ജനാധിപത്യത്തിന്റെ നിലനിൽപ് അപകടത്തിലാവരുത്

ടി.എൻ. ശേഷൻ എന്ന മുൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ ഇന്നും രാജ്യത്തെ ജനങ്ങൾ ആദരവോടെ ഓർക്കുന്നത്, സുതാര്യവും നീതിയുക്തവുമായ , തെരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം നല്കിയതിനാലാണ് . തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണെന്നും അതിന്റെ അധികാരങ്ങൾ എന്താണെന്നും ആ പദവിയുടെ വിശ്വാസ്യത എന്താണെന്നും ജനങ്ങൾ തിരിച്ചറിഞ്ഞത് ടി എൻ ശേഷന്റെ കാലത്തായിരുന്നു. രാജ്യത്ത് നിലവിൽ കോളിളക്കം സൃഷ്ടിച്ച 'വോട്ട് ചോരി' വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ കാര്യങ്ങൾ പറയേണ്ടിവരുന്നത്.
നിഷ്‌പക്ഷവും നീതിപൂർവവുമായി, രാഷ്‌ട്രീയ സ്വാധീനങ്ങൾക്ക് വഴിപ്പെടാതെ തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കണമെന്നാണ് ഭരണഘടനാപരമായ സങ്കൽപ്പം. തെരഞ്ഞെടുപ്പ് കമീഷൻ കസേരയിലിരുന്ന ബഹുഭൂരിപക്ഷംപേരും ഇന്ത്യൻ ജനാധിപത്യത്തിന്റെ സംശുദ്ധി നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തിയിരുന്നുവെന്ന് വേണം പറയാൻ.
1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ കേന്ദ്ര ഇലക്ഷൻ കമ്മിഷണറായിരുന്ന 6 വർഷം കൊണ്ട് ടി.എൻ. ശേഷൻ ഇലക്ഷൻ കമ്മിഷനെ ഉടച്ചുവാർത്തു. ഇന്ത്യൻ തിരഞ്ഞെടുപ്പുകളുടെ മുഖച്ഛായ മാറ്റിമറിച്ച തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് ശേഷൻ തുടക്കം കുറിച്ചു . മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കൽ ഉൾപ്പെടെ നടപ്പിലാക്കി. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നതും തെരഞ്ഞെടുപ്പ് രംഗത്ത് ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതും അവസാനിപ്പിക്കാനായി ടി എൻ ശേഷൻ മുൻകൈയെടുത്ത് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. രാജ്യത്ത് ആദ്യമായി വോട്ടർ ഐ.ഡി കാർഡ് നടപ്പിലാക്കിയത് ശേഷനായിരുന്നു. സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിനായി വിനിയോഗിക്കുന്ന പണത്തിനും പരിധി ഏർപ്പെടുത്തി, കൃത്യമായ കണക്ക് കമ്മിഷനു സമർപ്പിക്കാനും തീരുമാനമെടുത്തു. ഇങ്ങനെ തിരഞ്ഞെടുപ്പ് കമ്മീഷനെ അദ്ദേഹം ഉടച്ചുവാർത്തു .
എന്നാൽ ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത പൂർണമായും തകർക്കുന്ന ആരോപണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ജനാധിപത്യത്തിന്റെ ആധാരശിലയായ തെരഞ്ഞെടുപ്പു പ്രക്രിയ സംശുദ്ധമാണെന്ന് യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യം.
ഏകദേശം 11 ദിവസം മുൻപാണ് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി രാജ്യത്തെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ തന്നെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച് വാർത്താ സമ്മേളനം നടത്തിയത്. ബിജെപി ജയിക്കുന്നതു കള്ളവോട്ടുകൊണ്ടാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദ്യങ്ങൾക്കൊന്നും മറുപടി പറയുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലും അതുപോലെ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ട് മോഷണമുണ്ടായെന്നാണു പ്രതിപക്ഷ ആരോപണം.
“വോട്ട് കവര്‍ച്ച’’ ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധിതമായെങ്കിലും വ്യാജ വോട്ടർപട്ടിക സംബന്ധിച്ചോ ബിഹാറിലെ 65 ലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചോ തൃപ്തികരമായ മറുപടി നൽകിയില്ല. തെറ്റുകൾക്കു സാധ്യതയുണ്ടെന്നു സമ്മതിച്ച കമ്മീഷൻ ഇതുസംബന്ധിച്ച് അന്വേഷണമില്ലെന്നാണ് പറഞ്ഞത് . “വോട്ടർപട്ടികയിൽ തെറ്റു പറ്റിയിട്ടുണ്ടാകാമെങ്കിലും പൂർണമായും ഒഴിവാക്കാൻ പരിമിതിയുണ്ട്. അതിനാണ് ‘സിസ്റ്റമാറ്റിക് ഇന്റൻസീവ് റിവിഷൻ’- (വോട്ടർപട്ടിക പരിഷ്കരണ തീവ്രപരിപാടികൾ) നടത്തുന്നത്''. കമ്മീഷന്റെ മറുപടി ഇങ്ങനെ.
ഇരട്ടവോട്ട് അടക്കം ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ തയ്യാറല്ല. വോട്ടർ പട്ടികയിൽ വീട്ടുനമ്പർ ‘പൂജ്യം’ നൽകിയത് വീടില്ലാത്തവരെ ഉൾപ്പെടുത്താനാണെന്ന ന്യായവും തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നുണ്ടായി.
തീവ്ര പുനഃപരിശോധനയെന്ന പേരിൽ ബിഹാറിലെ വോട്ടർ പട്ടികയിൽനിന്ന് ആളുകളെ കൂട്ടമായി പുറംതള്ളിയതും പല സംസ്ഥാനങ്ങളിലെയും വോട്ടർ പട്ടികയിലെ ഗുരുതര ക്രമക്കേടുകൾ വിഷയങ്ങളോട് തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പ്രതികരണവും ജനാധിപത്യവിരുദ്ധമായി എന്ന് പറയണം . ഇത്തരം ക്രമക്കേടുകൾ പ്രതിപക്ഷം ശ്രദ്ധയിൽകൊണ്ടുവന്നപ്പോൾ ബിജെപി പ്രതികരിച്ച രീതിയിൽ തന്നെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറും സംസാരിച്ചത് എന്നതാണ് പ്രതിപക്ഷത്തെ കൂടുത ൽ പ്രകോപിപ്പിച്ചത് . തെറ്റുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടവരെ പരിഹസിക്കുകയാണ് കമ്മീഷൻ ചെയ്തത് .
“വോട്ട് കവര്‍ച്ച’’ ആരോപണമുന്നയിച്ചു രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ബിഹാറിലെ സസാറാമിൽ ആരംഭിച്ച 1300 കിലോമീറ്റര്‍ “വോട്ടർ അധികാര്‍’’ യാത്ര പുരോഗമിച്ചുകൊണ്ടിരിക്കുന്നു .
പക്ഷപാതപരമായോ സമ്മർദങ്ങൾക്ക് വഴങ്ങിയോ ആകരുത് തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ എന്ന് അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ മറന്നുപോകരുത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സംശുദ്ധമായ നിലനിൽപിന് നമ്മുടെ ഭരണഘടനാസ്ഥാപനങ്ങൾ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ടതുണ്ട് .