എഐസിസി ഇടപെട്ടു: വീടുകൾ ഇടിച്ചു നിരത്തിയ സംഭവത്തിൽ പരിഹാര നടപടികളുമായി കര്‍ണാടക സര്‍ക്കാർ
ബെംഗളൂരു: കോഗിലു ലേഔട്ടിൽ താമസിച്ചിരുന്ന മുസ്ലിം വിഭാഗത്തിൽ പെട്ടവരുടെ വീടുകൾ ബുൾഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ സംഭവത്തിൽ പരിഹാര നടപടികളുമായി കര്‍ണാടക സര്‍ക്കാർ. വീടില്ലാതെയായവർക്ക് ബദൽ വീടുകൾ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. എഐസിസി ഇടപെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.
ജനുവരി 1 മുതൽ പുതിയ വീടുകൾ നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും ഇരുവരും പറഞ്ഞു. കർണാടകയിലെ ഹൗസിങ് വകുപ്പ് പണിതിട്ടുള്ള ഫ്ലാറ്റുകളാണ് നൽകുക.
ദേശീയതലത്തില്‍ കോൺഗ്രസ്സിന് ചീത്തപ്പേരുണ്ടാക്കി എന്ന വിലയിരുത്തലിനെ തുടർന്നാണ് എഐസിസി ഇടപെട്ടത്. കെസി വേണുഗോപാലാണ് ഇടപടെൽ നടത്തിയതെന്നാണ് വിവരം. സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് നിർമിച്ചു എന്നാരോപിച്ചാണ് ഡിസംബർ 20ന് ബെംഗളൂരു കോഗിലു ലേഔട്ടിലെ വീടുകൾ പൊളിച്ചു നീക്കിയത്. 167 വീടുകളാണ് ഒഴിപ്പിച്ചത്. ആളുകളോട് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്നായിരുന്നു നടപടി.
ഇത്തരം അനധികൃത നിർമ്മാണങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ റവന്യൂ വകുപ്പ് , നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾക്ക് ഉദ്യോഗസ്ഥർ തന്നെയായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു