സ്വർണപ്പാളികൾ മാറ്റിയോ? സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

Jan 19, 2026 - 15:33
 0  3
സ്വർണപ്പാളികൾ മാറ്റിയോ? സംശയം പ്രകടിപ്പിച്ച്  ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയിൽ നഷ്ടപ്പെട്ട സ്വർണത്തിൻ്റെ വ്യാപ്തി വിലയിരുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതിയുടെ നിർദ്ദേശം. ഐഎസ്ആർഒയുടെ പശോധന റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് കോടതിയുടെ നിർദേശം. റിപ്പോർട്ട് സങ്കീർണമാണെന്ന് ദേവസ്വം ബെഞ്ച് വിലയിരുത്തി.

സ്വർണം പൊതിഞ്ഞ പാളികൾ മാറ്റി പുതിയവ സ്ഥാപിച്ചോ എന്നതിൽ വ്യക്തത വരുത്തണമെന്നും ഇതിനായി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടേയും സാങ്കേതിക വിദഗ്ധരുടേയും മൊഴി ഉടൻ എടുക്കാൻ കോടതി എസ്ഐടിക്ക് ഇടക്കാല ഉത്തരവിൽ നിർദേശം നൽകി. അന്വേഷണ സംഘം നാളെ ശബരിമല സന്ദർശിക്കും. ശ്രീ കോവിലിലെ രണ്ടു വാതിലുകളിലെ സാമ്പിളും സംഘം ശേഖരിക്കും.

ഐഎസ്ആർഒ റിപ്പോർട്ട് പരിശോധിച്ച കോടതി, സ്വർണം പൂശൽ പ്രക്രിയയിൽ ചില ലോഹങ്ങളുടെയും പദാർത്ഥങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയത് സംശയാസ്പദമാണെന്നും ആസൂത്രിതമായ ചില സങ്കേതിക പ്രവർത്തനങ്ങങ്ങൾ നടന്നതായും വിലയിരുത്തി. 

പഴയ കൊടിമരം മാറ്റിയതിൽ വിശദമായ അന്വേഷണം വേണമെന്നും കോടതി എസ്ഐടിക്ക് നിർദേശം നൽകി. കൊടിമരം മാറ്റിയതിലെ ദുരുഹത പരിശോധിക്കണമെന്നും തിരുമാനങ്ങളും നടപടി ക്രമങ്ങളും രേഖകളും പരിശോധിക്കണെമെന്നും അന്വേഷണ സംഘം അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദേശം.