റഷ്യൻ സൈന്യത്തിൽ പ്രവർത്തിച്ച ഇന്ത്യൻ യുവാവ് യുക്രൈന്റെ പിടിയിൽ

കീവ്: റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ യുവാവ് യുക്രൈൻ സൈന്യത്തിന്റെ പിടിയിൽ. ഗുജറാത്തിലെ മോർബി സ്വദേശി മജോട്ടി സാഹിൽ മുഹമ്മദ് ഹുസൈൻ (22) ആണ് പിടിയിലായത്. എന്നാൽ ഇന്ത്യൻ യുവാവ് യുക്രൈൻ സൈന്യത്തിന്റെ പിടിയിലുണ്ടെന്ന വാർത്ത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, യുക്രൈൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയാണെന്നാണ് യുവാവ് പറയുന്നത്. യുവാവ് ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോ യുക്രൈൻ സൈന്യത്തിന്റെ 63-ാം ബ്രിഗേഡ് പുറത്തു വിട്ടു. വിദേശികളെ വ്യാപകമായി റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്നും യുക്രൈൻ ആരോപിച്ചു.
റഷ്യയിൽ ഉപരിപഠനത്തിന് എത്തിയശേഷം ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഏഴു വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ടു. ജയിൽ ശിക്ഷ ഒഴിവാക്കാൻ റഷ്യൻ സൈന്യവുമായി കരാറിലേർപ്പെടാൻ നിർദേശിച്ചു. അങ്ങനെ പ്രത്യേക സൈനിക ഓപ്പറേഷനായി റഷ്യ സൈന്യത്തിൽ ചേരുകയായിരുന്നു. എന്നാൽ എനിക്ക് അവിടെ നിന്നു പുറത്തുകടക്കണമായിരുന്നു. യുക്രൈൻ സൈന്യത്തിന് മുന്നിൽ തോക്കു താഴെ വെച്ച് കീഴടങ്ങുകയായിരുന്നു. ഇനി റഷ്യയിലേക്ക് പോകാൻ താൽപ്പര്യമില്ല. യുവാവ് വിഡിയോയിൽ പറയുന്നു.