മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കുടുംബത്തിലെ അഞ്ചുപേർ മരിച്ചു; നാലുവയസുകാരിക്കായി തിരച്ചില്‍ തുടരുന്നു

മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കുടുംബത്തിലെ അഞ്ചുപേർ മരിച്ചു; നാലുവയസുകാരിക്കായി തിരച്ചില്‍ തുടരുന്നു

അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ആണ് മരണം അഞ്ചായത്. മഹാരാഷ്ട്രയിലെ ലോണോവാലയിലെ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ കുടുംബത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. അവധിദിവസം ആഘോഷിക്കാന്‍ എത്തിയ പൂനെ സിറ്റിയിലെ സയ്യദ് നഗറിലെ ഏഴംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വര്‍ധിക്കുകയായിരുന്നു

കുടുംബം അപകടത്തില്‍പ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശക്തമായ ഒഴുക്കില്‍ ഒരു പാറയില്‍ നില്‍ക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. എന്നാല്‍ കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ എല്ലാവരും ഒഴുക്കില്‍പ്പെടുകയായിരുന്നു

കുടുംബത്തിലെ നാലു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഏഴംഗ കുടുംബം മുംബൈയിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിയാഘോഷത്തിനാണ് എത്തിയത്.

മേഖലയിൽ പുലർച്ചെ മുതൽ കനത്ത മഴയായിരുന്നു. തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് അപ്രതീക്ഷിതമായി കൂടി. ഇതോടെയാണ് കുടുംബം വെള്ളച്ചാട്ടത്തിന് നടുവിലെ പാറയില്‍ കുടുങ്ങിയത്. സഹായത്തിനായി ഇവര്‍ അലമുറയിട്ടെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ട് ആര്‍ക്കും അടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.