പ്രശസ്ത സാഹിത്യകാരി പി. വത്സല വിടവാങ്ങി

പ്രശസ്ത  സാഹിത്യകാരി   പി. വത്സല വിടവാങ്ങി

സാഹിത്യകാരി പി. വത്സല (85)അന്തരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വയനാട്ടിലെ വനവാസികളുടെ ജീവിതത്തെ അടുത്തറിഞ്ഞ് അതിനെപ്പറ്റി മറവുകളില്ലാതെ തുറന്നെഴുതാൻ ശ്രമിച്ച എഴുത്തുകാരിയായിരുന്നു തിരുനെല്ലിയുടെ കഥാകാരി എന്നറിയപ്പെട്ടിരുന്ന പി. വത്സല. 

1960 കാലഘട്ടം മുതല്‍ തന്നെ വത്സല മലയാള സാഹിത്യ രംഗത്ത് സജീവമായിരുന്നു.

കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായി 1993ല്‍ വിരമിച്ചു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. വയനാട്ടിലെ ആദിവാസി ജീവിതത്തെ മുന്‍നിര്‍ത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് സാഹിത്യലോകത്ത് ശ്രദ്ധേയയായത്. നിഴലുറങ്ങുന്ന വഴികള്‍, നെല്ല്, ആഗ്‌നേയം, അരക്കില്ലം, ഗൗതമന്‍, പാളയം, ചാവേര്‍, കൂമന്‍കൊല്ലി, നമ്പറുകള്‍, വിലാപം, പഴയപുതിയ നഗരം, ആനവേട്ടക്കാരന്‍, അനുപമയുടെ കാവല്‍ക്കാരന്‍, ഉണിക്കോരന്‍ ചതോപാധ്യായ, ഉച്ചയുടെ നിഴല്‍, കറുത്ത മഴപെയ്യുന്ന താഴ്വര, തകര്‍ച്ച എന്നിവയാണ് പ്രധാനകൃതികള്‍. നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിനായിരുന്നു സാഹിത്യ അക്കാദമി അവാര്‍ഡ്.

1938ല്‍ ഏപ്രില്‍ നാലിന് കാനങ്ങോട്ട് ചന്തുവിന്റെയും പത്മാതിയുടെയും മകളായി കോഴിക്കോട്ടാണ് പി വത്സലയുടെ ജനനം.