കുറഞ്ഞ നികുതികളോടെ അടുത്ത തലമുറ ജിഎസ്ടി ഉടൻ വരും; പ്രധാനമന്ത്രി

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ജിഎസ്ടി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നികുതി നിരക്കുകൾ ഗണ്യമായി കുറച്ച്, പുതിയ തലമുറ നികുതി സംവിധാനം ഈ ദീപാവലിക്ക് നടപ്പിലാക്കുമെന്നും, ഇത് കേന്ദ്ര സർക്കാരിൻ്റെ വലിയൊരു ദീപാവലി സമ്മാനമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"ഈ ദീപാവലിക്ക് ഞാൻ ഒരു വലിയ സമ്മാനം നൽകാൻ പോകുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഞങ്ങൾ ഒരു പ്രധാന ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കുകയും നികുതി ലളിതമാക്കുകയും ചെയ്തു. ഇപ്പോൾ, അതിലൊരു മാറ്റം വരുത്താനുള്ള സമയമായി. ഞങ്ങൾ അതിനെക്കുറിച്ച് പഠിച്ചു, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു, ഒരു 'പുതിയ തലമുറ ജിഎസ്ടി പരിഷ്കരണം' അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്," ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
നിലവിൽ അഞ്ച് പ്രധാന നികുതി സ്ലാബുകളാണ് ജിഎസ്ടിക്കുള്ളത്, 0 ശതമാനം മുതൽ 28 ശതമാനം വരെയാണ് നികുതി. 12, 18 ശതമാനം നിരക്കുകളാണ് മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും ഈടാക്കുന്നത്. ഏകദേശം 21 ശതമാനം സാധനങ്ങൾ 5 ശതമാനം വിഭാഗത്തിലും, 19 ശതമാനം സാധനങ്ങൾ 12 ശതമാനം വിഭാഗത്തിലും, 44 ശതമാനം സാധനങ്ങൾ 18 ശതമാനം സ്ലാബിലുമാണ് വരുന്നത്.