Exalogic : മാസപ്പടി അന്വേഷണം; ആലുവയിലെ സിഎംആർഎൽ ആസ്ഥാനത്ത് SFIO റെയ്ഡ്

Exalogic : മാസപ്പടി അന്വേഷണം; ആലുവയിലെ സിഎംആർഎൽ ആസ്ഥാനത്ത് SFIO റെയ്ഡ്

കൊച്ചി: ആലുവയിലെ സിഎംആര്‍എല്‍ ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) സംഘത്തിന്റെ റെയ്ഡ്. ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ഓഫീസിലെ ഉദ്യോഗസ്ഥര്‍ എത്തിയതിന് പിന്നാലെ റെയ്ഡ് ആരംഭിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും  പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടീ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.

മുൻകൂട്ടി അറിയിക്കാതെ എത്തിയ അന്വേഷണസംഘം കമ്പനി ജീവനക്കാരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന ആരംഭിച്ചത്.

എക്സാലോജിക്കിനെതിരെ നടക്കുന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (എസ്എഫ്ഐഒ) കൈമാറി. കോർപറേറ്റ് മന്ത്രാലയം കേസ് എസ്എഫ്ഐഒയ്ക്ക് കൈമാറി ദിവസങ്ങൾക്ക് മുമ്പാണ് ഉത്തരവിറങ്ങിയത്. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഉത്തരവിലെ നിര്‍ദേശം. എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉൾപ്പെടും. എക്സാലോജിക്ക്-സിഎംആർഎൽ ഇടപാട് അന്വേഷണവും എസ്എഫ്ഐഒയുടെ പരിധിയിൽ വരും.

കമ്പനീസ് ആക്ട് 212 എ ആൻഡ് സി ചട്ടം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം. ഇതാണ് എസ്എഫ്ഐഒയ്ക്ക് കൈമാറിയത്.