അതിരുകൾ തീർത്ത ആധി: കവിത , സുധീപ് അഞ്ചത്ത്

ഇന്നലെ ഞാനെന്റെ അയലത്തേക്കൊന്ന്
വെറുതേ നോക്കിനിന്നു പോയി.
അങ്ങോട്ടുമിങ്ങോട്ടും
ഓടിക്കളിച്ചെൻ തോഴനും ഞാനുമി
കാലമൊരുക്കിയ അതിരുകൾക്കുള്ളിലായ് .
ഉച്ചക്കഞ്ഞിക്ക് വരിനിന്ന കാലം
ഒരു മുട്ട പങ്കിട്ടെടുത്ത കാലം
ഒരുമിച്ച് കഥകൾ പറഞ്ഞ കാലം
ഇനി വെറും ഓർമ്മകൾ മാത്രമായോ ?
കാതങ്ങൾ താണ്ടിയെൻ ഏട്ടൻ വന്നപ്പോൾ
വർണക്കടലാസിൻ പൊതിയിലെ മധുരങ്ങൾ
ഏറെ കൊതിച്ചെന്റെ തോഴനുനൽകുവാനായ്
കുപ്പായമിട്ടു ഞാനിറങ്ങുമ്പോൾ...
കൈക്കു പിടിച്ചമ്മ അരുതെന്നു ചൊല്ലി
അങ്ങോട്ടു നീയിനി പോകരുത്
കൂട്ടുകാരില്ലാതെ ഓടിക്കളിക്കാതെ
കൂട്ടിലടച്ചതോ ഇനിയുള്ള ജീവിതം ?
മതിലു പണിതപ്പോൾ അകലം കുറിച്ചിടാൻ
ഇടവഴിയൊരുക്കി വീട്ടുകാരും..
എങ്കിലുമെന്നുടെ ഇടനെഞ്ചു പൊട്ടുന്നു
ഇന്ന് നാമേറെയകന്നു പോയി..
ഇത്തിരിയില്ലാത്ത കോവിഡിൻ മുന്നിൽ
മുട്ടുമടക്കിയീ ലോകരെല്ലാം
എത്രനാൾ നമ്മളീ ദുരിതജീവിതത്തിൻ
മൂടുപടം തൂക്കി കഴിഞ്ഞിടേണം
വീർപ്പുമുട്ടുന്നെന്നുള്ളിലൊരു തേങ്ങൽ
എല്ലാരുമിന്നെനിക്കന്യരായി
വെളിയിലിറങ്ങാതെയാരോടും മിണ്ടാതെ
ഇനിയുമേറെ കഴിഞ്ഞിടേണം
ഇനിയെത്ര രാവുകൾ ഇനിയെത്ര പകലുകൾ
കാരാഗൃഹത്തിൽ കഴിഞ്ഞിടേണം
തന്നിലേക്കെറെ ചുരുങ്ങുന്ന നമ്മുടെ
ഹൃദയം തുറക്കാനിനി മറന്നിടുമോ?
ശാസ്ത്രം ജയിക്കുന്ന കാലം വരുന്നേരം
ഇനിയും വരുമോ നല്ല കാലം
എല്ലാ മാരിയും മാറിയിട്ടുള്ളൊരു
മാവേലിനാട് പിറക്കുമോ കൂട്ടരേ?
സുധീപ് അഞ്ചത്ത്