നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കൗൺസിലർ ജോസ് ഫ്രാങ്ക്‌ളിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു

നെയ്യാറ്റിൻകരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജോസ് ഫ്രാങ്ക്ളിനെ സസ്പെൻഡ് ചെയ്ത് കെപിസിസി. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്കിളിനെ ആരോപണങ്ങളുടെ പശ്ചത്താലത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
വീട്ടമ്മയുടെ ആത്മഹത്യകുറിപ്പിൽ ജോസ് ഫ്രാങ്കിളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. വായ്പ ശരിയാക്കാൻ തനിക്ക് വഴങ്ങണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടെന്നാണ് ആരോപണം. കേസിൽ പ്രതി ചേർക്കപ്പെട്ട ജോസ് ഫ്രാങ്ക്ളിന് ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിൻ തന്നെ നിരന്തരം ലൈംഗികമായി ശല്യം ചെയ്തെന്നു വീട്ടമ്മ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഗത്യന്തരമില്ലാതെയാണ് ജീവനൊടുക്കുന്നതെന്നും മകനു കൈമാറാനായി എഴുതിയ കുറിപ്പിൽ പറയുന്നു. ജോസ് ഫ്രാങ്ക്ളിൻ രാത്രി വൈകി അമ്മയെ വിളിച്ചു ശല്യപ്പെടുത്താറുണ്ടെന്നു മകനും മകളും പൊലീസിനു മൊഴി നൽകിയിരുന്നു.
‘‘ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. ജോസ് ഫ്രാങ്ക്ളിന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്നാണു പറയുന്നത്. കടം തീര്‍ക്കാന്‍ ഒരു ലോണ്‍ ശരിയാക്കി തരാമെന്നു പറഞ്ഞ് കുറച്ച് ബില്ലുകള്‍ കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ബില്ല് കൊടുക്കാന്‍ ഓഫിസില്‍ പോയി. അപ്പോള്‍ എന്റെ കൈ പിടിച്ച് എന്നെ ഇഷ്ടമാണെന്നും കൂടെ നില്‍ക്കണമെന്നും, വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ആഴ്ചയിലൊരിക്കല്‍ എവിടെയെങ്കിലും കാണണമെന്നും പറഞ്ഞു.
എന്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ സ്പർശിച്ചു. ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ആവശ്യങ്ങള്‍ക്ക് പോയാല്‍ ഇങ്ങനെയാണ്. ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല. ഇനി എനിക്കു ജീവിക്കേണ്ട’’ – ആത്മഹത്യക്കുറിപ്പിൽ പറയുന്നു