ന്യൂയോർക്ക്: യുഎസിനെ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു വരുന്നതായി കണക്കുകൾ . യുഎസ് സർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഇന്ത്യക്ക് അമേരിക്കയോട് നോ പറയുന്ന പ്രവണത അടുത്തകാലത്തായി വർധിച്ചു വരികയാണ്. അടുത്തിടെ നടപ്പാക്കിയ നയങ്ങൾ ഉൾപ്പെടെ ഇതിന് കാരണമായി.
യുഎസ് ഗവൺമെന്റിന്റെ ഇന്റർനാഷണൽ ട്രേഡ് അഡ്‌മിനിസ്ട്രേഷൻ നൽകിയ ഡാറ്റ പ്രകാരം, 2025 ഓഗസ്‌റ്റിൽ സ്‌റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44.5 ശതമാനത്തോളം കുറഞ്ഞു. ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി പ്രവർത്തിക്കുന്ന കൗൺസിലർമാരും ഇക്കാര്യം സാക്ഷ്യപെടുത്തുന്നുണ്ട്.
കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇതുപോലൊരു സാഹചര്യം ഞാൻ കണ്ടിട്ടില്ല എന്നായിരുന്നു നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ സർവകലാശാലകളിൽ പ്രവേശനം നേടാൻ സഹായിച്ച ഉന്നത പഠന കൗൺസിലറായ മൃണാളിനി ബത്രയെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഡൊണാൾഡ് ട്രംപ് ഭരണകൂടം സമീപ മാസങ്ങളിൽ നടപ്പിലാക്കിയ നടപടികളെക്കുറിച്ചാണ് എല്ലാവർക്കും പറയാനുള്ളത്. വിദേശ വിദ്യാർത്ഥി വിസകൾക്കുള്ള സമയപരിധി പരിമിതപ്പെടുത്തൽ, എച്ച് 1ബി വിസ ഫീസ് വർധനവ് എന്നിവ മുതൽ യുഎസ് സർവകലാശാലകളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 15 ശതമാനം പരിധി നിശ്ചയിക്കുന്നത് വരെ നീളുന്നു പരിഷ്‌കാരങ്ങൾ. ഓഗസ്‌റ്റിൽ എന്ന പോലെ ജൂലൈയിലും സമാനമായി കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി, എത്തിച്ചേരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏകദേശം 46 ശതമാനം കുറവ് ആണുണ്ടായത്.