ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ

Jan 13, 2026 - 19:58
Jan 13, 2026 - 19:59
 0  5
ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ

ന്യൂഡൽഹി: ബിജെപി പ്രതിനിധി സംഘം അടുത്തിടെ നടത്തിയ ചൈന സന്ദർശനത്തിന് പിന്നാലെ, ഡൽഹിയിലെ രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിസി) ഉന്നതതല സംഘം സന്ദർശനം നടത്തി. ഇന്ത്യയിലെ ഭരണകക്ഷിയുടെ പ്രത്യയശാസ്ത്ര മാർഗ്ഗദർശിയായ ആർഎസ്എസും ചൈനീസ് ഭരണകക്ഷിയായ സിപിസിയും തമ്മിലുള്ള ഈ ആശയവിനിമയം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

സിപിസി ഇന്റർനാഷണൽ ലൈസൺ ഡിപ്പാർട്ട്മെന്റ് വൈസ് മിനിസ്റ്റർ ചെൻ ഷൗവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെആർഎസ്എസ് കേന്ദ്ര കാര്യാലയമായ 'കേശവ കുഞ്ചിൽ' എത്തിയത്. ആർഎസ്എസ് മുതിർന്ന ഭാരവാഹികളുമായി സംഘം ചർച്ചകൾ നടത്തി.

കഴിഞ്ഞ മാസങ്ങളിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ബിജെപി സംഘം ചൈന സന്ദർശിച്ചിരുന്നു. സിപിസിയുടെ ക്ഷണപ്രകാരം നടത്തിയ ഈ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ ചൈനീസ് പ്രതിനിധികൾ ആർഎസ്എസ് ആസ്ഥാനത്തെത്തിയിരിക്കുന്നത്.

രണ്ട് രാജ്യങ്ങളിലെയും പ്രധാന രാഷ്ട്രീയ ശക്തികൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ സന്ദർശനങ്ങളെ വിലയിരുത്തുന്നത്. അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും രാഷ്ട്രീയ തലത്തിലുള്ള ഇത്തരം സംവാദങ്ങൾ ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.