ബാധ: നർമകഥ, ജോർജുകുട്ടി താവളം

ബാധ: നർമകഥ, ജോർജുകുട്ടി താവളം

നാണിയമ്മയ്ക്ക് ആരോടും സ്നേഹമില്ലായിരുന്നു. സുന്ദരിയായ പാവം മരുമകളെ പലപ്പോഴും ഉപദ്രവിക്കാൻ ശ്രമിച്ചു .പക്ഷേ, നാണിയമ്മയുടെ ഭർത്താവ് രാമൻ കുട്ടി അതിനനുവദിച്ചില്ല. ഭർത്താവിൻ്റ മരണശേഷം അവർ ഒരു മാർഗ്ഗം കണ്ടു പിടിച്ചു. മരിച്ചു പോയ റൗഡി വാസുവിൻ്റെ ബാധ കയറിയതായി അഭിനയിക്കുക. അങ്ങനെ ഒരു ദിവസം നാണിയമ്മ അവളെ ഓടിച്ചിട്ടു തല്ലി.'' ഈ റൗഡി വാസൂനോടാ നിൻ്റെ കളി " എന്നു പറഞ്ഞു കൊണ്ട്.

    " അയ്യോ..........! അച്ചമ്മയ്ക്ക് റൗഡി വാസൂൻ്റെ ബാധ കൂടിയേ ........." കുട്ടികൾ വിളിച്ചുകൂവി.അടുത്ത വീട്ടിലുള്ള മിമിക്രിക്കാരൻ ചന്ദ്രപ്പൻ മിമിക്രി പ്രാക്ടീസു ചെയ്യുന്നതിനിടയിലാണതു കേട്ടത്.പെട്ടെന്ന് ഓടി അവിടെയെത്തിയ അയാൾക്ക് കാര്യം പിടികിട്ടി. ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ചന്ദ്രപ്പൻ നാണിയമ്മയുടെ മേൽ ചാടി വീണു. അവരുടെ ഭർത്താവ് രാമൻ കുട്ടിയുടെ ഭാവഹാവാദികളോടെ .

    പിന്നെ അവരെ കുനിച്ചു നിർത്തി നാലഞ്ചെണ്ണം കൊടുത്തു." അവളെ ഉപദ്രവിക്കരുതെന്നു നിന്നോടു പറഞ്ഞിട്ടില്ലേടീ " എന്ന രാമൻകുട്ടിയുടെ ശബ്ദത്തിലുള്ള ഡയലോഗിൻ്റെ അകമ്പടിയോടെ .

    അവർ തിരിഞ്ഞു നിന്ന് ചന്ദ്രപ്പൻ്റെ നേരെ ചീറി. "ഞാനാരാണെന്നു നിനക്കു ശരിക്കറിയില്ല. റൗഡി വാസു വാ ഞാൻ."

    ''എൻ്റെ ഭാര്യേടെ ശരീരത്തിൽ നിനക്കെന്താടാ വാസൂ കാര്യം?" എന്നു ചോദിച്ചുകൊണ്ട് ചന്ദ്രപ്പൻ അവിടെക്കിടന്ന ഒരു വിറകു കമ്പ് കൈയിലെടുത്തു.  
    "എടാ വാസൂ ,മര്യാദയ്ക്ക് നാണിയമ്മേടെ ശരീരത്തൂന്ന് ഒഴിഞ്ഞു പോ, ..... ഒഴിഞ്ഞുപോ" എന്നു പറഞ്ഞു കൊണ്ട് തലങ്ങും വിലങ്ങും തല്ലി .ചന്ദ്രപ്പൻ്റയടുത്ത് അടവൊന്നും നടക്കില്ലെന്നു മനസ്സിലാക്കിയ നാണിയമ്മ "അയ്യോ !..... ഞാൻ വിട്ടു പൊയ്ക്കോളാമേ......" എന്നു പറഞ്ഞു കൊണ്ട് അനങ്ങാതെ നിന്നു.

    അങ്ങനെ ബാധ ഒഴിഞ്ഞു പോയി.

ജോർജുകുട്ടി താവളം