യുഎഇയിലെ താമസക്കാര്‍ക്ക് വിപിഎൻ ഉപയോഗിക്കാൻ അനുവാദം

യുഎഇയിലെ താമസക്കാര്‍ക്ക് വിപിഎൻ ഉപയോഗിക്കാൻ അനുവാദം

ദുബൈ: യുഎഇയിലെ താമസക്കാർക്ക് വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്കുകള്‍ (വിപിഎൻ) ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് യുഎഇ ഗവണ്‍മെൻ്റിൻ്റെ സൈബർ സുരക്ഷാ മേധാവി മുഹമ്മദ് അല്‍ കുവൈത്തി.

എന്നാല്‍ അതിൻ്റെ ദുരുപയോഗം നിയമവിരുദ്ധമാണെന്ന് രാജ്യത്തിൻ്റെ സൈബർ സുരക്ഷാ മേധാവി പറഞ്ഞു.

'ആളുകള്‍ വിപിഎൻ ഉപയോഗിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല, പക്ഷേ അത് മോശമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് പ്രശ്‌നം' - മുഹമ്മദ് അല്‍ കുവൈത്തി വ്യക്തമാക്കി.

അറ്റ്‌ലസ് വിപിഎൻ പുറത്തിറക്കിയ ഗ്ലോബല്‍ വിപിഎൻ അഡോപ്‌ഷൻ ഇൻഡക്‌സിൻ്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്‌, കഴിഞ്ഞ നാല് വർഷത്തിനിടയില്‍ യുഎഇ 2023-ല്‍ ഏറ്റവും ഉയർന്ന വിപിഎൻ ആപ്ലിക്കേഷൻ ഡൗണ്‍ലോഡുകള്‍ രേഖപ്പെടുത്തിയിരുന്നു.

കിംവദന്തികള്‍ക്കും സൈബർ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പോരാടുന്ന 2021 ലെ യുഎഇ ഡിക്രി നിയമ നമ്ബർ (34) പ്രകാരം, നിയമവിരുദ്ധമായ മാർഗങ്ങള്‍ക്കായി വിപിഎൻ ഉപയോഗിക്കുന്നത് ഗുരുതരമായി കുറ്റകൃത്യമാണ്. കുറ്റകൃത്യം ചെയ്യുന്നതും അല്ലെങ്കില്‍ വെബ്‌സൈറ്റുകള്‍/കോളിംഗ് ആപ്ലിക്കേഷനുകള്‍ / ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ എന്നിവയിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് IP വിലാസം മറയ്ക്കുന്നതും ഗുരുതരമായ കുറ്റമാണ്. നിയമം ലംഘിക്കുകയും വിപിഎൻ ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന യുഎഇ നിവാസികള്‍ക്ക് 500,000 ദിർഹം മുതല്‍ 2 ദശലക്ഷം ദിർഹം വരെ തടവും പിഴയും ലഭിക്കും.

വാട്ട്‌സ്‌ആപ്പ്, സ്കൈപ്പ്, ഫേസ്‌ടൈം, ഡിസ്‌കോർഡ്, ഐഎംഒ, ഡേറ്റിംഗ് ആപ്പുകള്‍ എന്നിവയിലൂടെ ഓഡിയോ-വീഡിയോ കോളുകള്‍ ചെയ്യാൻ യുഎഇയിലും മറ്റ് ഗള്‍ഫ് നിവാസികള്‍ക്കിടയിലും വിപിഎൻ ഉപയോഗിക്കുന്നത് സാധാരണമാണെന്ന് നോർഡ് സെക്യൂരിറ്റി പറഞ്ഞു.