ജാലകക്കാഴ്ചകൾ: കവിത,  സി. ജി. ഗിരിജൻ ആചാരി

ജാലകക്കാഴ്ചകൾ: കവിത,  സി. ജി. ഗിരിജൻ ആചാരി

 

വാക്കുകൾക്കപ്പുറം മൗനവല്മീകങ്ങൾക്ക്

ചിറകുമുളയ്ക്കുമ്പോൾ 

ജാലകക്കാഴ്ചകൾക്ക് ഇനിയുമുണ്ട്

ഏറെ കഥകൾ പറയുവാൻ.....

 

പെയ്തൊഴിയാത്ത കണ്ണീരിന്റെ

നൊമ്പരച്ചാലുകൾക്ക്

ഉപ്പുനീരിന്റെ രുചിയുണ്ടെന്നാദ്യം പഠിപ്പിച്ചത്

അമ്മയായിരുന്നു....

 

ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകളെ

ഒരു മാന്ത്രികനും പൊട്ടിച്ചെറിയാൻ

കഴിയില്ലെന്ന സത്യം

നേരിന്റെ, അനുഭവത്തിന്റെ വെളിച്ചം പകർന്നു 

പഠിപ്പിച്ചത് അച്ഛനായിരുന്നു....

 

അക്ഷരങ്ങളമൃതാണെന്ന സത്യം ഹൃദയത്തിലേറ്റി

മനസ്സിന്റെ ജാലകം തുറന്നുതന്ന ഗുരുക്കൻമാർക്കെല്ലാം

ദൈവത്തിന്റെ മുഖച്ഛായ  മാത്രമായിരുന്നു....

 

ചില്ലുജാലകത്തിനപ്പുറം

ചിന്തകൾക്കന്തമില്ലാത്ത

അന്തരമുണ്ടെന്ന

പാഠം പഠിപ്പിച്ചത്

ഇടവഴിയിലുപേക്ഷിച്ചുപോയവളാണ്....

 

കാലനിയോഗങ്ങളുടെ കാല്പനികതയിൽ

കാലനും കൈപിടിക്കാൻ മറന്നപ്പോൾ

സാന്ത്വനം പകർന്നു ജീവിതത്തിന്റെ പുതിയ

പാഠം പഠിപ്പിച്ചവൾക്ക് എന്താണ്  ഞാൻ

പേരു നൽകുക...?

 

ജാലകത്തിനപ്പുറം പാടവരമ്പത്തെ

മുവാണ്ടൻ മാവിനും

പറയുവാൻ കഥകൾ ഏറെയുണ്ടാകും....

പലപ്പോഴും എന്റെ വിശപ്പാറ്റിയത്

അവളായിരുന്നല്ലോ...?

നാവിലൂറുന്ന മാമ്പഴമധുരത്തിനിപ്പോഴും

ആ പഴയ രുചി തന്നെ....

 

ഒടുവിൽ തെക്കേ തൊടിയിൽ

ഒരുപിടിച്ചാരമായ്ത്തീർന്ന അച്ഛന്റെയും

അമ്മയുടെയും ആത്മാക്കൾ

ഇടക്കിടെ സ്വപ്നമായ് അരികിലെത്തി

സാന്ത്വനമേകുന്നതും

ഈ ജാലകത്തിലൂടെയാവാം.....

 

എഴുതിത്തീർത്ത

പല കവിതകൾക്കും

ഊടും പാവും നെയ്തതിനും 

ഈ ജാലകക്കാഴ്ചകൾ തന്നെ സാക്ഷി...

 

പെയ്തു തോരാത്ത മഴക്കാഴ്ചകളാൽ

ഊർജ്ജം പകർന്നതും

ഈ പഴയ ചില്ലുജാലകം തന്നെ....

ഒടുവിലോർമ്മകൾക്ക് നിലാപ്പെയ്‌ത്തു പകർന്നതും 

ഒളിമങ്ങാത്ത ജാലകക്കാഴ്ചകൾതന്നെ....

 

ജീവിതം പഠിപ്പിച്ച പാഠഭേദങ്ങളിൽ

കണ്ണീരിന്റെയും സഹനത്തിന്റെയും

പുഞ്ചിരിയുടെയും

ഒരുപിടി കയ്പ്പും മധുരവും ചാലിച്ച

നേരിടമുണ്ടായിരുന്നു..,

ജാലകക്കാഴ്ചകളുടെ

ഒരുപിടി സ്വപ്നങ്ങളും....

എല്ലാം... എല്ലാം...

ഒരു നനുത്തകുളിരുപോലെ..

മനസ്സിന്റെ ജാലകം

മെല്ലെ തുറക്കുന്നുണ്ട്.....

 

 സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ