മധ്യപ്രദേശില്‍ മോഹൻ യാദവ് മുഖ്യമന്ത്രി

മധ്യപ്രദേശില്‍ മോഹൻ യാദവ് മുഖ്യമന്ത്രി

ഭോപാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. തെക്കൻ ഉജ്ജയിൻ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പിയില്‍ ധാരണയായി.

മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാൻ നിയോഗിക്കപ്പെട്ട നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പുതിയ നിയമസഭാംഗങ്ങളുടെ യോഗമാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. രാജേഷ് ശുക്ല, ജഗ്ദിശ് ദേവ്ഡ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും. കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ച്‌ നിയമസഭയിലെത്തിയ നരേന്ദ്ര തോമര്‍ നിയമസഭ സ്പീക്കറാകും.

2013 മുതല്‍ തെക്കൻ ഉജ്ജയിൻ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നയാളാണ് മോഹൻ യാദവ്. 2018ല്‍ രണ്ടാം തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയ അദ്ദേഹം ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ 2020 ജൂലൈ രണ്ടിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. ഇത്തവണ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ ചേതൻ പ്രേംനാരായണ്‍ യാദവിനെ തോല്‍പിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1965 മാര്‍ച്ച്‌ 25ന് ഉജ്ജയിനില്‍ ജനിച്ച മോഹൻ യാദവ് ബിസിനസുകാരൻ കൂടിയാണ്.