'സ്വര്‍ഗത്തില്‍ പോകാന്‍ ഞാൻ ആഗ്രഹിക്കുന്നു': റഷ്യ- യുക്രെയ്ൻ സമാധാന ശ്രമം സ്വര്‍ഗം നേടാൻ സഹായിച്ചേക്കും; ഡൊണാള്‍ഡ് ട്രംപ്

റഷ്യയ്ക്കും യുക്രെയ്‌നും ഇടയില്‍ സമാധാനം സ്ഥാപിക്കാനായാല്‍ തനിക്ക് സ്വര്‍ഗത്തിലെത്താനുള്ള സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മരണാനന്തര ജീവിതത്തില്‍ തന്റെ സ്ഥിതി അത്ര മികച്ചതായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസ് സംഘടിപ്പിച്ച് ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
കഴിയുമെങ്കില്‍ സ്വര്‍ഗത്തില്‍ പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടെ എത്താന്‍ മാത്രം മികച്ചതല്ല എന്റെ നില. ആ ശ്രേണിയില്‍ താഴെയാകും ഞാനെന്ന് കരുതുന്നു. സ്വര്‍ഗത്തില്‍ പോകാന്‍ അഥവാ ഒരു അവസരമുണ്ടെങ്കില്‍ അത് യുക്രെയ്‌നും റഷ്യയ്ക്കും ഇടയില്‍ സമാധാനം സൃഷ്ടിക്കുന്നതിന്റെ പേരിലായിരിക്കും. ആഴ്ചയില്‍ 7000 പേരെ കൊല്ലപ്പെടുന്നതില്‍ നിന്നും രക്ഷിക്കാന്‍ എനിക്കായാല്‍ അതൊരു വലിയ കാര്യമായി കരുതുന്നു. നമുക്ക് അമേരിക്കന്‍ ജീവനുകള്‍ നഷ്ടമാകുന്നില്ല. അമേരിക്കന്‍ സൈനികരെ നഷ്ടമാകുന്നില്ല. എന്നാല്‍ ഉക്രെയ്‌നും റഷ്യയ്ക്കും നഷ്ടപ്പെടുന്നുണ്ട്. പ്രത്യേകിച്ച് സൈനികരെ. ട്രംപ് പറഞ്ഞു.
യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയ്ക്കും മറ്റ് യൂറോപ്യന്‍ നേതാക്കള്‍ക്കും വൈറ്റ് ഹൗസ് ആതിഥേയത്വം വഹിച്ച് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം. റഷ്യ- യുക്രെയ്ന്‍ പ്രശ്‌നം പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
യുക്രെയ്‌ൻ - റഷ്യ സമാധാന കരാര്‍ കൊണ്ടുവരുന്നത് തനിക്ക് നോബെല്‍ സമ്മാനം നേടാന്‍ സഹായകമാകുമെന്ന് ട്രംപ് നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.