സുന്ദരിവെള്ള, കഥ:  പെരുങ്കടവിള വിൻസൻ്റ്

 സുന്ദരിവെള്ള, കഥ:  പെരുങ്കടവിള വിൻസൻ്റ്
   നെയ്യാറിൻ്റെ കുളിരും കൊണ്ട് വന്ന കാറ്റ് മുറ്റത്തെ ശീമപ്ലാവിൻ്റെ വീതിയുള്ള ഇലത്തുമ്പിൽ ഞാന്നു കിടന്ന് സ്നേഹശീലൻ സാറിനോട് ചോദിച്ചു:
‘ തണുപ്പുണ്ടോ?’
കാറ്റിനോട് എന്തു പറയണം എന്ന് ചിന്തിച്ചിരിക്കെ ശീമപ്ലാവിനെ മുട്ടിയുരുമ്മി നിന്ന ചെന്തെങ്ങിൻ്റെ ഓലത്തുമ്പിലുരുന്ന ഒരു കുയിൽ
‘ ചെറു കുളിരുണ്ടേ’ എന്ന് പാടിക്കൊണ്ട് പറന്നു പോയി. പിറന്ന മണ്ണിൻ്റെ പരിസ്ഥിതി കണ്ട് മനമുരുകിയ ഇഞ്ചക്കാട് ബാലചന്ദ്രൻ കവിയുടെ 
‘ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?’ എന്ന ചോദ്യം ഓർത്ത്‘ ഇതൊക്കെ ഇനി എത്രനാൾ’ എന്ന് മന്ത്രിച്ചു കൊണ്ട് , തുണിക്ക് പകരം ചാക്ക് കൊണ്ട് ചാര് ഇട്ട ചാരുകസേരയിൽ നിന്ന് എൺപതിൻ്റെ വടി കുത്തി സ്നേഹശീലൻ സാർ എണീക്കവേ വൃദ്ധനായ ഭർത്താവിനോട് ഭാര്യയുടെ കാര്യമില്ലാപ്പിണക്കം പോലെ മൂക്കിലെ കണ്ണട കലഹിച്ച് തറയിൽ ചാടി. ‘അഹങ്കാരം ആർക്കും നന്നല്ല ‘ എന്ന് ആരോടെന്നില്ലാതെ മുറുമുറുത്തുകൊണ്ട് സാർ എണീറ്റ് വരാന്തയിൽ  നിന്ന് ഉൾമുറിയിലേക്ക് പോയി. മുറിയിലെ പിടിഞ്ഞാറു ‘ഭാഗത്തെ ചുവർ തുരന്ന് പുറത്തേയ്ക്കിറക്കി അടുത്ത കാലത്ത് മകൻ പണിതു കൊടുത്ത ടോയ്ലറ്റിൽ പോയി മഞ്ഞിച്ച മൂത്രം ഒഴിച്ച് മടങ്ങി വന്ന് മേശപ്പുറത്ത് അടച്ചുവച്ചിരുന്ന പാത്രത്തിൽ നിന്നും ഒരു ഗ്ലാസ് വെള്ളവും അകത്താക്കി സ്നേഹശീലൻ സാർ വീണ്ടും വരാന്തയിൽ വന്നു. തറയിൽക്കിടന്ന പിണക്കക്കാരിക്കണ്ണട ചിരിച്ചു. കണ്ണടയുടെ പിണക്കം മാറിയതിലെ സന്തോഷം ഉള്ളിലൊതുക്കി സ്നേഹശീലൻ സാർ അതെടുത്ത് മുഖത്ത് പ്രതിഷ്ഠിച്ചു. 
ഓടിട്ട ആ പഴയ വീടിൻ്റെ പലക പാകിയ തട്ടിൻപുറത്ത് മൂഷിക ടീമിൻ്റെ 20-ൻ്റൊൻ്റി ക്രിക്കറ്റ് ആരംഭിച്ചു കഴിഞ്ഞിരുന്നു. അലോസരപ്പെടുത്തുന്ന അതിൻ്റെ ആരവം മിണ്ടാനും പറയാനും ആരുമില്ലാത്ത സ്നേഹശീലൻ സാറിനെ സംബന്ധിച്ചിടത്തോളം അനുഗ്രഹം തന്നെ. സ്നേഹശീലൻ സാറിൻ്റെ 'ആരുമില്ലാത്തവൻ’ എന്ന സ്വയം പഴിക്കൽ മനസ്സിലാക്കിയിട്ടാവണം എപ്പോഴും കാലിൽ മുത്തമിട്ടു മുത്തമിട്ട് കുറുകുന്ന വെളുത്ത പൂച്ചയും, എപ്പോഴും മുഖത്തു നോക്കി നില്കുന്ന കറുത്ത ശുനകനും ‘ സാറിന് ഞങ്ങളാരുമല്ലേ’ എന്ന് പരിഭവപ്പെട്ടത്. 
ഭാര്യ മരിച്ചശേഷം ‘അവൾ കിടന്ന് മരിച്ച വീട്ടിൽ എനിക്കും കിടന്നു മരിക്കണം’  എന്ന മുട്ടാപ്പോക്ക് ന്യായത്തിൻ്റെ ചിലന്തിവലയിൽ സ്വയം കുടുങ്ങിക്കിടന്ന സ്നേഹശീലനെ നോക്കി ‘ എന്നാ ഒറ്റയ്ക്ക് കിടന്നോ’ എന്ന് ഉള്ളിൽ പരിഭവിച്ച്, അമ്മയുടെ മരണത്തിന് വന്ന മകൻ അമേരിക്കൻ ഭാര്യയോടൊപ്പം പറന്നകന്നു.
‘ Tell him to marry ’ ഭർതൃ പിതാവിൻ്റെ വരാനിരിക്കുന്ന എകാന്തത മാറ്റാനുള്ള ഒറ്റമൂലി  പിതാവിന് പറഞ്ഞു കൊടുക്കാനായി അമേരിക്കക്കാരി ഭർത്താവിന് പകർന്നു നല്കി.
‘ അവൻ സ്നേഹമുള്ളവനാണ്. ഇവിടെത്തന്നെക്കഴിയാം എന്ന തൻ്റെ ആഗ്രഹത്തിന് അവൻ തടസ്സമൊന്നും നിന്നില്ലല്ലോ. എല്ലാ സൗകര്യങ്ങളും ചെയ്തു തന്നിട്ടുമുണ്ടല്ലോ.’ സ്നേഹശീലൻ സാർ പുത്രസ്നേഹത്തിൻ്റെ ശാന്ത സാഗരത്തിൽ മുങ്ങാംങ്കുഴിയിട്ടു.
‘ ഞാൻ ചന്തയിൽ പോയിട്ടു വരാം. ഉച്ചയ്ക്ക് മുമ്പ് ഞാനിങ്ങെത്തും. തനിയെ എടുത്തു കഴിക്കണ്ട. പറ്റുമെങ്കിൽ ടേബിളിലിരിക്കുന്ന മുരിങ്ങയില ഒന്നിറുത്തുവച്ചേയ്ക്കണേ. ഇഷ്ടവിഭവമല്ലേ. ഞാൻവന്നിട്ട് മുരിങ്ങയിലത്തോരൻ കൂടി ഉണ്ടാക്കാം.’ വീട്ടുകാര്യങ്ങൾ നോക്കാനായി മകൻ ഏർപ്പാടക്കിയിട്ടുള്ള ശാന്ത പോയി.
‘മറവിയുണ്ട് അതിനാൽ കയ്യോടെ മുരിങ്ങയില്ല അടർത്തി വയ്ക്കാം’ എന്ന ചിന്തയോടെ സ്നേഹശീലൻ സാർ എണീല്ക്കാൻ തുടങ്ങുമ്പോൾ , ഉടുപ്പിടാത്ത ഒരറുപതുകാരൻ മുറ്റത്ത് വന്ന് നിലയുറപ്പിച്ചു. കഠിനാധ്വാനം കറുപ്പിച്ച ആ മുഖത്ത് പൂനിലാവ് പോലെ ചിരി പരന്നിരുന്നു.
‘ സുന്ദരേശാ ! കേറി വാ. ഇരിയ്ക്ക്. ഇതെന്താ പൊതിയില്?’
ബാല്യകാലസഖാവിനെ കാണാൻ എത്തിയ കുചേലനെപ്പോലെ നിന്ന സുന്ദരേശനോട് സ്നേഹശീലൻ സാർ ചോദിച്ചു.
 ‘രണ്ട് കഷ്ണം പുഴുങ്ങിയ കപ്പയാ. തേങ്ങാപ്പാലു ചേർത്ത് കടുവറുത്തിട്ടുണ്ട്. 
സ്നേശീലൻ സാറിൻ്റെ ഹൃദയത്തിൻ്റെ ആഴത്തിൽ നിന്ന് ചേനവിത്തിൽ നിന്ന് മുള പൊട്ടുംമ്പോലെ ഒരു ചിരി ഉയർന്നു വന്നു. മഴക്കാലത്ത് സുന്ദരി വെള്ള മരച്ചീനിവിത്തുതണ്ടിൽ തളിരില വീശും പോലെ ആ ചിരി മുഖത്ത് പ്രകാശം പരത്തി. അദ്ദേഹംചുണ്ടനക്കി
‘സുന്ദരിവെള്ള കപ്പ ആണോ സുന്ദരേശാ ?’ പത്തു മുമ്പത് കൊല്ലം മുമ്പ് നടന്ന ഒരു സംഭവത്തിൽ തൂങ്ങിയുള്ള
സാറിൻ്റെ ചോദ്യം സുന്ദരേശൻ്റെ നെഞ്ചിൽ മരംക്കൊത്തിച്ചുണ്ടു പോലെ കൊണ്ടു. അയാൾ പൊന്നാരിയൻ നെല്ല് വിളഞ്ഞു കിടക്കുന്ന പാടത്തെ വരമ്പിൽ ആളനക്കം കേട്ട് പൊത്തിൽ ഉൾവലിയുന്ന ഞണ്ടിനെപ്പോലെ സാറിന് മുമ്പിൽ നിന്നും ഒളിക്കാൻ ശ്രമിച്ചു.
തൻ്റെ അരയേക്കർ കപ്പ തോട്ടത്തിൽ പ്രത്യേകം വളർത്തുമായിരുന്നതും തനിക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ സുന്ദരിവെള്ള എന്ന് വിളിപ്പേരുള്ള കപ്പ പുഴുങ്ങി കൊണ്ട് വന്ന സുന്ദരേശനെ വിഷമിപ്പിച്ചതിന് സ്വന്തം നാവിനെ താക്കീത് ചെയ്ത ശേഷം സാർ പറഞ്ഞു.
‘ ഇങ്ങു തന്നേ സുന്ദരേശാ‘ 
ദേവന് മുമ്പിൽ ഭക്തൻ അർപ്പിക്കും പോലെ  സുന്ദരേശൻ വാട്ടിയ വാഴയില പ്പൊതി സാറിന് കൊടുത്തു. സ്നേഹശീലൻ സാർ സന്തോഷത്തോടെ അതു വാങ്ങി. ഇലപ്പൊതി അഴിച്ച് തേങ്ങാപ്പീരയും കടുകുമണിയും ഒട്ടിയിരുന്ന വെന്ത കപ്പക്കഷ്ണം നാവിലേയ്ക്ക് വച്ചു. നാവിൽ രുചി പക്കമേളം കൊട്ടവേ 
ഓർമ്മയിൽ 1970 ലെ ഒരു ഇടവപ്പാതി ആർത്തലച്ച് പെയ്യാൻ തുടങ്ങി.
ഒരു ഞായറാഴ്ചയാണ് മഴ തുടങ്ങിയത്. കാറ്റിൻ്റെ ആരവമോ , ഇടിവെട്ടിൻ്റെ ഒച്ചയോ കേൾപ്പിക്കാതെ ഭൂമിയ്ക്കു ലംബമായി ആകാശത്തുനിന്നും ഭൂമിയിലേക്കു താഴ്ത്തിയിട്ട വെള്ളിക്കയർ പോലുള്ള മഴ. ഉച്ചയോടടുത്ത് വെള്ളിക്കയർ വെള്ളി നൂലായി മാറവെ സ്നേഹശീലൻ സാർ  തൻ്റെ കപ്പക്കണ്ടത്തിലേയ്ക്കു തിരിച്ചു. അതിരിലെല്ലാം ഉയരത്തിൽ വളരുന്നത് നൂറു മുട്ടൻ കപ്പയാണെങ്കിൽ ബാക്കിയെല്ലാം കലിയൻ എന്നയിനം കപ്പയാണ്. പുതു ഇനങ്ങളായ പന്നി വെള്ളയ്ക്കും, മാങ്കൊഴുന്തനും  സാർ തൻ്റെ കപ്പക്കണ്ടത്തിൽ പ്രവേശനം നല്കിയിട്ടില്ല. എന്നാൽ ഒരിയ്ക്കൽ അവിചാരിതമായാണ് തൻ്റെ കപ്പത്തോട്ടത്തിൽ പുതിയൊരതിഥി വിളിക്കാതെ വന്നതായി സാർ കണ്ടത്. വെള്ളയും പച്ചയും കലർന്ന മഞ്ഞത്തണ്ട്. രണ്ട് ശാഖയായി നാലടി വരെ ഉയരം. നല്ല ഇലക്കെട്ട്. കപ്പ പിഴുതപ്പോഴാണ് അതിലും രസം. നല്ല വെള്ളക്കിഴങ്ങ്. പുഴുങ്ങി തേങ്ങാപ്പീര കടുകു വറുത്തു കഴിച്ചപ്പോഴോ ഞെട്ടിച്ചു കളഞ്ഞു. അത്രയ്ക്ക് സ്വാദ്. മാഷ് പുതിയ അതിഥിയ്ക്ക് പേരിട്ടു; സുന്ദരി വെള്ള. അതിരിലെ നൂറു മുട്ടൻ്റെ ചാരത്ത് പ്രത്യേകമായി തയ്യാറാക്കിയ കപ്പക്കൂനകളിൽ സുന്ദരിവെള്ള തഴച്ച് വളർന്ന് കാറ്റത്തൂയലാടി. ആ കപ്പയിൽ രണ്ട് ചുവട് കാണാനില്ല. ആരോ മോഷ്ടിച്ചിരിക്കുന്നു. മാഷ് കപ്പക്കണ്ടത്തിൽ കുത്തിയിരുന്ന് കളവുപോയ കപ്പ നിന്നയിടം പരിശോധിച്ചു. കള്ളൻ്റെ കാൽച്ചുവട് വല്ലതും കാണാനുണ്ടോ എന്ന് പരിശോധിച്ചു. നിരന്തരമായ  മഴ കാരണം കാലടയാളം മാഞ്ഞു പോയിരുന്നു. സാർ ഷെർലക്ഹോം ബുദ്ധിയിൽ,  ഒരു രാത്രി ഒരു ചുവട് കപ്പ എന്ന രീതിയിലാണ് കപ്പ നഷ്ടമാകുന്നതെന്നും കണ്ടുപിടിച്ചു. 
രാത്രിയിലെ കനത്ത മഴയെ അവഗണിച്ച് ഭാര്യ പറഞ്ഞിട്ടും കേൾക്കാതെ സ്നേഹശീലൻ സാർ മരച്ചീനിപച്ചയുടുപ്പണിഞ്ഞു കിടക്കുന്ന കപ്പത്തോട്ടത്തിൽ സുന്ദരി വെള്ളയുടെ മൂന്നാംചുവട് പറിക്കാൻ വരുന്ന കള്ളനെയും കാത്തിരുന്നു. തണുപ്പു കാരണം ശരീരം വിറയ്ക്കുകയും, പല്ലുകൾ കൂട്ടിമുട്ടുകയും ചെയ്തു. എങ്കിലും നിർബന്ധ ബുദ്ധിയുള്ള സാർ പിന്മാറിയില്ല.  കള്ളൻ വരിക തന്നെ ചെയ്തു. ‘ സുന്ദരി വെള്ള നട്ടിരുന്ന വരിയിലെ മൂന്നാം ചുവട് പിഴുതെടുത്ത് തോളത്ത് വച്ച് വേതാളത്തെ തോളേറ്റിയ രാജാവിനെപ്പോലെ കള്ളൻ യാത്രയായി. 
മഴയുള്ള രാത്രിയുടെ അരണ്ട വെളിച്ചത്തിൽ ആളിനെ തിരിച്ചറിയാത്തതിനാൽ സാർ മാർജാര പാദനായി നിശ്ചിത അകലത്തിൽ കള്ളൻ്റെ പിന്നാലെ കൂടി.    അരക്കിലോമീറ്ററിനപ്പുറം ഒരു കുടിലിന് മുമ്പിൽ കള്ളൻ നിന്നു. കപ്പച്ചുവട്ടിലെ ചെറുതും വലുതുമായ മൂന്നോ നാലോ കിഴങ്ങ് പറിച്ചെടുത്ത് കള്ളൻ വീട്ടിൽക്കയറി. ഒറ്റ മുറി വീടിൻ്റെ ന്യൂസ് പേപ്പർ മറച്ച ചെറു ജനാലയിലൂടെ സാർ ആ കാഴ്ച കണ്ടു. 8, 6, 4  വയസ്സു തോന്നുന്ന മൂന്ന് കുട്ടികൾ , മൂത്തയാൾ പെൺകുട്ടിയാണ് , അമ്മ അടുപ്പത്ത്  തിളപ്പിയ്ക്കുന്ന വെറും കലത്തിൽ എന്തോ പാകമാകുന്നതും കൊതിയോടെ കാത്തിരിക്കുന്നു. ഇളയ കുട്ടികൾ ഉറക്കം തൂങ്ങിത്തുടങ്ങിയപ്പോൾ മകൾ പറഞ്ഞു
‘കലത്തിൽ വെള്ളം മാത്രമേ ഉള്ളൂവെന്ന് എനിക്കറിയാമമ്മേ. ഒന്ന് നിർത്ത് ‘
കഴുകിയ കപ്പക്കഷ്ങ്ങൾ കലത്തിലിട്ടു കൊണ്ട് അച്ചൻ പറഞ്ഞു,
‘കലത്തിൽ കപ്പയുണ്ട് മോളേ’
അവൾ എണീറ്റ് അച്ചൻ്റെ അടുത്തു വന്നു. അവളെ , കീറിയ ഉടുപ്പോടൊപ്പം ചേർത്തണച്ചു കൊണ്ട് അച്ചൻ പറഞ്ഞു
‘നമ്മുടെ കഷ്ടപ്പാടൊക്കെ മാറും’
മഴത്തുള്ളികളിൽ മിഴിനീര് വീഴ്ത്തി അന്ന് സാർ തിരികെ നടന്നു.
‘സാറു കഴിച്ചില്ല. ‘
‘ കഴിച്ചെടോ,’ 
സ്നേഹശീലൻ സാർ പറഞ്ഞു. 
‘മക്കളൊക്കെ നല്ല നിലയിലായില്ലേ?’
സ്നേഹശീലൻ സാർ ചോദിച്ചു.
‘ഓ ..സാർ. ആരും വീട്ടിൽ ഇല്ലെന്നേയുള്ളൂ. ഞാനും അവളും മാത്രം’ 
സുന്ദരേശൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘എവിടെയാണെങ്കിലും അവർ സുഖമായിരുന്നാൽ മതി’ സ്നേഹശീലൻ സാർ സ്വന്തം അവസ്ഥ കൂടി അയവിറക്കിക്കൊണ്ട് പറഞ്ഞു.
‘അതേ സാറെ.’ 
സുന്ദരേശൻ മുറ്റം കടക്കുമ്പോൾ സ്നേഹശീലൻ സാർ പിന്നിൽ നിന്നും വിളിച്ചു;
‘സുന്ദരി വെള്ളേ !’
നടപ്പിനിടയിൽ മുഖം മാത്രം തിരിച്ച് സുന്ദരേശൻ ചിരിച്ചു; കൊട്ടും കുരവയും ഇല്ലാത്ത ഇടവപ്പാതിയിലെ ചാറ്റൽമഴ പോലൊരു ചിരി.