കാറില്ല. ഇന്നിപ്പം എന്താവോ ...

 കൃഷ്ണേട്ടനോട് തന്നെ ചോദിക്കാം " രണ്ടു കൈയിലും കുടവുമായി എത്തി. "എന്താ കണ്ണാ കുളിക്കയല്ലേ ? "കൃഷ്ണേട്ടന്റെ ചോദ്യത്തിന് ഇരുത്തി മൂളിക്കൊണ്ട് കണ്ണൻ തലയാട്ടി. "എന്താ ഇപ്പോ ഇത്ര ഗൗരവം . ഉറക്കം ശരിയായില്ലേ? : അതോ വിശക്കുന്നുണ്ടോ? " കൃഷ്ണേട്ടൻ ചോദിച്ചു. ഇതു തന്നെ അവസരം ചോദിച്ചു കളയാം" അതെ .... കൃഷ്ണേട്ടന് എന്താ പറ്റിയെ ആകെ ഒന്ന് സുന്ദരനായിട്ടുണ്ടല്ലോ? എന്താ വിശേഷം പറയ് " കണ്ണന്റെ നുണക്കുഴി വന്ന കവിൾ തൊട്ട് കൃഷ്ണേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ലോക്ക് ഡൗൺ കഴിഞ്ഞ് ഇന്ന് ഭക്തർ വന്നുതുടങ്ങും. " അതു കേട്ടതും കണ്ണൻ പറഞ്ഞു" അതു ശരി : എന്നേ കാണാനല്ലേ വരുന്നത്. അപ്പോൾ ഞാനല്ലേ സുന്ദരനാവേണ്ടത് ആരും വരുന്നില്ലാ എന്നു പറഞ്ഞ് പാലയ്ക്ക മാല ഈയിടയായി ഇട്ടു തരാറില്ല. എന്നാൽ എന്നേ ഭംഗിയാക്കിക്കോളൂ താമസിക്കണ്ട". കൃഷ്ണേട്ടൻ പിന്നെ താമസിച്ചില്ല വേഗം വേഗം ഒരുക്കൽ തുടങ്ങി. പെട്ടെന്ന് കണ്ണൻ ചോദിച്ചു "എന്റെ കൃഷ്ണേട്ടാ ....അയ്യേ ... ആ തിടപ്പള്ളിലാണോ കൗപീനം ഉണക്കാൻ ഇടുന്നത് " ? അതു കേട്ടതും കൃഷ്ണേട്ടൻ പൊട്ടിചിരി തുടങ്ങി. എന്നിട്ട് പറഞ്ഞു "എന്റെ കണ്ണാ ... അത് ... മാസ്ക്കാണ് മുഖാവരണം ... കൊറോണയെ തടയാൻ എല്ലാരും മുഖാവരണം അണിയണം. ഇന്ന് ഭക്തരും ഇത് അണിഞ്ഞാ വരുക " കണ്ണൻ തലയാട്ടി കേട്ടു.

     കൃഷ്ണേട്ടൻ പാലക്കാമാലയിടീച്ചു. പക്ഷേ കണ്ണനു ചിരിയില്ല. അവിലും ശർക്കരയും കൊണ്ടു കൊടുത്തു. കണ്ണൻ നോക്കാതെയിരുന്നു. "ഉം... എന്തേ ... ഇപ്പോൾ ഭക്തർവരും വേഗം കഴിക്കു ..എന്തിനാ പിണങ്ങിയിരിക്കുന്നേ ?"കൃഷ്ണേട്ടൻ പുഞ്ചിരിയോടെ ചോദിച്ചു.." : എനിക്കും മാസ്ക്കു വേണം " കണ്ണൻ പറഞ്ഞു. കൃഷ്ണേട്ടൻ തലയ്ക്ക് കൈ വച്ചിട്ട് പറഞ്ഞു. "ഓ... കണ്ണാ .. ഇതു മനുഷ്യർക്ക് മാത്രം മതി. കണ്ണൻ ഇട്ടാ ശരിയാവില്ല." കണ്ണൻ വിടാൻ ഭാവമില്ല"" എന്നേക്കാണാൻ വരുന്നവർക്ക് മാസ്ക്കു വേണമെങ്കിൽ എനിക്കും വേണം. "കണ്ണന്റെ വാശി മൂത്തപ്പോൾ ഒരു പട്ട് മാസ്ക്ക് ഒപ്പിച്ചു. കണ്ണൻ അതിട്ട് കണ്ണ് ചിമ്മി ചിരിച്ചു.

      ഭക്തർ പതുക്കെ വന്നു തുടങ്ങി ആദ്യത്തെയാൾ കേറി . തൊഴുത് മുഖം ചുളിപ്പിച്ച് നീങ്ങി. അടുത്തയാൾ വരുന്നതു കണ്ടപ്പോൾ കണ്ണൻ ഉറക്കെ വിളിച്ചു. "കൃഷ്ണേട്ടാ...." തിടപ്പള്ളിയിൽ മാസ്ക്കിട്ട്  ഓരോന്ന് ചെയ്തു നിന്ന കൃഷ്ണേട്ടൻ ഓടി ശ്രീകോവിലിൽ എത്തി. പേടിച്ചു കൊണ്ട് ചോദിച്ചു "എന്താ കണ്ണാ "

"കൃഷ്ണേട്ടാ ..... ഇപ്പോൾ തീർത്ഥം കൊടുക്കുന്നത് പാറാവുകാരാണോ ?" എന്ന് ചൂണ്ടികാണിച്ചോണ്ട് ചോദിച്ചു . "ഓ.... അതോ .... തീർത്ഥമല്ല സാനിറ്റയിസർ ..... കൊറോണയെ തുരത്താനുള്ള മറ്റൊരുവിദ്യ" കൃഷ്ണേട്ടൻ പറഞ്ഞു. അതു കേട്ടതും കണ്ണൻ പറഞ്ഞു " എനിക്ക് അതും വേണം " കൃഷ്ണേട്ടൻ തലയ്ക്ക് കൈ വച്ച് പറഞ്ഞു. "കണ്ണ.... അത് കണ്ണന് ആവശ്യമില്ല..... "കണ്ണനിൽ നിന് രക്ഷപ്പെടാൻ പറഞ്ഞു. "കണ്ണന്റെ തൊലിയ്ക്ക് നല്ലതല്ല. "കണ്ണൻ വിട്ടില്ല. "അപ്പോൾ എന്റെ ഭക്തരുടെ തൊലി പോകുന്നതോ "...... ഇനി വാദിച്ചാൽ ശരിയാവില്ല. അതും കൊടുത്തു സമാധാനിപ്പിച്ചു. ഉച്ച ശീവേലി കഴിഞ്ഞ് നടയായ്ക്കാൻ നേരത്ത് കണ്ണൻ ചോദിച്ചു. "ഇന്ന് ആ മീനാക്ഷിയമ്മയെയും സൗന്ദാമിനിയെയും കണ്ടില്ലല്ലോ ....പിന്നെ എന്നും വരാറുള്ള പലരേയും കണ്ടില്ല. എന്തുപറ്റി. ?" കൃഷ്ണേട്ടൻ പറഞ്ഞു: : "എന്റെ ..കണ്ണാ എല്ലാർക്കും കയറാൻ പറ്റില്ല. ഓൺലൈൻ ബുക്കിങ് നടത്തിയവർക്കേ പറ്റു ...."

            കുറച്ചുനേരം കണ്ണൻ ഒന്നും മിണ്ടില എന്നിട്ട് ചോദിച്ചു. " അതും കൊറോണയെ തുരത്താനുള്ള വിദ്യയാണോ ?" ...... കൃഷ്ണേട്ടൻ വിളക്കുകൾ അണച്ചിട്ട് പറഞ്ഞു കണ്ണാ അത് എല്ലാവരും കൂടി ഒരുമിച്ച് വരാതിരിക്കാനാണ്. പരസ്പരം മുട്ടിയാലും ഇവൻ കയറും ...പിന്നെ കണ്ണാ ഇപ്പോൾ ഭാഗവതവും മറ്റും യൂട്യൂബ് വഴി കാണിക്കുകയാണ്. അപ്പോൾ ആരും വീട്ടിൽ നിന്ന് ഇറങ്ങണ്ടാ .... അത് സമ്പ്സ്ക്രൈമ്പ് ചെയ്താൽ മതി .... ഓരോ ഭാഗമായി കേൾക്കാം. അപ്പോൾ... കണ്ണാ ഞാൻ വൈകിട്ടു മിണ്ടാട്ടോ" കൃഷ്ണേട്ടൻ യാത്രയായി

                വൈകിട്ടു നടതുറന്നപ്പോൾ കണ്ണൻ തിരിഞ്ഞു നിൽക്കുന്നു. "എന്താ കണ്ണാ ... പിണക്കാ ?" ...... കണ്ണൻ തിരുഞ്ഞു തന്നെ നിന്നു കൊണ്ടു പറഞ്ഞു. " ഉച്ചയ്ക്ക് കൃഷ്ണേട്ടൻ പറഞ്ഞില്ലേ യൂട്യൂബ് .... അതിൽ എന്നേക്കേറ്റി ... സബ്സ്ക്രൈബ് ചെയ്യാൻ ഭക്തരോടു പറയൂ .." 

     കൃഷ്ണേട്ടൻ സാഷ്ടാംഗം നമസ്ക്കരിച്ച് . ചിന്തയിലാണ്ടിരുന്നു പോയി......

 

 

ഗംഗാദേവി