ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്‌റ്റിലായ പ്രതി ഡോ.റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റുവൈസിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്‌തതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാല്‍ വിവാഹം മുടങ്ങിയതോടെ ഇതിന്റെ മനോവിഷമത്തിലാണ് ഡോക്‌ടറായ ഷഹന ആത്മഹത്യ ചെയ്‌തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആത്മഹത്യാക്കുറിപ്പില്‍ റുവൈസിന്റെ പങ്ക് വ്യക്തമായിരുന്നു. മരിക്കും മുൻപ്‌ റുവൈസിന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഷഹ്‌ന സന്ദേശമയച്ചുവെങ്കിലും അയാള്‍ പ്രതികരിച്ചില്ലെന്നും, പകരം ബ്ലോക്ക് ചെയ്‌തുവെന്നുമായിരുന്നു പോലീസ് പറഞ്ഞത്.

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ഷഹനയെ കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് മെഡിക്കല്‍ കോളജിന് സമീപത്തെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അവരുടെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കളാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഉള്‍പ്പെടെ വെളിപ്പെടുത്തി പോലീസിന് മൊഴി നല്‍കിയിരുന്നു.

ഷഹാന റുവൈസുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ വിവാഹത്തിനായി റുവൈസും അദ്ദേഹത്തിന്റെ കുടുംബവും വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ട  മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കളുടെ മൊഴിയില്‍ പറയുന്നത്. ഇതിനെ ശരിവയ്ക്കുന്ന ആത്മഹത്യാ കുറിപ്പും പോലീസിന് കിട്ടിയിട്ടുണ്ട്.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ റുവൈസിന്റെ പിതാവ് ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. റുവൈസിന്റെ പിതാവായ അബ്‌ദുള്‍ റഷീദാണ് കൂടുതല്‍ സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയതെന്ന കാര്യം കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു.