ബിഹാർ തിരഞ്ഞെടുപ്പ് ഫലം; ഡാറ്റ ശേഖരിക്കണമെന്നാവശ്യവുമായി ഇന്ത്യ സഖ്യം
ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുടെ വീട്ടിൽ യോഗം ചേർന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിലെ മഹാസംഖ്യത്തിന്റെ പരാജയം, പാർട്ടിയുടെ പ്രകടനം എന്നിവയെ കുറിച്ച് യോഗത്തിൽ സംസാരിച്ചു. ഡൽഹിയിലെ വസതയിൽ വച്ച് നടന്ന യോഗത്തിൽ മിക്ക പാർട്ടി നേതാക്കളും പങ്കെടുത്തു.
ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. ബിഹാറിൽ നടന്നത് വോട്ടു കൊള്ളയാണെന്നും ഡാറ്റ ശേഖരിക്കണമെന്നും നോതാക്കൾ ആവശ്യപ്പെട്ടു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ തുടക്കം മുതൽ അപാകതകൾ ഉണ്ടായിരുന്നുവെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.
വോട്ട് ചോരിയാണ് മഹാഗത്ബന്ധന്റെ പരാജയത്തിന് കാരണെമെന്ന് കോൺഗ്രസ് എംപി ജയറാം രമേശ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവരെയാണ് ഇതിന് പിന്നിലെ സൂത്രധാരൻമാരെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയെ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തെ രക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
ബിഹാർ തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനമാണ് കോൺഗ്രസ് കാഴ്ചവെച്ചത്. 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് വെറും ആറ് സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. 2020 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച 70 സീറ്റുകളിൽ 19 എണ്ണത്തിലും വിജയിച്ചിരുന്നു. പാർട്ടിയുടെ പ്രകടനം അവലോകനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു.
ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി കോൺഗ്രസ് ഇനിയും പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 203 സീറ്റുകളുമായി എൻഡിഎ വൻ വിജയം നേടി ബിഹാറിൽ അധികാരത്തിലെത്തിയിരുന്നു. ബിജെപി 89 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ജെഡിയു 85 സീറ്റുകൾ നേടി രണ്ടാമതെത്തി. മറുവശത്ത് ഇന്ത്യാ സഖ്യം 34 സീറ്റുകൾ മാത്രം നേടിയപ്പോൾ ആർജെഡി 24, കോൺഗ്രസ് ആറ് എന്നിങ്ങനെയാണ് പ്രധാന കക്ഷികളുടെ പ്രകടനം.